27 July Saturday

മൊറാഴയുടെ ചുവപ്പ്‌-സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി അഭിമുഖം...

വി ബി പരമേശ്വരൻUpdated: Saturday Oct 8, 2022

എം വി ഗോവിന്ദൻ - ഫോട്ടോ: പ്രസൂൺ കിരൺ

സ്‌കൂളിലേക്ക്‌ പോകുമ്പോഴും തിരിച്ചുവരുമ്പോഴും പാർടി ഏരിയാകമ്മിറ്റി ഓഫീസിൽ കയറുന്നത്‌ പതിവായിരുന്നു. അധ്യാപകനായി ജോലി നോക്കുമ്പോഴും പാർടിയുമായി നല്ല ബന്ധമുണ്ടായിരുന്നു. 1970 കളുടെ ആദ്യത്തിലാണ്‌ പാർടി അംഗമാവുന്നത്‌ ‐ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനുമായി ദേശാഭിമാനി റെസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ നടത്തിയ അഭിമുഖം...

പോരാളികളുടെ മണ്ണാണ്‌ കണ്ണൂരിലെ മൊറാഴ. സാമ്രാജ്യത്വം ചൂണ്ടിയ നിറതോക്കിനും ബയണറ്റിനും കഴുമരത്തിനും കീഴ്‌പ്പെടാത്ത കമ്യൂണിസ്റ്റ്‌ ധീരരുടെ ഗ്രാമം. അനീതികൾക്കും അസമത്വത്തിനും കൊടിയ ചൂഷണങ്ങൾക്കുമെതിരെ ചെങ്കൊടിയേന്തി പടനയിച്ചവരുടെ മണ്ണ്‌.

ആ ചരിത്രദൗത്യത്തിന്റെ മുദ്രകളാണ്‌ മൊറാഴയുടെ ഹൃദയത്തിലെ മായാച്ചുവപ്പ്‌. ആരെയും ഭയക്കാതെ, നിലപാടുതറകളിൽ നെഞ്ചുയർത്തിനിന്ന്‌ അവർ ഹൃദയപക്ഷ രാഷ്‌ട്രീയം പറയും. മൊറാഴയുടെ നാട്ടിടവഴിയിലൂടെയാണ്‌ എം വി ഗോവിന്ദനെന്ന ജനകീയ നേതാവിന്റെ സഞ്ചാരം.

എം വി ഗോവിന്ദൻ ഒരു പ്രകടനത്തിന്റെ മുൻ നിരയിൽ (ഫയൽ ചിത്രം)

എം വി ഗോവിന്ദൻ ഒരു പ്രകടനത്തിന്റെ മുൻ നിരയിൽ (ഫയൽ ചിത്രം)

ആ ചുവന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന അദ്ദേഹം, തന്റെ രാഷ്‌ട്രീയ ജീവിതം രൂപപ്പെട്ടതെങ്ങനെയെന്ന്‌ ഓർത്തെടുക്കുന്നു...

? എം വി ഗോവിന്ദൻ എന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തുന്നതിൽ മൊറാഴക്ക്‌ വലിയ പങ്കാണുള്ളതെന്ന്‌ മാഷ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ജനിച്ച ഗ്രാമത്തിന്‌ എന്താണ്‌ ഇത്രമാത്രം സ്വാധീനിക്കാനുള്ളത്‌.

എം വി ജി: മൊറാഴയെ അടർത്തി മാറ്റി എം വി ഗോവിന്ദൻ എന്ന രാഷ്ട്രീയക്കാരനെ വിലയിരുത്താനാവില്ല എന്നത്‌ ശരിയാണ്‌.

കാരണം ഇന്നുകാണുന്ന മൊറാഴയും ആന്തൂരും (ഇപ്പോഴത്തെ ആന്തൂർ മുനിസിപ്പാലിറ്റി പ്രദേശം)  ഉൾപ്പെടുന്ന ആന്തൂർ പഞ്ചായത്തിൽ സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പും ഉണ്ടായിട്ടുള്ള രാഷ്ട്രീയ ചലനങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌.

മൊറാഴ ഉൾപ്പെട്ട മലബാർ ബ്രിട്ടീഷ്‌ ഭരണത്തിൻ കീഴിലായിരുന്നുവല്ലോ.

സ്വാഭാവികമായും 1940 കളിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ പ്രവർത്തനം മൊറാഴയിലും ആരംഭിച്ചു. രണ്ടാം ലോകയുദ്ധം ആരംഭിച്ച ഘട്ടമായിരുന്നു അത്‌.

ഇന്ത്യയുടെ സമ്മതമില്ലാതെ ബ്രിട്ടീഷുകാർ ഇന്ത്യയെ യുദ്ധത്തിൽ പങ്കുചേർത്തതിനെതിരെ ജനരോഷം ഉയർന്നു.

വ്യക്തി സത്യാഗ്രഹമെന്ന പ്രതീകാത്മക പ്രതിഷേധത്തിനാണ്‌ ഗാന്ധിജി ആഹ്വാനം ചെയ്‌തതെങ്കിൽ  കമ്യൂണിസ്റ്റുകാർ ശക്തമായ പ്രതിഷേധത്തിനാണ്‌ ആഹ്വാനം ചെയ്‌തത്‌.

ഇടതുപക്ഷത്തിന്‌ ഭൂരിപക്ഷമുള്ള കെപിസിസി 1940 സെപ്‌തംബർ 15 ന്‌ മലബാറിലാകമാനം മർദന പ്രതിഷേധദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്‌തു. തലശ്ശേരി കടപ്പുറത്ത്‌ സഖാക്കൾ അബുവും, ചാത്തുക്കുട്ടിയും രക്തസാക്ഷികളായി.

മൊറാഴയിൽ കുട്ടികൃഷ്‌ണമേനോൻ എന്ന മർദകവീരനായ പൊലീസ്‌ സബ്‌ ഇൻസ്‌പെക്ടറും ഗോപാലൻ നായർ എന്ന പൊലീസ്‌ കോൺസ്‌റ്റബിളും ഏറ്റുമുട്ടലിൽ മൃതിയടഞ്ഞു.

എം വി ഗോവിന്ദൻ-ഫോട്ടോ: ജി പ്രമോദ്‌

എം വി ഗോവിന്ദൻ-ഫോട്ടോ: ജി പ്രമോദ്‌

മട്ടന്നൂരിലും ഒരു പൊലീസുകാരൻ മരിച്ചു. ഈ സംഭവം ജനകീയ മുന്നേറ്റങ്ങൾ അടിച്ചമർത്താനായുള്ള നല്ല അവസരമായി വിനിയോഗിക്കാൻ ബ്രിട്ടീഷ്‌ പൊലീസ്‌ തീരുമാനിച്ചു.

മലബാറിലെ കമ്യൂണിസ്റ്റ്‌ ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ ക്രൂരമായ പൊലീസ്‌ നരനായാട്ട്‌ അരങ്ങേറി. സ്വാഭാവികമായും മൊറാഴയിലും ആന്തൂരിലും കല്ല്യാശ്ശേരിയിലും പാപ്പിനിശ്ശേരിയിലും ചെറുകുന്നിലും കണ്ണപുരത്തും എല്ലാ വീടുകളിലും പൊലീസ്‌ എത്തി.

കമ്യൂണിസ്റ്റ്‌ ആശയപ്രചാരണ കേന്ദ്രങ്ങളായ വായനശാലകൾ, സ്‌കൂളുകൾ എന്നിവയെല്ലാം അടിച്ചുതകർക്കപ്പെട്ടു.

നാട്ടിൽ സമാധാനാന്തരീക്ഷം ഇല്ലാതായി. ഈ സാമ്രാജ്യത്വ പീഡനമാണ്‌ യഥാർഥത്തിൽ മൊറാഴയെ ചുവപ്പിച്ചത്‌.

? 1940 സെപ്‌തംബർ 15 ന്‌ മൊറാഴയിൽ യഥാർഥത്തിൽ എന്താണ്‌ സംഭവിച്ചത്‌.

= അന്നേദിവസം പ്രതിഷേധയോഗം നിശ്ചയിച്ചിരുന്നത്‌ കീച്ചേരിയിലായിരുന്നു. വളപട്ടണം പൊലീസ്‌ സ്‌റ്റേഷൻ അതിർത്തിയിൽപ്പെട്ട പ്രദേശമായിരുന്നു ഇത്‌.

മൊറാഴ തളിപ്പറമ്പ്‌ പൊലീസ്‌ സ്‌റ്റേഷൻ അതിർത്തിയിലും. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിൽ വിദഗ്‌ധനായിരുന്നു കുട്ടികൃഷ്‌ണമേനോൻ.

അതിനാലാണ്‌ പാലക്കാടുനിന്നും ജനകീയ സമരങ്ങളുടെ കേന്ദ്രമായ ചിറയ്‌ക്കൽ താലൂക്കിലുൾപ്പെട്ട വളപട്ടണം പൊലീസ്‌ സ്േറ്റഷന്റെ പ്രത്യേക ചുമതലക്കാരനായി കുട്ടികൃഷ്‌ണ മേനോൻ എത്തുന്നത്‌.

ആറോൺ മിൽ സമരം ഉൾപ്പെടെ നടന്ന സമയമായിരുന്നു അത്‌. അതുകൊണ്ടുതന്നെ കീച്ചേരിയിലെ പ്രതിഷേധ യോഗത്തെ നേരിടാൻ കുട്ടികൃഷ്‌ണമേനോൻ വൻപദ്ധതികൾ ആവിഷ്‌കരിച്ചു.

പി ജയരാജൻ, പി കെ ശ്രീമതി, കെ കെ രാഗേഷ്‌ തുടങ്ങിയവർക്കൊപ്പം

പി ജയരാജൻ, പി കെ ശ്രീമതി, കെ കെ രാഗേഷ്‌ തുടങ്ങിയവർക്കൊപ്പം

കോടതിയിൽ പോയി നിരോധന ഉത്തരവ്‌ സമ്പാദിച്ചാണ്‌ കുട്ടികൃഷ്‌ണമേനോനും പൊലീസ്‌ സംഘവും കീച്ചേരിയിലെത്തിയത്‌.

ഇതോടെ കീച്ചേരിയിൽ പൊതുയോഗം നടത്താൻ കഴിയില്ലെന്ന്‌ വ്യക്തമായി.

വിഷ്‌ണു ഭാരതീയൻ ഉൾപ്പെടെയുള്ള സംഘാടകർ ഒളിവിലുള്ള നേതൃത്വവുമായി ബന്ധപ്പെട്ടാണ്‌ പൊതുയോഗസ്ഥലം മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌.

