Deshabhimani

നമുക്കുണ്ടൊരു ലോകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 11:11 PM | 0 min read



ലോക കായിക മഹോത്സവമായ ഒളിമ്പിക്സിന്‌ വെള്ളിയാഴ്‌ച പാരീസിൽ തുടക്കമാവും. ആഗസ്‌ത്‌ 11വരെ നടക്കുന്ന മുപ്പതാം ഒളിമ്പിക്സിൽ 32 കായിക ഇനങ്ങളിൽ 329 മത്സര ഇനങ്ങളുണ്ടാകും. ബ്രേക്ക് ഡാൻസ് ആദ്യമായി ഒളിമ്പിക്‌സിൽ മത്സരയിനമാകുന്നു എന്ന പ്രത്യേകതയുമുണ്ട്‌. 206 രാജ്യങ്ങളിലെ 10,714 കായിക താരങ്ങളാണ്‌ ഇക്കുറി മാറ്റുരയ്‌ക്കുന്നത്‌.

1896 ഏപ്രിലിൽ ഏതൻസിലാണ് ആധുനിക ഒളിമ്പിക്സിന് തുടക്കം കുറിച്ചത് .14 രാജ്യങ്ങളിൽനിന്ന്‌ 43 ഇനങ്ങളിൽ 241 പുരുഷന്മാരായിരുന്നു പങ്കെടുത്തിരുന്നത്. മാരത്തണായിരുന്നു  ഗ്ലാമർ ഇനം. ആധുനിക ഒളിമ്പിക്സിന്റെ പിതാവായറിയപ്പെടുന്നത് പിയറി ഡി കുമ്പെർട്ടിനാണ്. പരസ്പരം കോർക്കപ്പെട്ട അഞ്ചുവളയങ്ങളാണ് ഔദ്യോഗിക ചിഹ്നം . ഇവ യൂറോപ്പ് (നീല), ആഫ്രിക്ക (കറുപ്പ്), അമേരിക്ക (ചുവപ്പ്), ഏഷ്യ (മഞ്ഞ), ഒസ്ട്രേലിയ (പച്ച) എന്നിങ്ങനെ  അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു. വെള്ള പ്രതലത്തിൽ അഞ്ചു വളയങ്ങൾ ആലേഖനം ചെയ്തതാണ് ഒളിമ്പിക് പതാക. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയാണ്  (IOC) സംഘാടകർ. തോമസ് ബാച്ച് ആണ് ഐ ഒ സി  പ്രസിഡന്റ്‌.

സ്വർണവേട്ടക്കാർ
പങ്കെടുത്ത അഞ്ച്‌ ഒളിമ്പിക്സിലായി അമേരിക്കക്കാരൻ മൈക്കൽ ഫെൽപ്സ്   23 സ്വർണം ഉൾപ്പെടെ 28 മെഡലുകൾ നീന്തി കൈപ്പിടിയിലാക്കി. ഒരു ഒളിമ്പിക്സിൽഎട്ട്‌ സ്വർണമെന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്‌.  തുടർച്ചയായ മൂന്ന്‌ ഒളിമ്പിക്സുകളിൽ പങ്കെടുത്ത്‌ മൂന്നിനങ്ങളിൽ സ്വർണം നേടിയ ആദ്യ കായിക താരം ജമൈക്കയുടെ ഉസൈൻ ബോൾട്ടാണ്   

പാരാലിമ്പിക്സ്
ശാരീരിക‐മാനസിക  വെല്ലുവിളി നേരിടുന്നവർക്ക് മാത്രമായി നടത്തുന്ന അന്താരാഷ്ട്ര കായിക മേളയാണ് പരാലിമ്പിക്സ്.1988 മുതൽ ഒളിമ്പിക്സ് വേദിയിലാണ് പാരാലിമ്പിക്സും നടത്തുന്നത്. 2028-ലെ ഒളിമ്പിക്സ് ലോസ്ആഞ്ചലസിലും 2032 ലേത് ഒസ്ട്രേലിയയിലെ ബ്രിസ്ബണിലുമാണ് നടക്കുക.

ഒളിമ്പിക് ഗാനവും മുദ്രാവാക്യവും
ഗ്രീക്ക് കവി കോസ്റ്റിസ് പലാമസ് രചിച്ച വരികളാണ്‌ ഒളിമ്പിക്സ് ഗാനമായത്. ഗ്രീക്ക് ഭാഷയിലെഴുതിയ വരികൾ ചിട്ടപ്പെടുത്തിയത് സ്പിരിഡൻ സമാരസാണ്‌. 1896ലെ പ്രഥമ ഒളിമ്പിക്സിൽ ഇത് ആലപിച്ചുവെങ്കിലും ഔദ്യോഗികഗാനമായത് 1960 റോം ഒളിമ്പിക്സിലാണ്‌.  ഒളിമ്പിക്സിന്‌ കൊടി ഉയരുമ്പോഴും താഴുമ്പോഴും മുഴങ്ങുന്ന ഗാനമാണിത്‌.  
കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ (Citius, Altius, Fortius) എന്നതായിരുന്നു ഒളിമ്പിക്‌ മുദ്രാവാക്യം. ഡൊമിനിക്കൻ പുരോഹിതൻ ഫാദർ ദിദിയോനാണ്‌ ഇത്‌ രചിച്ചത്‌. നൂറുവർഷം മുമ്പ്‌, 1924 പാരീസ്‌ ഒളിമ്പിക്സിലാണ്‌ ഇതാദ്യമായി ഉപയോഗിച്ചത്‌. 2020 ടോക്യോ ഒളിമ്പിക്സിൽ ഈ ആപ്തവാക്യത്തിനൊപ്പം ഒന്നിച്ച്‌ (Together) എന്ന വാക്കു കൂടി അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി കൂട്ടിച്ചേർത്തു. ഇതോടെ ഒളിമ്പിക്‌ ആപ്തവാക്യം Faster, Higher, Stonger, Together എന്നായിമാറി.

പോരാട്ടത്തിന്റെ ഫ്രിജ്യൻ തൊപ്പികൾ
പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം അറിയാമോ? കണ്ണുകളും കാലുകളുമുള്ള ത്രികോണാകൃതിയിലുള്ള രൂപമായ   ഫ്രിജ്യൻ ആണത്‌. ഫ്രഞ്ച് വിപ്ലവകാലത്ത് ധരിച്ച ചുവന്ന നിറമുള്ള തൊപ്പികളാണ്‌  ഫ്രിജ്യൻ തൊപ്പികൾ സ്വാതന്ത്ര്യത്തിന്റെയും സഹോദര്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നവയാണിവ.



deshabhimani section

Related News

View More
0 comments
Sort by

Home