പ്രിയമുള്ളവരേ, ഇത് പോരാട്ടത്തിന്റെ കഥ

ഷെഹിൻഷാ
Published on Feb 21, 2025, 09:46 PM | 2 min read
കൊല്ലം : 1949ലെ ഓണക്കാലം. ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ തടിച്ചുകൂടിയ ജനങ്ങൾ കാതുകൂർപ്പിച്ച് വേദിയിലേക്കു മാത്രം നോക്കിനിൽക്കുന്നു. ഒരു ഇരുപതുകാരൻ കഥ പറഞ്ഞുതുടങ്ങിയിരിക്കുന്നു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ പതിഞ്ഞ ശബ്ദത്തിൽ കഥ തുടങ്ങിയ ഇരുപതുകാരന്റെ വാക്കുകളിൽ പതിയെ വികാരവിക്ഷോഭങ്ങൾ നിറഞ്ഞു. ഉച്ചഭാഷിണിയില്ലാതെ ആ ഒച്ച തുളഞ്ഞുകയറിയത് അരണ്ട വെളിച്ചത്തിൽ മുന്നിലിരുന്ന മനുഷ്യരുടെ ഹൃദയത്തിലേക്കും. വി സാംബശിവൻ എന്ന കാഥികസമ്രാട്ട് ഉദയംചെയ്‌ത രാവ്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത'യായിരുന്നു ആദ്യകഥ. പിന്നീട് ആയിരക്കണക്കിനു വേദികളിൽ ആ ശബ്ദം മുഴങ്ങി. ചിരിച്ചും കരഞ്ഞും രോഷം തിളച്ചും ജനലക്ഷങ്ങൾ കൊതിയോടെ ആ കഥകൾ കേട്ടു.
ലോകസാഹിത്യത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ കഥാപ്രസംഗവേദിയിൽ ആദ്യം അവതരിപ്പിച്ചു വിജയിപ്പിച്ചത് സാംബശിവനായിരുന്നു. ഷേക്സ്പിയറിന്റെ ഒഥല്ലോയും ടോൾസ്റ്റോയിയുടെ അനീസ്യയും (ദ പവർ ഓഫ് ഡാർക്‌നസ്)തുടങ്ങിയ കഥാപ്രസംഗങ്ങൾ മലയാളിയെ വിശ്വസാഹിത്യകൃതികളുമായി ഇടപഴകാൻ പഠിപ്പിച്ചു. ബിമൽ മിത്രയുടെ വിലയ്ക്കുവാങ്ങാം, ഇരുപതാം നൂറ്റാണ്ട് എന്നീ കഥകളിലൂടെ സാംബശിവൻ കത്തിപ്പടർന്നു. തിരക്കേറിയ 48വർഷം നാട്ടിലും വിദേശത്തും കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. കേരള ജനതയെ പുരോഗമന രാഷ്ട്രീയത്തിനൊപ്പം അണിനിരത്തുന്നതിൽ ആ വേദികൾ ചെറുതല്ലാത്ത പങ്കുവഹിച്ചു.
1929 ജൂലൈ നാലിന് കൊല്ലം ചവറ തെക്കുംഭാഗം നടുവത്തുചേരിയിലായിരുന്നു ജനനം. മേലൂട്ട് വേലായുധന്റെയും ശാരദയുടെയും ആദ്യ മകനായി ജനനം. ചവറസൗത്ത് ഗവ. യുപി സ്കൂളിലും ഗുഹാനന്ദപുരം സംസ്കൃതസ്കൂളിലും ശങ്കരമംഗലം സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളേജിൽനിന്ന് ബിഎ ഒന്നാം ക്ലാസിൽ പാസായി. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയ പ്രവേശനത്തിനു തുടക്കംകുറിച്ച സാംബശിവൻ അടിയന്തരാവസ്ഥക്കാലത്ത് വിലക്കുലംഘിച്ച് കഥ അവതരിപ്പിച്ചതിന് ജയിൽവാസവും അനുഭവിച്ചു. കഥപറഞ്ഞ് നിറഞ്ഞാടുന്നതിനിടയിൽ 1995ൽ ന്യുമോണിയയും ശ്വാസകോശത്തിൽ അർബുദവും ബാധിച്ചു. 1996 ഏപ്രിൽ 23ന് 67–ാം- വയസ്സിൽ വിഖ്യാത കാഥികൻ വിട പറഞ്ഞു.
സമരഭൂമിയിലെ പോരാളി
‘അടിയുടെ ഇടിയുടെ വെടിയുടെ മുമ്പിൽ
വിരിമാറ് കാട്ടിയ വീരസഖാക്കൾ
പടുത്തുയർത്തിയ പ്രസ്ഥാനം
കെടാതെ ഞങ്ങൾ സൂക്ഷിക്കും
തലമുറ തലമുറ കൈമാറും'
മിച്ചഭൂമി സമരവിജയത്തിൽ നായകനായിരുന്ന വി സാംബശിവൻ വിളിച്ച മുദ്രാവാക്യം സമരസഖാക്കളാകെ ഏറ്റുവിളിച്ചു. കുടികിടപ്പുകാരെയും പാതിവാരക്കാരെയും പാട്ടക്കാരെയും ആവേശഭരിതരാക്കിയ ഒന്നായിരുന്നു 1969 ഡിസംബർ 13നും 14നും ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയിൽ ചേർന്നയോഗം. യോഗത്തിൽ ജനുവരി ഒന്നുമുതൽ മിച്ചഭൂമി പിടിച്ചെടുക്കുമെന്നായിരുന്നു എ കെ ജിയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ജൂലൈ 15ന് സിപിഐ എം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 40ഏക്കർ വരുന്ന നീണ്ടകര നീലേശ്വരം തോപ്പിലേക്ക് സമരസഖാക്കൾ ഇരച്ചുകയറി. 'നീലേശ്വരം തോപ്പിൽ നിൽക്കുന്ന തെങ്ങുകൾ ഞങ്ങളെക്കണ്ടാൽ തലകുനിക്കും' എന്ന് സാംബശിവൻ ചൊല്ലിക്കൊടുത്ത ഗാനശകലം ഏറ്റുപാടിയാണ് ആയിരക്കണക്കിനുപേർ സമരത്തിൽ പങ്കെടുത്തത്. സമരക്കാർക്കു നേരെ ആക്രമണം അഴിച്ചുവിട്ട പൊലീസിനെ ഒരുവിഭാഗം പ്രവർത്തകർ നേരിട്ടു. ഒടുവിൽ പരാജിതരായ പൊലീസ് സംഘം അവിടെനിന്ന് പിന്മാറുകയായിരുന്നു. നിരവധി സമരങ്ങളിൽ പങ്കാളിയായിട്ടുള്ള സാംബശിവന്റെ നേതൃപാടവത്തിന് തെളിവായിരുന്നു നീലേശ്വരം തോപ്പിലെ സമരം.









0 comments