ഒന്നുരണ്ട്‌ കടകൾ മാത്രമുള്ള ചെറിയൊരു കവലയായിരുന്നു അന്ന്‌ അഞ്ചാംപീടിക. സഖാക്കൾ ചെങ്കൊടി കൈയിലേന്തി ചെറുപ്രകടനങ്ങളായി അഞ്ചാംപീടികയിലേക്ക്‌ നീങ്ങി.

ക്ഷുഭിതനായ കുട്ടികൃഷ്‌ണമേനോൻ എന്തുവിലകൊടുത്തും ഈ പൊതുയോഗം തടയുമെന്ന വാശിയിലായിരുന്നു.

അതിനാൽ അദ്ദേഹം തളിപ്പറമ്പ്‌ പൊലീസ്‌ സ്‌റ്റേഷനിലെ പൊലീസുകാരുമായി അഞ്ചാംപീടികയിലുമെത്തി.

ആവശ്യമെങ്കിൽ വെടിവെപ്പിന് ഉത്തരവ്‌ നൽകാൻ ആർഡിഒയെയും കൂട്ടിയായായിരുന്നു കുട്ടികൃഷ്‌ണമേനോന്റെ വരവ്‌. പൊതുയോഗം നിർത്തിവെക്കാൻ കുട്ടികൃഷ്‌ണമേനോൻ സംഘാടകരോട്‌ ആവശ്യപ്പെട്ടു.

‘യോഗത്തിന്റെ അജൻഡ പൂർത്തിയായാൽ യോഗം പിരിച്ചുവിടുമെന്നായിരുന്നു’ അധ്യക്ഷനായ വിഷ്‌ണു ഭാരതീയന്റെ ഉത്തരം.

പൊലീസും സംഘാടകരും തമ്മിൽ കശപിശ നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ കയരളം–കണ്ടക്കൈ ഭാഗത്തുനിന്നും അറാക്കൽ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഒരു വലിയ ജാഥ പൊതുയോഗ സ്ഥലത്തേക്ക്‌ എത്തിയത്‌.

ഇതോടെ പൊലീസ്‌ ലാത്തിച്ചാർജ്‌ ആരംഭിച്ചു.

അറാക്കൽ കുഞ്ഞിരാമൻ സ്‌റ്റേജിൽ കയറി ആരും പിരിഞ്ഞുപോകരുതെന്ന്‌ ആഹ്വാനം ചെയ്‌തു. ജനം അത്‌ അക്ഷരാർഥത്തിൽ ഉൾക്കൊണ്ടു. ആരും പിരിഞ്ഞുപോയില്ല.

ഈ ഘട്ടത്തിലാണ്‌ വെടിവെപ്പ്‌ ആരംഭിക്കുന്നത്‌. സഖാവ്‌ നുറമ്പിനും കുഞ്ഞിരാമൻ വൈദ്യർക്കും വെടിയേറ്റു. ജനങ്ങൾ രോഷാകുലരായി.

കെപിആർ ഗോപാലൻ

കെപിആർ ഗോപാലൻ

ഏറ്റുമുട്ടലിൽ കുട്ടികൃഷ്‌ണമേനോനും ഗോപാലൻനായരും മരിച്ചു. 38 പേരെ പ്രതിചേർത്ത്‌ കുട്ടികൃഷ്‌ണമേനോൻ കൊലപാതകക്കേസ്‌ രജിസ്‌റ്റർ ചെയ്‌തു.

ഇവരെ അറസ്‌റ്റുചെയ്യാനെന്ന പേരിലാണ്‌ കമ്യൂണിസ്റ്റ്‌ സ്വാധീനമുള്ള ഗ്രാമങ്ങളിൽ റെയ്‌ഡും പൊലീസ്‌ ആക്രമങ്ങളും നടന്നത്‌. മൊറാഴയും അതിലുൾപ്പെട്ടു.

ഈ സംഭവത്തെത്തുടർന്ന്‌ കെപിസിസി പിരിച്ചുവിട്ടു. 38 പ്രതികളിൽ കെപിആർ ഗോപാലൻ ഉൾപ്പെടെ ഭൂരിപക്ഷം പ്രതികളെയും അറസ്റ്റുചെയ്‌തു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അഭൂതപൂർവമായ കേസുകളിലൊന്നാണ്‌ മൊറാഴകേസ്‌.

സെഷൻസ്‌ കോടതി കെപിആറിന്‌ ഏഴുവർഷം കഠിനതടവാണ്‌ വിധിച്ചതെങ്കിൽ മദ്രാസ്‌ ഹൈക്കോടതി അത്‌ വധശിക്ഷയായി ഉയർത്തി.കെ പി ആറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ വൻ ജനകീയപ്രക്ഷോഭം ഉയർന്നു. അവസാനം ഗാന്ധിജിയും നെഹ്‌റുവും വി വി ഗിരിയും ഇടപെട്ടു. ശിക്ഷ ജീവപര്യന്തം തടവായി ഇളവുചെയ്‌തു.

ഗാന്ധിജി

ഗാന്ധിജി

1948 ലെ കൽക്കട്ട തിസീസിന്റെ പേരിൽ കമ്യൂണിസ്റ്റ്‌ പാർടി നിരോധിക്കപ്പെട്ടപ്പോഴും മൊറാഴയിൽ പൊലീസ്‌ നരനായാട്ടുനടന്നു.

ഈ സംഭവങ്ങൾ മൊറാഴയിലെ ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. രാഷ്ട്രീയമായി വളർന്ന ഈ മൊറാഴയിലാണ്‌ എന്റെ ജനനം.

? ജനനം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച്‌...

ഒരു സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിൽ 1953 ഏപ്രിൽ 23 നാണ്‌ ഞാൻ ജനിച്ചത്‌. അച്ഛൻ കെ കുഞ്ഞമ്പു (ജീവിച്ചിരിപ്പില്ല) മരം ഈരുന്ന തൊഴിലാണ്‌ പ്രധാനമായും ചെയ്‌തിരുന്നത്‌.

കർഷക തൊഴിലാളിയായും പ്രവർത്തിച്ചു. കോടല്ലൂരായിരുന്നു അച്ഛന്റെ വീട്‌. (ആന്തൂർ വില്ലേജിൽ പറശ്ശിനിക്കടവിനടുത്ത പ്രദേശം).

അമ്മയാണ്‌ മൊറാഴക്കാരി. എം വി മാധവി (ജിവിച്ചിരിപ്പില്ല). അമ്മ അവസാനം വരെയും കർഷകത്തൊഴിലാളിയായാണ്‌ ജീവിച്ചത്‌.

എം വി ഗോവിന്ദന്റെ അച്ഛൻ കെ കുഞ്ഞമ്പുവും അമ്മ എം വി മാധവിയും

എം വി ഗോവിന്ദന്റെ അച്ഛൻ കെ കുഞ്ഞമ്പുവും അമ്മ എം വി മാധവിയും

ഡിവൈഎഫ്‌ഐ നേതാവായിരിക്കെ ഒരു ദിവസം സുനിത്‌ ചോപ്ര ഒരു പരിപാടിക്കായി നാട്ടിൽ വന്നു. അദ്ദേഹത്തെയും കൂട്ടി കാറിൽ ഞാൻ പരിപാടിയുള്ള സ്ഥലത്തേക്ക്‌ പറശ്ശിനിക്കടവ്‌ വഴി പോകുകയായിരുന്നു.

അപ്പോൾ അമ്മ റോഡുപണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഞാൻ കാർ നിർത്തി സുനിത്‌ ചോപ്രക്ക്‌ അമ്മയെ പരിചയപ്പെടുത്തിക്കൊടുത്തു.

സുനിത്‌ ചോപ്രക്ക്‌ അത്‌ വിശ്വസിക്കാനായിരുന്നില്ല.അഞ്ച്‌ സഹോദരങ്ങളുണ്ട്‌.

കമല, ശോഭ, കോമളം, അനിത, ശ്രീധരൻ (ഇപ്പോൾ ജീവിച്ചിരിപ്പില്ല) എന്നിവരാണവർ. ഇവരെല്ലാം കോടല്ലൂരിലാണ്‌ വളർന്നത്‌. ഞാൻ മാത്രം മൊറാഴയിലും.

സുനിത്‌ ചോപ്ര

സുനിത്‌ ചോപ്ര

അച്ഛമ്മ (മുത്തശ്ശി) കല്യാണിയുടെയും അമ്മാവൻ എം വി രാഘവന്റെയും കൂടെയായിരുന്നു മൊറാഴയിലെ താമസം. അമ്മാവൻ അന്നേ പാർടി അംഗമായിരുന്നു.

സിപിഐ എം രൂപംകൊണ്ട വർഷം മുതൽ അദ്ദേഹം പാർടി അംഗമാണ്‌.

ഇപ്പോഴും എന്റെ വീട്‌ ഉൾക്കൊള്ളുന്ന മൊറാഴ സെൻട്രൽ ബ്രാഞ്ചിൽ പാർടി അംഗമായി തുടരുന്നു. വീടിനടുത്തുതന്നെയുള്ള മൊറാഴ സെൻട്രൽ യുപി സ്‌കൂളിലായിരുന്നു ഏഴാംക്ലാസ്‌ വരെയുള്ള പഠനം.

അതിനുശേഷം പത്താംക്ലാസ്‌ വരെ കല്ല്യാശ്ശേരി  ഹൈസ്‌കൂളിൽ പഠിച്ചു. രണ്ടുകിലോമീറ്ററിലധികം നടന്നുവേണം കല്ല്യാശ്ശേരി സ്‌കൂളിലെത്താൻ.

സ്‌കൂളിലേക്കും തിരിച്ചുമുള്ള നടത്തം. രാവിലെ 10 മണി മുതൽ വൈകിട്ട്‌ നാലുവരെയാണ്‌ സ്‌കൂൾ. രാവിലെ പ്രാതൽ കഴിച്ച്‌ സ്‌കൂളിലേക്കുപോയാൽ പിന്നീട്‌ ഭക്ഷണം കഴിക്കുന്നത്‌ വൈകിട്ട്‌ വീട്ടിലെത്തിയിട്ട്‌ മാത്രം.

ഉച്ചക്ക്‌ പച്ചവെള്ളം കുടിച്ച്‌ വയർ നിറച്ചു. പത്താം ക്ലാസ്‌ പാസ്സായതോടെ കോഴിക്കോടുള്ള ഗവൺമെന്റ്‌ ഫിസിക്കൽ എജ്യുക്കേഷൻ കോേളജിൽ ചേർന്നു.

