Deshabhimani

ശുചിത്വ കേരളം ലക്ഷ്യം ; ജനപങ്കാളിത്തത്തോടെ സന്നദ്ധപ്രവർത്തനം : എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 12:07 AM | 0 min read


തിരുവനന്തപുരം
ശുചിത്വ കേരളമെന്ന ലക്ഷ്യത്തോടെ പാർടിയുടെ മുഴുവൻ പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യ നിർമാർജനത്തിന്‌ സിപിഐ എം നേതൃത്വം നൽകുമെന്ന്‌  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ലക്ഷക്കണക്കിന്‌ ജനങ്ങളെ അണിനിരത്തിയുള്ള സന്നദ്ധപ്രവർത്തനത്തിലൂടെ മാലിന്യ പ്രശ്നത്തിന്‌ പരിഹാരമുണ്ടാക്കാനാണ്‌ ശ്രമം. മലിനീകരണം ഒഴിവാക്കാനുള്ള തുടർപ്രവർത്തനത്തിനും പാർടി പ്രവർത്തകർ സന്നദ്ധമായിരിക്കും.  മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിനായി സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്‌. അതുമായി സഹകരിച്ചായിരിക്കും പ്രവർത്തനം–- സംസ്ഥാന കമ്മിറ്റി യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

ദൈവത്തിന്റെ സ്വന്തം നാട്‌ എന്നും, കണ്ടിരിക്കേണ്ട ലോകത്തെ 52 സ്ഥലങ്ങളിലൊന്ന്‌ എന്ന ഖ്യാതിയും നേടിയ കേരളത്തിലെ തെരുവുകൾ മാലിന്യംതള്ളുന്ന കേന്ദ്രങ്ങളാകുന്നത്‌ തടയാൻ ഫലപ്രദമായ ഇടപെടൽ വേണം. എല്ലാവരുടേയും സഹകരണത്തോടെയേ  പ്രശ്നത്തിന്‌ പരിഹാരം കാണാനാകൂ. ആമയിഴഞ്ചാൻ തോടിലെ ദാരുണ സംഭവത്തെ തുടർന്ന്‌ മാധ്യമങ്ങൾ അടക്കം ഈ സാമൂഹ്യ ഉത്തരവാദിത്തം എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌.

നീല സമ്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കണോമി) യുടെ പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്തും. നഗരമേഖലയിൽ പാർടിപ്രവർത്തനം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌. കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിൽ മാറ്റമില്ലെന്നതിനാൽ ലക്ഷക്കണക്കിന്‌ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തും. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ചും ഫെഡറലിസവും ജനാധിപത്യവും കാറ്റിൽപ്പറത്തിയും സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട്‌ അംഗീകരിക്കാനാകില്ല.

സാധാരണക്കാരുടെയും മധ്യവർഗത്തിന്റെയും പ്രശ്നങ്ങൾക്ക്‌ പരിഹാരമെന്നോണം ക്ഷേമപെൻഷനുകളും ക്ഷാമബത്തയും മറ്റും സംബന്ധിച്ച തീരുമാനം നിയമസഭയിൽതന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വ്യക്തതയോടെയാണ്‌ സർക്കാർ മുന്നോട്ടുപോകുന്നത്‌. വികസനമേഖലയ്ക്കടക്കം കൂടുതൽ പണം നീക്കിവച്ച്‌ മികച്ച സാമ്പത്തിക മാനേജ്‌മെന്റാണെന്നും തെളിയിച്ചു. പകർച്ചവ്യാധി, മാലിന്യ പ്രശ്നം തുടങ്ങി എല്ലാത്തിനോടും നിഷേധാത്മകനിലപാടാണ്‌ പ്രതിപക്ഷം സ്വീകരിക്കുന്നത്‌–- അദ്ദേഹം പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home