മെറിറ്റിൽ രണ്ടാമനായാണ്‌ അഡ്‌മിഷൻ ലഭിച്ചത്‌. ഡിസ്റ്റിങ്ഷനോടെയാണ്‌ പാസ്സായത്‌. പഠനത്തിനു ശേഷം പത്തൊമ്പതാം വയസ്സിൽ പരിയാരത്തിനടുത്തുള്ള ഇരിങ്ങൽ യുപി സ്‌കൂളിൽ കായികാധ്യാപകനായി ചേരുകയും ചെയ്‌തു. 75 രൂപയാണ്‌ ശമ്പളം എന്നാണ്‌ ഓർമ.

? കായികാധ്യാപകവൃത്തി തെരഞ്ഞെടുക്കാനുള്ള കാരണം.

= ചെറുപ്പത്തിലേ സ്‌പോർട്‌സിനോട്‌ നല്ല താല്പര്യമായിരുന്നു. ഫുട്‌ബോളിനോട്‌ വലിയ കമ്പമായിരുന്നു. സമീപത്തുള്ള സെവൻസ്‌ ഫുട്‌ബോൾ പോലുള്ള എല്ലാ മത്സരങ്ങളും കാണാൻ പോകുമായിരുന്നു.

സംസ്ഥാനതല, ദേശീയ, അന്തർദേശീയ മത്സരങ്ങളുടെ കമന്ററി റേഡിയോവിൽ കേൾക്കുക ഹരമായിരുന്ന കാലം.

എം വി ഗോവിന്ദൻ-ഫോട്ടോ: മിഥുൻ അനില മിത്രൻ

എം വി ഗോവിന്ദൻ-ഫോട്ടോ: മിഥുൻ അനില മിത്രൻ

ടെലിവിഷൻ വന്നതോടെ ലോക ഫുട്‌ബോൾ ഉൾപ്പെടെ ഉറക്കമിളച്ച്‌ ഇരുന്നാലും കാണാമെന്നായി. ആ കമ്പം ഇപ്പോഴും തുടരുന്നു. ലോങ്ജമ്പ്‌, ഹൈജമ്പ്‌ എന്നിവയും ഇഷ്ടമായിരുന്നു.

കല്ല്യാശ്ശേരി ഹൈസ്‌കൂളിൽ പഠിക്കുമ്പോഴും ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ  പഠിക്കുമ്പോഴും ലോങ്ജമ്പിലും മറ്റും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌.

ഒരുവേള സംസ്ഥാന തല മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്‌തു. ഈ താല്പര്യത്തിന്റെ തുടർച്ചയായി അധ്യാപനവൃത്തിയെ കണ്ടാൽ മതി. എന്നാൽ രാഷ്ട്രീയത്തോടുള്ള താല്പര്യം അന്നും തുടർന്നിരുന്നു.

കോഴിക്കോട്‌ പഠനകാലത്ത്‌ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരധ്യാപകൻ ഉണ്ടായിരുന്നു. ഈശോ സാർ.  ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിന്റെ പ്രിൻസിപ്പലായിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ്‌.  ഈശോ സാർ സ്വഭാവത്തിൽ വെരിഗുഡ്‌ സർട്ടിഫിക്കറ്റായിരുന്നു എനിക്കുതന്നത്‌.

അത്‌ നൽകുമ്പോൾ ഈശോ സാറ്‌ പറഞ്ഞു, ‘ഞാൻ ആദ്യമായാണ്‌ ഈ സ്ഥാപനത്തിലെ ഒരു കുട്ടിക്ക്‌ വെരി ഗുഡ്‌ എന്നെഴുതിയ സർട്ടിഫിക്കറ്റ്‌ നൽകുന്നതെന്ന്‌’.

അതൈന്ന വല്ലാതെ സ്വാധീനിച്ച സംഭവമായിരുന്നു. അതുപോലെ തന്നെ ശാരദ ടീച്ചറും പഠനകാലത്ത്‌ ഏറെ സഹായവും പ്രചോദനവും നൽകിയിരുന്നു. അവർ കണ്ണൂർക്കാരിയായിരുന്നു

? കായികമേഖലയിൽ തല്പരനായ എം വി ഗോവിന്ദൻ എങ്ങനെയാണ്‌ കമ്യൂണിസ്റ്റ്‌ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക്‌ ആകൃഷ്‌ടനാകുന്നത്‌.

= ഞാൻ പറഞ്ഞല്ലോ പാർടിക്കാരനായ അമ്മാവന്റെ വീട്ടിലാണ്‌ താമസിച്ചിരുന്നതെന്ന്‌. ഈ വീട്ടിലാണ്‌ അന്ന്‌ മൊറാഴ  സെൻട്രൽ ഭാഗത്തെ പാർടിയുടെയും ബഹുജനസംഘടനകളുടെയും മറ്റും പ്രധാന യോഗങ്ങൾ നടക്കുക.

പ്രഭാതഭേരിക്കുവേണ്ടിയുള്ള തലേദിവസം മുതലുളള ഒത്തുകൂടലും വീട്ടിൽ തന്നെയായിരുന്നു. കമ്യൂണിസത്തിന്റെ ബാലപാഠങ്ങളായിരുന്നു ഈ ഒത്തുചേരലിൽ നിന്ന്‌ ലഭിച്ചത്‌.

അന്ന്‌ മൊറാഴയിലെ പ്രധാന സിപിഐ എം നേതാക്കൾ പാച്ചേനി കുഞ്ഞിരാമനും സി എച്ച്‌ നാരായണൻ നമ്പ്യാരുമാണ്‌ (സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തളിപ്പറമ്പ്‌ എംഎൽഎയുമായിരുന്നു പാച്ചേനി.

സിപിഐ എം തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി അംഗവും ആന്തൂർ പഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്നു സി എച്ച്‌).

കറ കളഞ്ഞ കമ്യൂണിസ്റ്റ്‌ നേതാക്കളായിരുന്നു ഇരുവരും. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന്‌ ഞാൻ പഠിച്ചത്‌ ഇവരിൽ നിന്നാണെന്ന്‌ പറയാം.

പ്രാദേശിക നേതാക്കളായ പി ഐ വി ചാത്തുക്കുട്ടി മാസ്‌റ്റർ, മൈക്കീൽ കുഞ്ഞിക്കണ്ണൻ വൈദ്യർ എന്നിവരുടെ പ്രവർത്തനവും ഞാൻ അടുത്തുനിന്നും വീക്ഷിക്കുകയുണ്ടായി.

കെ കെ എൻ പരിയാരം, ടി വി കെ നമ്പ്യാർ എന്നിവരുടെ ജീവിതവും അടുത്തറിഞ്ഞിട്ടുണ്ട്‌.

ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം ലളിതവും ദീനാനുകമ്പയുള്ളതും അഴിമതിരഹിതവും നിസ്വാർഥവും ആയിരിക്കുന്നതോടൊപ്പം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതുമായിരിക്കണം എന്ന്‌ അവരിൽ നിന്നാണ്‌ ഞാൻ പഠിച്ചത്‌.

അച്ചടക്കമുള്ള ജീവിതം ശീലിച്ചതും ഈ കാലഘട്ടത്തിൽ തന്നെ. സമയകൃത്യത ജീവിതത്തിന്റെ ഭാഗമാണ്‌.

വ്യായാമവും അതുപോലെ തന്നെ. ഇപ്പോഴും രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്യും. കണ്ണൂരിൽ പാർടിയുടെ റെഡ്‌ വളണ്ടിയർ ക്യാപ്‌റ്റനായി പ്രവർത്തിച്ചതും ഇതിന്റെ തുടർച്ചയെന്നോണമാണ്‌.

സ്കൂളിൽ പഠിക്കുമ്പോൾ എൻസിസിയിലും അംഗമായിരുന്നു.

കരിവെള്ളൂർ മുരളി

കരിവെള്ളൂർ മുരളി

?മാഷ്‌   സിപിഐ‐എമ്മിലെത്തിയത്‌ ബാലസംഘത്തിലൂടെയും യുവജനപ്രസ്ഥാനത്തിലൂടെയുമാണല്ലോ. അതെങ്ങനെയായിരുന്നു എന്ന്‌ വിശദീകരിക്കാമോ.

= മൊറാഴ യുപി സ്‌കൂളിൽ പഠിക്കുമ്പോഴാണ്‌ ദേശാഭിമാനി ബാലസംഘത്തിന്‌ ചില കൂട്ടുകാരുമൊത്ത്‌ രൂപം കൊടുക്കുന്നത്‌.

നേരത്തെ പരാമർശിച്ച പി ഐ വി ചാത്തുക്കുട്ടി മാസ്റ്ററുടെ മകൻ സുധാകരൻ, എം ഇ കെ ഗോപാലൻ, പി വി ഗംഗാധരൻ തുടങ്ങിയവരായിരുന്നു ഈ ബാലസംഘം രൂപീകരിക്കുന്നതിൽ എന്റെ കൂടെനിന്നത്‌.

മൊറാഴ ബാലസംഘം എന്നായിരുന്നു ഇതിന്റെ പേര്‌. അന്ന്‌ കണ്ണൂരിൽ പലയിടത്തും സമാനമായ ബാലസംഘങ്ങൾ രൂപംകൊണ്ടിരുന്നു. കരിവെള്ളൂർ, എരിപുരം, അഴീക്കോട്‌ എന്നിവിടങ്ങളിലായിരുന്നു അത്‌.

കരിവള്ളൂരിൽ ബാലസംഘത്തിന്റെ പ്രധാന സംഘാടകൻ ഇന്ന്‌ പ്രസിദ്ധകവിയായ കരിവെള്ളൂർ മുരളിയായിരുന്നു.

എരിപുരത്തേത്‌ എൻ പ്രഭാകരനും (പ്രസിദ്ധ കഥാകൃത്ത്‌). എൻ പി എരിപുരം എന്നായിരുന്നു c അറിയപ്പെട്ടതു

എൻ പ്രഭാകരൻ

എൻ പ്രഭാകരൻ

തന്നെ. അഴീക്കോട്‌ ചെറിയത്ത്‌ ചന്ദ്രനും. ഈ ബാലസംഘങ്ങളുമായി നല്ല ബന്ധം പുലർത്താൻ അന്ന്‌ ശ്രമിച്ചിരുന്നു.

ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമൊന്നുമായിരുന്നില്ല ഈ ബാലസംഘങ്ങൾ രൂപം കൊണ്ടത്‌. അന്ന്‌ ദേശാഭിമാനി വാരികയിൽ എം എൻ കുറുപ്പ്‌ കുട്ടികളുടെ ഒരു പംക്തി കൈകാര്യം ചെയ്‌തിരുന്നു. ഇതാണ്‌ ബാലസംഘം രൂപീകരിക്കുന്നതിന്‌ പ്രധാനമായും പ്രേരകമായത്‌.

ഏതായാലും ബാലസംഘത്തിന്‌ ജില്ലാതലത്തിൽ ഒരു സംഘടന വേണമെന്നുറച്ചു. ഈ ആശയവുമായി അന്ന്‌ സമീപിച്ചത്‌ പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവ്‌ സി കണ്ണനെയും ഇ എസ്‌ രഘുവരനെയുമായിരുന്നു. ഇങ്ങനെയൊന്നുമല്ല സംഘടന ഉണ്ടാക്കേണ്ടതെന്നും അതിന്‌ ചില രീതികളൊക്കെയുണ്ടെന്നുമായിരുന്നു സി കണ്ണന്റെ മറുപടി.

അതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഞാൻ അതിനിടയിൽ ട്രെയിനിങ് പൂർത്തിയാക്കി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ സി കണ്ണൻ സൂചിപ്പിച്ച ചില രീതികളനുസരിച്ച്‌ പിന്നീട്‌ ജില്ലാതലത്തിൽ ബാലസംഘം

സി കണ്ണൻ

സി കണ്ണൻ

രൂപംകൊണ്ടു. എൻ പി എരിപുരമായിരുന്നു ആദ്യത്തെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്‌.

?ബാലസംഘവുമായുള്ള ബന്ധത്തെക്കുറിച്ച്‌ മാഷ്‌ വിശദീകരിച്ചു. എങ്ങനെയാണ്‌ സിപിഐ എമ്മുമായി അടുത്ത്‌ ബന്ധപ്പെടുന്നത്‌.

=കല്ല്യാശ്ശേരി സ്‌കൂളിൽ നിന്ന്‌ പഠനം പൂർത്തിയാക്കിയ വേളയിൽ പാച്ചേനി തളിപ്പറമ്പ്‌ പാർടി ഓഫീസിൽ സഹായിക്കാൻ ആവശ്യപ്പെട്ടു. ഇന്ന്‌ സിഐടിയു ഓഫീസ്‌ പ്രവർത്തിക്കുന്നിടത്തായിരുന്നു അന്ന്‌ ഏരിയാകമ്മിറ്റി ഓഫീസ്‌ പ്രവർത്തിച്ചിരുന്നത്‌. എല്ലാ ദിവസവും പാർടി ഓഫീസിൽ പോകുക പതിവാക്കി. അന്ന്‌ പാർടി ഏരിയാ സെക്രട്ടറി കെ കെ എൻ പരിയാരമായിരുന്നു.

പാച്ചേനി അന്ന്‌ ജില്ലാ നേതാവായിരുന്നു. സി എച്ച്‌ നാരായണൻ നമ്പ്യാർ ഏരിയാകമ്മിറ്റി അംഗവും. പി വി ബാലഗോപാലൻ, കീറ രാമൻ എന്നിവരെല്ലാമായി അടുത്തിടപഴകി (ഇരുവരും പിന്നീട്‌ പാർടി ഏരിയാ സെക്രട്ടറിയായി). അവരെല്ലാം നല്ല സഹകരണമാണ്‌ നൽകിയത്‌.

ഈ ഘട്ടത്തിലാണ്‌ പാച്ചേനി കാസർകോട്‌ ഏരിയാ സെക്രട്ടറിയായി പോകുന്നത്‌. അന്ന്‌ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നല്ലോ കാസർകോടും.

ഞാനാകട്ടെ ഉപരിപഠനത്തിനായി കോഴിക്കോട്ടേക്കും പോയി. പിന്നീട്‌ ഇരിങ്ങൽ സ്‌കൂളിൽ അധ്യാപകനായി ജോലി നോക്കുമ്പോഴും ഏരിയാകമ്മിറ്റി ഓഫീസുമായുള്ള ബന്ധം തുടർന്നു.

സ്‌കൂളിലേക്ക്‌ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഏരിയാകമ്മിറ്റി ഓഫീസിൽ കയറുന്നത്‌ പതിവായിരുന്നു.

എം എൻ കുറുപ്പ്‌

എം എൻ കുറുപ്പ്‌

അധ്യാപകനായി ജോലി നോക്കുമ്പോഴും പാർടിയുമായി നല്ല ബന്ധമുണ്ടായിരുന്നു. 1970 കളുടെ ആദ്യം പാർടി അംഗമായി.

ആന്തൂർ ലോക്കൽകമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഒഴക്രോം, പണ്ണേരി തുടങ്ങിയ ബ്രാഞ്ചുകളുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്‌. എന്നാൽ വീട്‌ സ്ഥിതിചെയ്യുന്ന മൊറാഴ സെൻട്രൽ ബ്രാഞ്ചിൽ സെക്രട്ടറിയായിട്ടുമില്ല.

ആന്തൂർ ലോക്കൽ സെക്രട്ടറിയോ തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറിയോ ആയിട്ടില്ല.  ഏതെങ്കിലും ബ്രാഞ്ച്‌ ദുർബലമാണ്‌ എന്നുകണ്ടാൽ അവിടുത്തേക്ക്‌ എന്നെ സെക്രട്ടറിയായി അയക്കുന്ന പതിവ്‌ അന്ന്‌ തുടങ്ങിയതാണ്‌.

കാസർകോട്‌ ഏരിയാ സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളിലേക്ക്‌ നിയമിക്കപ്പെട്ടതും സമാനമായ സാഹചര്യത്തിലാണ്‌.

?അതൊന്ന്‌ വിശദീകരിക്കാമോ

=കാസർകോട്‌ ആർഎസ്‌എസ്‌ സൃഷ്ടിച്ച ഭയാനകമായ അന്തരീക്ഷത്തിൽ പാർടി പ്രവർത്തനം തന്നെ അസാധ്യമായ സാഹചര്യത്തിലാണ്‌ സെക്രട്ടറിയായി പ്രവർത്തിക്കാനുള്ള നിർദേശം ഉണ്ടായത്‌.

അന്നത്തെ ജില്ലാ സെക്രട്ടറി ചടയൻ ഗോവിന്ദനാണ്‌ കാസർകോട്ടേക്ക്‌ പോകാൻ നിർദേശിക്കുന്നത്‌.

ചടയൻ ഗോവിന്ദൻ

ചടയൻ ഗോവിന്ദൻ

അന്ന്‌ മൊഗ്രാൽ പത്തൂർ പഞ്ചായത്തിൽ സിപിഐ എമ്മിന്‌ ഒരു ബ്രാഞ്ച്‌ മാത്രമാണുണ്ടായിരുന്നത്‌.

എന്നാൽ നാളികേര ഗവേഷണ കേന്ദ്രത്തിന്‌ സമീപമുള്ള എതാനും ആർഎസ്‌എസുകാർ  കുഞ്ഞിരാമൻ എന്നയാളുടെ നേതൃത്വത്തിൽ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇത്‌ ആർഎസ്‌എസിനെ അലോസരപ്പെടുത്തി.

ഒരു ദിവസം ആർഎസ്‌എസുകാരും സിപിഐ എമ്മിലെത്തിയവരും തമ്മിൽ ഏറ്റുമുട്ടി.

റോഡിന്റെ വശത്തുള്ള ഇരുത്തിയിൽ ഇരിക്കുകയായിരുന്ന സിപിഐ എം പ്രവർത്തകരെ വാഹനത്തിൽ ആയുധവുമായി എത്തിയ ആർഎസ്‌എസുകാർ ആക്രമിക്കുകയായിരുന്നു.

സംഘർഷത്തിൽ ഒരു ആർഎസ്‌എസുകാരൻ കൊല്ലപ്പെട്ടു. ഇതോടെയാണ്‌ കാസർകോട്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്‌.

പാർടി പ്രവർത്തനം പോലും ആസാധ്യമായ കാലഘട്ടമായിരുന്നു അത്‌. അവിടുത്തേക്കാണ്‌ ഏരിയാ സെക്രട്ടറിയായി പോയത്‌.

വിഭാഗീയത പാർടിയെ ബാധിച്ച ഘട്ടത്തിലാണ്‌ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചത്‌.

പിന്നീട്‌ ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത സെക്രട്ടറിയായും എറണാകുളത്ത്‌ പ്രവർത്തിച്ചു. അത്‌ അപൂർവമാണ്‌.

?എം വി ഗോവിന്ദനെ ഞാൻ ഉൾപ്പെടുന്ന തലമുറ പ്രധാനമായും ഓർമിക്കുന്നത്‌ ഊർജസ്വലനായ യുവജനനേതാവ്‌ എന്ന നിലയിലാണ്‌. യൂത്ത്‌ മാർച്ച്‌, കലക്‌ട്രേറ്റ്‌ വളയൽ,

പൊതിച്ചോറുമായുള്ള കാൽനട യാത്ര തുടങ്ങി നൂതനമായ പല സമരരീതികളും മാഷുകൂടി ഭാരവാഹിയായിരിക്കുമ്പോഴാണ്‌ ആരംഭിച്ചത്‌. എം വി ഗോവിന്ദൻ എന്ന യുവജനനേതാവിന്റെ വളർച്ചയെക്കുറിച്ച്‌...

=ഡിവൈഎഫ്‌ഐ രൂപീകരണത്തിനുമുമ്പായിത്തന്നെ കെഎസ്‌വൈഎഫ്‌ എന്ന യുവജനസംഘടന കേരളത്തിൽ രൂപംകൊണ്ടിരുന്നു.

കെഎസ്‌വൈഎഫിന്‌ മുന്നോടിയായി കണ്ണൂരിൽ യുവജനഫെഡറേഷൻ രൂപീകരിച്ചിരുന്നു. കണ്ണൂർ ജില്ലാ യുവജന ഫെഡറേഷന്റെ ജില്ലാ സമ്മേളനം പാപ്പിനിശ്ശേരിയിലാണ്‌ നടന്നത്‌.

അതിൽ തളിപ്പറമ്പിൽ നിന്നുള്ള പ്രതിനിധിയായി ഞാൻ പങ്കെടുത്തു. ഞാനായിരുന്നു ആ സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി.

എ കെ ജി,

എ കെ ജി

എ കെ ജി

സുശീലാ ഗോപാലൻ, എം വി രാഘവൻ എന്നിവരെല്ലാം സമ്മേളനത്തിനെത്തിയിരുന്നു. കെ സി നന്ദൻ ആയിരുന്നു ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌.

പ്രസിഡണ്ട്‌ കെ ബാലകൃഷ്‌ണനും. മൊറാഴയിലെ എം പത്മനാഭൻ അന്ന്‌ ജില്ലാ കമ്മിറ്റി മെമ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

ഇതിന്റെ തുടർച്ചയായാണ്‌ കോഴിക്കോട്‌ വെച്ച്‌ 1968 ൽ കെഎസ്‌വൈഎഫ്‌ രൂപീകരണ സമ്മേളനം ചേർന്നത്‌.

എന്നാൽ ഈ സമ്മേളനം പൊളിക്കാൻ നക്‌സലുകൾ ശ്രമിച്ചു. സംസ്ഥാന യുവജന സംഘടന രൂപീകരിക്കുകയാണെങ്കിൽ അതിന്റെ നിയന്ത്രണം നക്‌സലുകൾക്ക്‌ ലഭിക്കണം അതല്ലെങ്കിൽ സംഘടന തന്നെ വേണ്ടെന്ന നിലപാടാണ്‌ കുന്നിക്കൽ നാരായണനും മറ്റും കൈക്കൊണ്ടത്‌.

കുന്നിക്കൽ നാരായണൻ സമ്മേളനത്തിന്‌ തലേദിവസം ചില കെഎസ്‌വൈഎഫ്‌ നേതാക്കളുമായി രഹസ്യചർച്ച നടത്തിയിരുന്നു.

എന്നാൽ ഈ വിഭാഗത്തിന്റെ എതിർപ്പ്‌ അവഗണിച്ച്‌ സംഘടനാരൂപീകരണവുമായി മുന്നോട്ടുപോയി. സമ്മേളനം എ കെ ജി ഉദ്‌ഘാടനം ചെയ്‌തു.

കെ സി നന്ദനും ബാലകൃഷ്‌ണനും സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇവരോടൊപ്പം മറ്റുചിലരും ചേർന്നു. എന്നാൽ സമ്മേളനം ഭംഗിയായി നടന്നു.

അധ്യാപകവൃത്തിയോടൊപ്പം യുവജന സംഘടനാപ്രവർത്തനം സജീവമായി തന്നെ നടത്തിയിരുന്നു.

കല്ല്യാശ്ശേരിയിൽ കെഎസ്‌വൈഎഫിന്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ്‌ പിണറായി വിജയനെ ആദ്യമായി കാണുന്നത്‌. അദ്ദേഹത്തിന്റെ പ്രസംഗവും സമ്മേളനത്തിലെ ഇടപെടലും മറ്റുമാണ്‌ പിണറായിയിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം.

കല്ല്യാശ്ശേരിയിൽ കെഎസ്‌വൈഎഫിന്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ്‌ പിണറായി വിജയനെ ആദ്യമായി കാണുന്നത്‌. അദ്ദേഹത്തിന്റെ പ്രസംഗവും സമ്മേളനത്തിലെ ഇടപെടലും മറ്റുമാണ്‌ പിണറായിയിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം. അഞ്ച്‌ ദശാബ്ദമായി ഊഷ്‌മളമായ ആ ബന്ധം തുടരുന്നു.

?മാഷുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്‌ അടിയന്തരാവസ്ഥയും അതിലുണ്ടായ അറസ്റ്റുമാണല്ലോ. അതെക്കുറിച്ച്‌  ? 

പിണറായി വിജയനൊപ്പം

പിണറായി വിജയനൊപ്പം

=അത്‌ ശരിയാണ്‌. കെഎസ്‌വൈഎഫിന്റെ ആദ്യ രക്തസാക്ഷിയാണ്‌ കുടിയാന്മല സുകുമാരൻ. കെഎസ്‌വൈഎഫ്‌ ചാത്തമല യൂണിറ്റ്‌ കൺവീനറും കുടിയാന്മല പ്രദേശത്തെ പ്രമുഖ പാർടി പ്രവർത്തകനുമായിരുന്നു സുകുമാരൻ.

വിലക്കയറ്റ വിരുദ്ധ ബന്ദിന്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കെയാണ്‌ 1973 ആഗസ്‌ത്‌ രണ്ടിന്‌ യൂത്ത്‌ കോൺഗ്രസുകാർ സഖാവിനെ കുത്തിക്കൊല്ലുന്നത്‌.

സഖാവിന്റെ മൂന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കുടിയാന്മലയിൽ പൊതുയോഗം നടത്തുന്നതിനുവേണ്ടിയാണ്‌ ഞാനും സഖാവ്‌ ഇ പി ജയരാജനും കെ എം ജോസഫും കുടിയാന്മലയിൽ എത്തുന്നത്‌.

കുടിയാന്മലയിൽ എത്തിപ്പെടുക വിഷമമായിരുന്നു. ശ്രീകണ്ഠാപുരം, ചെമ്പേരിവരെയേ ബസ്സുള്ളു.

പിന്നീട്‌ കിലോമീറ്ററുകൾ നടക്കണം. അതിനാൽ തലേദിവസം തന്നെ കുടിയാന്മലയിൽ എത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ഭീതിജനകമായ അന്തരീക്ഷമായിരുന്നു.

ഞങ്ങൾ എത്തി പ്രാദേശിക സഖാക്കളുമൊത്ത്‌ രക്തസാക്ഷിമണ്ഡപമൊക്കെ ഉണ്ടാക്കി അവിടെ കിടന്നുറങ്ങി. അടുത്തദിവസം രാവിലെ അനുസ്‌മരണ പരിപാടികൾ തുടങ്ങി. ആദ്യം ഇ പി  സംസാരിച്ചു.

അതിനുശേഷം ഞാൻ സംസാരിക്കാൻ തുടങ്ങി. ഈ ഘട്ടത്തിലാണ്‌ പൊലീസ്‌ വന്നത്‌. പ്രസംഗം നിർത്താൻ പറഞ്ഞെങ്കിലും അതിനുതയ്യാറായില്ല.

അവർ ലാത്തിച്ചാർജ്‌ തുടങ്ങി. ഞങ്ങൾ മൂന്നുപേരെയും മാത്യു ചേട്ടൻ, കുഞ്ഞൂഞ്ഞ്‌ എന്നിവരെയും അറസ്റ്റുചെയ്‌തു. നീളൻ മുടിയുണ്ടായിരുന്ന കുഞ്ഞൂഞ്ഞിന്റെ മുടി പൊലീസ്‌ ഷേവ്‌ ചെയ്‌തു മൊട്ടയാക്കി.

ആദ്യം പൊലീസ്‌ കുടിയാന്മല ടൗണിലേക്കാണ്‌ കൊണ്ടുപോയത്‌. അവിടെ വെച്ച്‌ വീണ്ടും മർദിച്ചു. തുടർന്ന്‌ ശ്രീകണ്‌ഠാപുരം സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി ലോക്കപ്പിൽ അടച്ചു. 

രണ്ടാമത്തെ ദിവസമാണ്‌ തലശ്ശേരിയിലെ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയത്‌. എല്ലാവരെയും റിമാൻഡ്‌ ചെയ്‌തു.

മറ്റുള്ളവരെല്ലാം കുറ്റം സമ്മതിച്ചതിനാൽ ശിക്ഷിക്കപ്പെടുകയും സെൻട്രൽ ജയിലിലേക്ക്‌ മാറ്റുകയും ചെയ്‌തു.

  ഇ കെ നായനാർക്കൊപ്പം

ഇ കെ നായനാർക്കൊപ്പം

ഞാൻ അധ്യാപകനായതിനാൽ (ജോലി നഷ്ടപ്പെടുമെന്നതിനാൽ) കുറ്റം സമ്മതിക്കരുതെന്നാണ്‌ പാർടി നിർദേശം.

അന്ന്‌ പാർടി ജില്ലാ സെക്രട്ടറി എം വി രാഘവനായിരുന്നു (എം വി ആർ അറസ്റ്റ്‌ ചെയ്യപ്പെട്ടപ്പോഴായിരുന്നു പാട്യം ഗോപാലൻ ജില്ലാ സെക്രട്ടറിയായത്‌).

അതിനാൽ നാലുമാസം തലശ്ശേരി സബ്‌ജയിലിൽ കിടന്നു. ദുസ്സഹമായ ജീവിതമായിരുന്നു അത്‌. മറ്റു ചില കേസുകളിലായി പാട്യം രാജനും കെ കെ എൻ പരിയാരവും തലശ്ശേരി സബ്‌ജയിലിൽ ഉണ്ടായിരുന്നു.

എന്നാൽ ഞങ്ങൾ ഒരു മുറിയിലായിരുന്നില്ല. കാര്യമായ ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. ചായപോലും ലഭിക്കുമായിരുന്നില്ല.

ഇ എം എസിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായി പ്രവർത്തിച്ച കുഞ്ഞനന്തൻ നായരാണ്‌ എനിക്കുവേണ്ടി കേസ്‌ വാദിച്ചത്‌.

എന്നാൽ കേസ്‌ വാദിച്ച അഭിഭാഷകരെയും ജയിലിലിടുന്ന സ്ഥിതിയാണ്‌ അന്നുണ്ടായത്‌. നാലുമാസത്തിനുശേഷം മാത്രമാണ്‌ ജയിലിൽ നിന്നും പുറത്തുകടക്കാനായത്‌.  

? അടിയന്തരാവസ്ഥയിലെ ഈ ജയിൽവാസം എം വി ഗോവിന്ദൻ എന്ന രാഷ്ട്രീയ നേതാവിനെ എങ്ങനെയാണ്‌ സ്വാധീനിച്ചത്‌.

 = അതിനുമുമ്പുതന്നെ ജനങ്ങളുമായി അടുത്തിടപഴകാൻ ഞാൻ തയ്യാറായിട്ടുണ്ട്‌. സ്‌കൂളിൽ പോകുമ്പോൾ എപ്പോഴും ഞാൻ ഒരു ബാഗുമായാണ്‌ പോകാറുള്ളത്‌.

അതിൽ അത്യാവശ്യത്തിന്‌ ഡ്രസ്സും മറ്റും കരുതുമായിരുന്നു. കാരണം സ്കൂൾ വിട്ടാൽ സംഘടനാപ്രവർത്തനത്തിൽ മുഴുകും.അന്ന്‌ വേണ്ടത്ര ബസ്‌ സൗകര്യമൊന്നുമില്ല. അതിനാൽ നടന്നാണ്‌ പലയിടത്തേക്കും പോകുക. ചപ്പാരപ്പടവ്‌, കൂവേരി, കുറുമാത്തുർ, പരിയാരം എന്നിവിടങ്ങളിലൊക്കെ നടന്നാണ്‌ പോകാറ്‌.

യോഗവും മറ്റും കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങാൻ കഴിയാറില്ല. ഏതെങ്കിലും സുഹൃത്തുക്കളുടെയോ പാർടി പ്രവർത്തകരുടെയോ വീട്ടിൽ അന്തിയുറങ്ങും.

യോഗവും മറ്റും കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങാൻ കഴിയാറില്ല. ഏതെങ്കിലും സുഹൃത്തുക്കളുടെയോ പാർടി പ്രവർത്തകരുടെയോ വീട്ടിൽ അന്തിയുറങ്ങും.

അടുത്ത ദിവസം വീണ്ടും സ്‌കൂളിലേക്ക്‌ പോകും എന്നതായിരുന്നു രീതി. കാസർകോട്‌ ജില്ലാ സെക്രട്ടറിയായപ്പോഴും സുഹൃത്തുക്കളുടെ വീട്ടിലാണ്‌ ഞാൻ താമസിച്ചിരുന്നത്‌.

ജയിൽവാസം കഴിഞ്ഞ്‌ വീണ്ടും സംഘടനാപ്രവർത്തനം ആരംഭിച്ചപ്പോൾ ജനങ്ങൾ വലിയ സ്‌നേഹത്തോടെയാണ്‌ എന്നെ സ്വീകരിച്ചത്‌.

ഒരുദാഹരണം മാത്രം പറയാം. ജയിൽവാസം കഴിഞ്ഞ്‌ ഒരു ദിവസം ഞാൻ വട്ടക്കൂല്‌ ഒരു പരിപാടിക്ക്‌ പോയി. സ്‌കൂളിൽ നിന്നാണ്‌ പോയത്‌. അവിടെ ഒരു പാർടി സഖാവ്‌ ഉണ്ടായിരുന്നു. കൊട്ടേട്ടൻ.

അദ്ദേഹത്തിന്റെ വീട്ടിലാണ്‌ അന്ന്‌ അന്തിയുറങ്ങാൻ തീരുമാനിച്ചത്‌. ഞാൻ വരുന്നുണ്ടെന്ന്‌ അറിഞ്ഞതോടെ തന്നെ കൊട്ടേട്ടൻ കാട്ടുകോഴികളെയും മറ്റും പിടിച്ച്‌ അവകൊണ്ട്‌ നല്ല കറിയുണ്ടാക്കി എനിക്ക്‌ ഭക്ഷണമൊരുക്കി.

എന്തിനാണ്‌ കഷ്ടപ്പെട്ട്‌ ഇത്രയും വിഭവങ്ങൾ ഒരുക്കിയതെന്ന്‌ ചോദിച്ചപ്പോൾ ജയിലിൽ കിടന്നതല്ലേ നല്ല ക്ഷീണമുണ്ടാകില്ലേ  എന്നുപറഞ്ഞ്‌ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിച്ചു.

സാധാരണ സഖാക്കളുടെ ഈ സ്‌നേഹമാണ്‌ ഏതൊരു പുരസ്‌കാരത്തെക്കാളും പദവിയെക്കാളും എന്റെ മനസ്സ്‌ കുളിർപ്പിക്കുന്നത്‌; എനിക്ക്‌ ഊർജം പകരുന്നത്‌.  

? ജയിലിൽ നിന്ന്‌ പുറത്തുവന്നതിനുശേഷമുള്ള ജീവിതം എങ്ങനെയായിരുന്നു...

= ജയിലിൽ നിന്ന്‌ പുറത്തുവന്നപ്പോഴാണ്‌ കെഎസ്‌വൈഎഫിന്റെ ജില്ലാ ഭാരവാഹിയാകുന്നത്‌.

ഇ പി ജയരാജൻ

ഇ പി ജയരാജൻ

ഇ പി ജയരാജൻ സെക്രട്ടറിയും ഞാൻ പ്രസിഡണ്ടുമായി തെരഞ്ഞെടുക്കപ്പെട്ടു.

ജയിലിൽ കിടന്നതോടെ ഭയം ഇല്ലാതായി. തുടർന്നുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്‌ ഇത്‌ ഏറെ സഹായകമായി. എന്ത്‌ വെല്ലുവിളിയും ഏറ്റെടുക്കാനുള്ള മനക്കരുത്ത്‌ ലഭിച്ചു.

അന്ന്‌ വിദ്യാർഥികളിലും യുവജനങ്ങളിലും നക്‌സലൈറ്റ്‌ ആശയഗതികൾ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ നക്‌സൽ ആശയങ്ങൾക്കെതിരെ ശക്തമായ പ്രചാരണം നടത്തി. അതിന്റെ മുൻനിരയിൽത്തന്നെ ഞാൻ പ്രവത്തിച്ചു. പി ഗോവിന്ദപിള്ള, പാട്യം ഗോപാലൻ, മാത്യുകുര്യൻ എന്നിവരുടെ ക്ലാസ്സുകളും മറ്റും പഠന പ്രവർത്തനത്തെ ഏറെ സഹായിച്ചു.

അന്നൊക്കെ കെഎസ്‌വൈഎഫിലായാലും പാർടിയിലായാലും ശക്തമായ ആശയസമരം നടന്നിരുന്നു. ഉദാഹരണത്തിന്‌ കെഎസ്‌വൈഎഫ്‌ അന്ന്‌ ലക്ഷ്യമായി പ്രഖ്യാപിച്ചത്‌ സോഷ്യലിസ്റ്റ്‌ വിപ്ലവമായിരുന്നു. അതുപോലെ കൊടിയുടെ നിറം ചുവപ്പായിരുന്നു. ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോൾ അതിലുള്ള പാളിച്ചകൾ വ്യക്തമാണ്‌.

സിപിഐ എം പോലും ജനകീയ ജനാധിപത്യ വിപ്ലവമാണ്‌ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്‌. അതിനപ്പുറം കടന്ന്‌ സോഷ്യലിസ്‌റ്റ്‌ വിപ്ലവം ലക്ഷ്യമായി ഒരു യുവജനസംഘടന പ്രഖ്യാപിക്കുകയായിരുന്നു. എതായാലും ഈ ആശയസമരം വ്യക്തിപരമായി എന്നെ ഏറെ സഹായിച്ചു. കാര്യങ്ങൾ വിശദമായി പഠിക്കാൻ ഇത്‌ അവസരം നൽകി.

? ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലേക്ക്‌ വരുന്നതെങ്ങനെയാണ്‌...

= 1980 ൽ ലുഥിയാനയിൽവെച്ചാണ്‌ ഡിവൈഎഫ്‌ഐ എന്ന യുവജന പ്രസ്ഥാനം രുപംകൊള്ളുന്നത്‌. എസ്‌എഫ്‌ഐ രൂപംകൊണ്ട്‌ പത്ത്‌ വർഷത്തിന്‌ ശേഷമാണ്‌ പുരോഗമന ജനാധിപത്യ യുവജന പ്രസ്ഥാനത്തിന്‌ ഒരു അഖിലേന്ത്യാ സംഘടന രൂപംകൊള്ളുന്നത്‌.

1979 ലാണ്‌ സംഘടന രൂപീകരിക്കുന്നതിന്റെ മുന്നോടിയായുള്ള അഖിലേന്ത്യാ  പ്രിപ്പറേറ്ററി കമ്മിറ്റി രൂപംകൊള്ളുന്നത്‌. അതിന്റെ കൺവീനർ ഇ  പി ജയരാജനായിരുന്നു.

അതിൽ ഒരംഗമായി ഞാനും തെരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്‌ഐ രൂപംകൊണ്ടതിനുശേഷമാണ്‌ സംഘടനയുടെ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ  ചേരുന്നത്‌.

ഈ സമ്മേളനത്തിൽവെച്ച്‌ എന്നെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.  പിന്നീട്‌ സെക്രട്ടറിയായും പ്രവർത്തിക്കുകയുണ്ടായി.

എസ്‌എഫ്‌ഐയുമായി അടുത്ത്‌ സഹകരിച്ചാണ്‌ പ്രവർത്തിച്ചിരുന്നത്‌. കോടിയേരി, തോമസ്‌ ഐസക്‌, സി പി ജോൺ തുടങ്ങിയവരുമായി അടുത്തിടപഴകുന്നതും ഇക്കാലത്താണ്‌.

ഡിവൈഎഫ്‌ഐക്ക്‌ പുതിയ മുഖച്ഛായ നൽകുന്നതിന്‌ നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്‌.

അക്കാലത്ത്‌ നൂതനമായ പല സമര–പ്രചാരണ രീതികളും ഡിവൈഎഫ്‌ഐ അവലംബിക്കുകയുണ്ടായി. തൊഴിലില്ലായ്‌മ  കേരളീയ സമൂഹത്തിൽ പ്രധാന വിഷയമാക്കി ഉയർത്തിക്കൊണ്ടുവരുന്നതിൽ ഡിവൈഎഫ്‌ഐക്ക്‌ സുപ്രധാന പങ്കുണ്ട്‌.

ഡിവൈഎഫ്‌ഐ സ്വീകരിച്ച നൂതനമായ സമരമാർഗങ്ങളിൽ ഒന്നായിരുന്നു കലക്‌ട്രേറ്റ്‌ വളയൽ സമരം.

എം വി ഗോവിന്ദൻ പ്രസംഗ വേദിയിൽ

എം വി ഗോവിന്ദൻ പ്രസംഗ വേദിയിൽ

ജില്ലയിലെ ഒാരോ യൂണിറ്റിൽ നിന്നും ചെറുപ്രകടനമായി കലക്‌ട്രേറ്റിലേക്ക്‌ മാർച്ച്‌ ചെയ്യുന്ന രീതിയായിരുന്നു ഇത്‌.

ജില്ലാ കേന്ദ്രത്തിൽനിന്നും ദൂരെയുള്ള യൂണിറ്റുകളിൽനിന്നും തലേദിവസം തന്നെ മാർച്ച്‌ ആരംഭിക്കുമായിരുന്നു.

പൊതിച്ചോറാണ്‌ ഭക്ഷണമായി ഇവർക്ക്‌ നൽകിയത്‌.

നിലയ്‌ക്കൽ സംഭവത്തെ വർഗീയമായി ഉപയോഗിക്കാൻ സംഘപരിവാറും മറ്റുചില ശക്തികളും ശ്രമിച്ചപ്പോൾ ഡിവൈഎഫ്‌ഐ നടത്തിയ മതസൗഹാർദ മാർച്ചും ശ്രദ്ധേയമായി.

തൂെവള്ള വസ്‌ത്രം ധരിച്ച്‌ നടത്തിയ മാർച്ച്‌ കേരളത്തിൽ ചർച്ചാവിഷയമായി. തായാട്ട്‌ ശങ്കരൻ ഉൾപ്പെടെ ഈ സംരഭത്തെ പ്രകീർത്തിച്ച്‌ രംഗത്തുവരികയുണ്ടായി.

?മാഷെ അഗാധമായി സ്വാധീനിച്ച വ്യക്തിയാണ്‌ പാട്യം എന്ന്‌ പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌...  

=ശരിയാണ്‌. പാട്യവുമായി അടുത്ത ബന്ധം തന്നെ പുലർത്തിയിരുന്നു. 

നന്നായി വായിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സഖാവായിരുന്നു പാട്യം.

പാട്യം ഗോപാലൻ

പാട്യം ഗോപാലൻ

പുതിയ ആശയങ്ങൾ രാഷ്ട്രീയമായ കണ്ണോടെ പാർടിക്ക്‌ ഗുണകരമാകുംവിധം അവതരിപ്പിക്കുന്നതിൽ പാട്യത്തിന്‌ അസാധാരണമായ പാടവം തന്നെയുണ്ടായിരുന്നു. ഈ രീതി എന്നെ വല്ലാതെ ആകർഷിച്ചു.

എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാൾ പാട്യം തന്നെയാണ്‌. അകാലത്തിലാണ്‌ ആ ജീവിതം പൊലിഞ്ഞുപോയത്‌. അതിൽ ഏറെ ദുഃഖിക്കുന്ന ഒരാളാണ്‌ ഞാൻ.

?എം വി ഗോവിന്ദൻ ഇന്ന്‌ മാഷ്‌ എന്ന പേരിൽ അറിയപ്പെടുന്നത്‌ കായികാധ്യാപകനായതുകൊണ്ടാണ്‌ എന്ന്‌ പറയാനാവില്ല. മറിച്ച്‌ പാർടി ക്ലാസ്സിലെ അധ്യാപകൻ എന്ന നിലയിലാണ്‌.

എങ്ങനെയാണ്‌ മാഷ്‌ പാർടിയിലെ താത്വികാചാര്യൻ, സൈദ്ധാന്തികൻ തുടങ്ങിയ മാധ്യമ വിശേഷണങ്ങൾ സ്വന്തമാക്കിയത്‌.

=അതിനുപിന്നിലും മൊറാഴ തന്നെയാണ്‌. അവിടുത്തെ വായനശാലകളാണ്‌. വായിക്കാനറിയുന്ന കാലം മുതൽ പുസ്‌തകം വായന തുടങ്ങിയിട്ടുണ്ട്‌.

വീടിനടുത്താണ്‌ മൊറാഴ ഗ്രാമീണ ഗ്രന്ഥാലയം. ധാരാളം പുസ്‌തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണിത്‌. അതിലുള്ള എല്ലാ പുസ്‌തകങ്ങളും ആർത്തിയോടെ വായിച്ചു.

മൊറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിലില്ലാത്ത പുസ്‌തകങ്ങൾ തേടി തൊട്ടടുത്ത വായനശാലകളിലും പോകാറുണ്ടായിരുന്നു.

തറോൽ കണ്ണൻ ഗുരുക്കൾ വായനശാല, ഒഴക്രോം വായനശാല എന്നിവ അതിൽപ്പെടും.  പുസ്‌തകങ്ങളും സാഹിത്യം, രാഷ്ട്രീയം, വൈജ്ഞാനിക സാഹിത്യം എന്നിവയെല്ലാം വായിച്ചു. മുട്ടത്തുവർക്കിയുടെ മയിലാടുംകുന്നാണ്‌ ആദ്യം വായിച്ച കൃതികളിലൊന്ന്‌.

സിപിഐ എം മൊറാഴ ലോക്കൽ കമ്മിറ്റി ഓഫീസ്‌

സിപിഐ എം മൊറാഴ ലോക്കൽ കമ്മിറ്റി ഓഫീസ്‌

റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള ജോൺ റീഡിന്റെ ‘ലോകത്തെ പിടിച്ചുകുലുക്കിയ പത്ത്‌ ദിവസങ്ങൾ’, ചൈനീസ്‌ വിപ്ലവത്തെക്കുറിച്ചുള്ള എഡ്‌ഗാർ സ്‌നോയുടെ ‘ചൈനക്ക്‌ മേൽ ചുവപ്പ്‌ താരം’, ലിയോ ടോൾസ്‌റ്റോയി, മാക്‌സിം ഗോർക്കി, എം ടി,  ടി പത്മനാഭൻ തുടങ്ങിയവരുടെ കൃതികൾ, അതോടൊപ്പം മാർക്‌സിന്റെയും എംഗൽസിന്റെയും കൃതികളുമായും പരിചയപ്പെട്ടു. 

ഈ കൃതികൾ സുഹൃത്തുക്കളെ വായിക്കാനും പ്രേരിപ്പിച്ചു. കുറച്ചുകാലം മൊറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ ലൈബ്രേറിയനായും പ്രവർത്തിച്ചു. പതിമൂന്നാം വയസ്സിൽ 1966 ലായിരുന്നു അത്‌.

ഈ സമയം ലൈബ്രറിയിലുണ്ടായിരുന്ന 3000 ഓളം പുസ്‌തകങ്ങൾ വിഷയം തിരിച്ച്‌ പ്രത്യേക അലമാരകളിലാക്കിയത്‌ ഓർക്കുന്നു.

കഥ, കവിത, നോവൽ, മാർക്‌സിയൻ കൃതികൾ എന്നിങ്ങനെ. കെഎസ്‌വൈഎഫ്‌ എന്ന സംഘടനയുമായി പ്രവർത്തിക്കുന്ന ഘട്ടമായിരുന്നു അത്‌.  നക്‌സലിസത്തിന്റെ ആവിർഭാവവും ഇതേ ഘട്ടത്തിലാണുണ്ടായത്‌.

പാർടിക്കുള്ളിൽ ശക്തമായ ആശയ സംവാദം നടക്കുന്ന സമയം. അതുകൊണ്ടുതന്നെ ആഴത്തിലും പരപ്പിലുമുള്ള വായന ആവശ്യമായി വന്നു.

നക്‌സലിസത്തിലേക്ക്‌ യുവാക്കളുടെ ഒഴുക്ക്‌ തടയണമെങ്കിൽ ആശയപരമായി ആയുധമണിയണമായിരുന്നു.

ഇതും എന്റെ വായനയെ വളർത്താൻ സഹായിച്ചു. ഭാവി രാഷ്ട്രീയ ജീവിതത്തെ ഈ വായന ഏറെ സഹായിച്ചിട്ടുണ്ട്‌.  അതുമാത്രമല്ല ഒരു ഗ്രന്ഥാലയത്തിന്‌ എങ്ങനെ ഒരു വ്യക്തിയെ മാറ്റിയെടുക്കാൻ  കഴിയുമെന്നും ഇതു വ്യക്തമാക്കുന്നു.

?പ്രത്യയശാസ്‌ത്ര പഠനം അതല്ലെങ്കിൽ സൈദ്ധാന്തികൻ, താത്വികാചാര്യൻ എന്നൊക്കെ ജനങ്ങൾ ചാർത്തി നൽകുന്ന പേരുകൾക്ക്‌ അടിസ്ഥാനം പ്രത്യയശാസ്‌ത്രരംഗത്ത്‌ മാഷ്‌ നടത്തിയ പഠനവും അത്‌ ജനങ്ങൾക്ക്‌ പകർന്നുനൽകുന്നതിൽ കാട്ടിയ മികവുമായിരിക്കാം.

എന്നാൽ ഈ പ്രത്യയശാസ്‌ത്ര പഠനം നിർണായകഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിൽ സഹായിച്ച ഏതെങ്കിലും ഒരു സംഭവത്തെക്കുറിച്ച്‌ ഓർത്തെടുക്കാനാകുമോ.

=തീർച്ചയായും.

എം വി രാഘവൻ പാർടിയെ  പിളർത്തി സിഎംപി രൂപീകരിച്ച ഘട്ടത്തിൽ പ്രത്യയശാസ്‌ത്ര പഠനമാണ്‌ എന്നെ സിപിഐ എമ്മിൽ ഉറപ്പിച്ചുനിർത്തിയത്‌. എന്നെ അന്നും ഇന്നും സ്വാധീനിക്കുന്ന മാർക്‌സിയൻ ദർശനമാണ്‌  എനിക്ക്‌ വഴികാട്ടിയത്‌.

എം വി രാഘവൻ പാർടിയെ  പിളർത്തി സിഎംപി രൂപീകരിച്ച ഘട്ടത്തിൽ പ്രത്യയശാസ്‌ത്ര പഠനമാണ്‌ എന്നെ സിപിഐ എമ്മിൽ ഉറപ്പിച്ചുനിർത്തിയത്‌.എന്നെ അന്നും ഇന്നും സ്വാധീനിക്കുന്ന മാർക്‌സിയൻ ദർശനമാണ്‌  എനിക്ക്‌ വഴികാട്ടിയത്‌. എം വി രാഘവൻ വിഷയത്തിൽ എനിക്കെതിരെ പാർടി നടപടി എടുത്തിരുന്നു. എന്നാൽ നടപടിക്ക്‌ വിധേയമായി ഞാൻ പ്രവർത്തിച്ചു.

എം വി ആറുമായുള്ള സൗഹൃദ ബന്ധം അടിസ്ഥാനമാക്കി നൈമിഷികമായ തീരുമാനത്തിലെത്താനല്ല മറിച്ച്‌ മാർക്‌സിയൻ ദർശനത്തിൽ അടിസ്ഥാനമാക്കിയുള്ള തീരുമാനം കൈക്കൊള്ളാനാണ്‌ ഞാൻ തയ്യാറായത്‌.

ഇക്കാലത്ത്‌ എന്റെ നാട്ടിൽ പിണറായി പങ്കെടുത്തുകൊണ്ടുള്ള ഒരു പൊതുയോഗം അഞ്ചാംപീടികയിൽ സംഘടിപ്പിക്കുകയുണ്ടായി.

എം വി ഗോവിന്ദനും വി ബി പരമേശ്വരനും അഭിമുഖത്തിനിടെ-ഫോട്ടോ: ജി പ്രമോദ്‌

എം വി ഗോവിന്ദനും വി ബി പരമേശ്വരനും അഭിമുഖത്തിനിടെ-ഫോട്ടോ: ജി പ്രമോദ്‌

നല്ല മഴയുളള്ള ഒരു ദിവസമായിരുന്നു അത്‌. എന്നിട്ടും നല്ല ആൾക്കൂട്ടമായിരുന്നു അന്ന്‌ തടിച്ചുകൂടിയത്‌ (ഈ ലേഖകനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു).

എം വി ആർ പ്രശ്‌നത്തിലുള്ള വിശദീകരണ യോഗമായിരുന്നു അത്‌. എം വി ആറിന്റെ രാഷ്ട്രീയത്തെ എന്തുകൊണ്ട്‌ എതിർക്കണം എന്ന്‌ പിണറായി വിശദീകരിച്ചു.

അതിനെ പൂർണമായും പിന്തുണച്ചുകൊണ്ട്‌ ഞാനിത്രകൂടി കൂട്ടിച്ചേർത്തു. എം വി ആറിന്റെ പാർടി, സിഎംപി ബൂർഷ്വാസിയുടെ രണ്ടാം മുഖമാണെന്ന്‌. പിറ്റേദിവസത്തെ ദേശാഭിമാനിയിൽ എന്റെ പ്രസംഗം നല്ല രീതിയിൽ പ്രസിദ്ധീകരിച്ചു.

? മാഷെ ഞാൻ പ്രധാനമായും

ഓർക്കുന്നത്‌ എന്റെ അച്ഛൻ( വി ബി കുബേരൻ മാസ്‌റ്റർ )മരിച്ച ഘട്ടത്തിലാണ്‌.

വി ബി കുബേരൻ മാസ്‌റ്റർ

വി ബി കുബേരൻ മാസ്‌റ്റർ

മൊറാഴ സെൻട്രൽ യുപി സ്‌കൂൾ അധ്യാപകനായിരുന്നു എന്റെ അച്ഛനും.

ഗോവിന്ദൻ മാഷുടെയും അധ്യാപകനായിരുന്നല്ലോ? അച്ഛൻ മരിച്ചതോടെ മാഷ്‌ ഭൂരിപക്ഷം ദിവസങ്ങളിലും വീട്ടിൽ വരുമായിരുന്നു.

പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കുള്ള ഒരു പാലമായിരുന്നു എനിക്ക്‌ ഗോവിന്ദൻ മാഷ്‌. 

ഇത്‌ എന്റെ മാത്രം അനുഭവമല്ല. മൊറാഴയിലെ ഒാരോ വീട്ടിലും മാഷിന്‌ ഒരു ഇടമുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ വീട്ടിലും ഇതുതന്നെയാണ്‌ സ്ഥിതി...

= ചെറുപ്പകാലം മുതൽ തന്നെ എല്ലാ വീട്ടിലും കയറി ഇറങ്ങുക എന്നത്‌ എന്റെ രീതിയായിരുന്നു. ജനങ്ങളുമായി ഇഴയടുപ്പമുള്ള ബന്ധം സ്ഥാപിക്കാൻ അത്‌ സഹായിച്ചു.

പാർടിക്കാരുടെ വീട്ടിൽ മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെ വീട്ടിലും ഇതുവഴി നല്ല ബന്ധമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്‌.

മൊറാഴയിൽ തന്നെ രാഷ്ട്രീയ എതിരാളികൾക്ക്‌ പ്രത്യേകിച്ചും കോൺഗ്രസിനോട്‌ ആഭിമുഖ്യമുള്ള ഒരു വലിയ വിഭാഗം ജനത പാന്തോട്ടത്തിലും പണ്ണേരിയിലും ഉണ്ടായിരുന്നു.

1980 കളുടെ അവസാനകാലത്താണ്‌ ഈ മേഖലയിൽ സ്ഥിരമായി വീടുകയറാൻ ഞങ്ങൾ തുടങ്ങിയത്‌ (നീയും അതിലുൾപ്പെട്ടിരുന്നല്ലോ). കെ ദാമോദരൻ മാസ്‌റ്റർ,പി കെ രവി, കൂവ്വ നാരായണൻ എന്നിവരും എനിക്കൊപ്പം ഉണ്ടായിരുന്നു.

എല്ലാ വീട്ടുകാരുമായും അടുത്ത ബന്ധം ഉണ്ടാക്കാൻ ഇത്‌ സഹായിച്ചുവെന്ന്‌ മാത്രമല്ല ഈ വീട്ടിലെയെല്ലാം യുവാക്കൾ ഞങ്ങളുമായി സഹകരിക്കാൻ തയ്യാറായി.

അവസാനം തൊട്ടടുത്ത കണ്ണപുരം പഞ്ചായത്തിലെ ഒരു സഖാവിന്റെ വീട്ടിലാണ്‌ ഡിവൈഎഫ്‌ഐ യുടെ ഒരു യൂണിറ്റ്‌ സ്ഥാപിച്ചത്‌. ഇന്ന്‌ ഈ മേഖല മുഴുവൻ സിപിഐ എമ്മിനൊപ്പം ഉറച്ചുനിൽക്കുകയാണ്‌.

ആന്തൂരിൽ പാർടി കൈയൂക്കും, എതിരാളികൾക്ക്‌ നേരേ ആക്രമണങ്ങളും നടത്തിയുമാണ്‌ പാർടിഗ്രാമമാക്കിയത്‌ എന്ന വലതുപക്ഷത്തിന്റെയും ഭൂരിപക്ഷം മാധ്യമങ്ങളുടെയും പ്രചാരണം ശുദ്ധ അസംബദ്ധമാണെന്ന്‌ ഞങ്ങൾ പറയുന്നത്‌ ഇതുകൊണ്ടാണ്‌.

ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്‌ അവരുടെ വിശ്വാസം നേടിെക്കാണ്ടാണ്‌ ആന്തൂരിലെ,  മൊറാഴയിലെ പാർടി വളർന്നത്‌.

എം വി ഗോവിന്ദനും ഭാര്യ പി കെ ശ്യാമളയും സീതാറാം യെച്ചൂരിക്കൊപ്പം

എം വി ഗോവിന്ദനും ഭാര്യ പി കെ ശ്യാമളയും സീതാറാം യെച്ചൂരിക്കൊപ്പം

? മാഷ്‌ പലപ്പോഴും പറയുന്നതുകേട്ടിട്ടുണ്ട്‌. എനിക്ക്‌ ഒരു അമ്മ മാത്രമല്ല മൊറാഴയിൽ നാലഞ്ച്‌ അമ്മമാരുണ്ട്‌ എന്ന്‌.

ഇതുകൊണ്ട്‌ അർഥമാക്കുന്നത്‌ എന്താണ്‌.

= ബാലസംഘം രൂപീകരിച്ച വേളയിൽ എന്റെ കൂടെയുണ്ടായിരുന്നവരെക്കുറിച്ച്‌ പറഞ്ഞല്ലോ.

സുധാകരൻ, കേശവൻ, എം ഇ കെ ഗോപാലൻ, ശ്യാം സുന്ദർദാസ്‌, ഗംഗാധരൻ എന്നിവരാണവർ. അമ്മമാരുടെ  മൂത്ത മക്കളാണ്‌ ഇവരെല്ലാം തന്നെ.

ജോലി തേടി അവർ വിദേശത്തേക്കും  ദൂരെയുള്ള നഗരങ്ങളിലേക്കും പോയി.  ഈ അമ്മമാർക്ക്‌ ഏകമകനായി  ഞാൻ മാത്രം നാട്ടിൽ അവശേഷിച്ചു.

സ്വാഭാവികമായും അവരെല്ലാം തന്നെ എന്നെ മകനായി കണ്ടു. എപ്പോൾ വീട്ടിൽ ചെന്നാലും എനിക്ക്‌ കഴിക്കാനുള്ള ഭക്ഷണം ഇവർ കരുതിവെക്കുമായിരുന്നു.

നാട്ടിൽ ഉള്ള സമയങ്ങളിലൊക്കെ  ഇവരെ ഞാൻ കാണാറുമുണ്ടായിരുന്നു.

സുധാകരന്റെ അമ്മ മീനാക്ഷിയമ്മ മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. സുധാകരനാണ്‌ ഇക്കാര്യം ഒരു ദിവസം വൈകീട്ട്‌ എന്നെ അറിയിച്ചത്‌.

അന്ന്‌ ഞാൻ തിരുവനന്തപുരത്തായിരുന്നതിനാൽ പോകാൻ കഴിഞ്ഞില്ല. അന്നേ ദിവസം രാത്രി ഞാൻ ഉറങ്ങാൻ കിടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ സുധാകരന്റെ ഫോൺ വീണ്ടും വന്നു.

അമ്മ മരിച്ചുവെന്ന്‌ അറിയിക്കാനായിരുന്നു അത്‌.  മരിക്കുന്നതിന്‌ തൊട്ടുമുമ്പുപോലും എന്നെ കാണാൻ അവർ ആഗ്രഹിച്ചത്‌ മകന്റെ സ്ഥാനത്താണ്‌ അവർ എന്നെ കരുതിയത്‌ എന്നതുകൊണ്ടായിരിക്കും എന്ന്‌ ഞാൻ വിശ്വസിക്കുന്നു.

എന്റെ മനസ്സിനെ വല്ലാതെ ഉലച്ച സംഭവമായിരുന്നു അത്‌.

?വിവാഹം കുടുംബ ജീവിതം എന്നിവയെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല...

= മട്ടന്നൂരിനടുത്ത്‌ ഉളിയിലെ പള്ളിക്കര കുറ്റ്യാട്ടൂർ വീട്ടിൽ ശ്യാമളയെന്ന പി കെ ശ്യാമളയാണ്‌ ഭാര്യ.

  കെ സന്തോഷ്‌, പി കെ ശ്യാമള, വി ബി പരമേശ്വരൻ,കെ ദാമോദരൻ എന്നിവർക്കൊപ്പം

കെ സന്തോഷ്‌, പി കെ ശ്യാമള, വി ബി പരമേശ്വരൻ,കെ ദാമോദരൻ എന്നിവർക്കൊപ്പം

അവർ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി മെമ്പറായിരുന്നു.  മട്ടന്നൂരിലെ പ്രധാന എസ്‌എഫ്‌ഐ നേതാക്കളിൽ ഒരാളായിരുന്നു. പി ശശിയാണ്‌ ശ്യാമളയോട്‌ ആദ്യം സംസാരിച്ചത്‌.

അവർക്ക്‌ സമ്മതമാണെന്ന്‌ പറഞ്ഞതോടെയാണ്‌ മറ്റുകാര്യങ്ങളിലേക്ക്‌ കടന്നത്‌. എം വി ആർ, പാട്യം രാജൻ തുടങ്ങിയവരായിരുന്നു ഇതിന്‌ മുൻകൈ എടുത്തത്‌. ശ്യാമള ഇപ്പോൾ പാർടി ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ–സംസ്ഥാന ഭാരവാഹിയുമാണ്‌. മൂത്ത മകൻ ജി എസ്‌ ശ്യാംജിത്ത്‌ ചലച്ചിത്ര പ്രവർത്തകനാണ്‌.രണ്ടാമത്തെ മകൻ രംഗീത്‌ അഭിഭാഷകനാണ്‌. സിനി നാരായണനാണ്‌ മരുമകൾ.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top