പുത്തനുണർവിൽ പെരിനാടിന്റെ സ്വന്തം സീതകളി

പി ആർ ദീപ്‌തി
Published on Feb 22, 2025, 09:57 PM | 2 min read
കൊല്ലം : നല്ല വസ്‌ത്രം ധരിക്കാനും ചെരുപ്പ്, കുട എന്നിവ ഉപയോഗിക്കാനുമുള്ള അവകാശത്തിനായി പോരാടിയ മണ്ണ്. നിരവധി ചെറുത്തുനിൽപ്പുകൾക്ക് സാക്ഷ്യംവഹിച്ച പെരിനാട്. ഈ നാടിനു നഷ്ടപ്പെട്ടുപോയ ഒരു കലാരൂപത്തെ ചേർത്തുപിടിച്ച കഥകൂടിയുണ്ട് പറയാൻ. മൂന്നു പതിറ്റാണ്ടുമുമ്പ് വിസ്‌മൃതിയിലേക്കുമറഞ്ഞ കലാരൂപമായിരുന്നു സീതകളി. പെരിനാട് പഞ്ചായത്തും ഒരു കൂട്ടം കലാകാരന്മാരും രംഗത്തിറങ്ങി നടത്തിയ ശ്രമം സീതകളിയുടെ വീണ്ടെടുപ്പ് സാധ്യമാക്കി. മൺമറഞ്ഞുപോയ സീതകളി ഇന്ന് ഒരു ജനകീയ കലാരൂപമാണ്. ഒപ്പം നിരവധി കലാകാരന്മാരുടെ ഉപജീവനവും.
ഒറ്റയൊന്നല്ല പലതാണ് രാമായണം കഥ
നമ്മുടെ രാമായണം കഥ ഏകപാഠമല്ല. ഒരുകാലത്ത് ഉണ്ടായി വാമൊഴിയായും വരമൊഴിയായും മറ്റും വ്യത്യസ്‌ത സമൂഹങ്ങൾക്കിടയിൽ ലോകത്തിന്റെ പലഭാഗത്തായി പലമട്ടിൽ അക്കഥ പ്രചരിച്ചു. മാപ്പിളരാമായണം, ബൗദ്ധരാമായണം, ജൈനരാമായണം, കമ്പരാമായണം, വാൽമീകി രാമായണം, ബാലിരാമായണം, ടിബറ്റൻ രാമായണം, സിംഹളരാമായണം, വയനാടൻ രാമായണം ഇങ്ങനെ എണ്ണിയാൽ തീരാത്തതാണ് രാമായണ കഥാവൈവിധ്യം. വ്യത്യസ്‌ത ഭാഷകളിലും നാടുകളിലും രാമായണം കഥയ്‌ക്ക് പ്രചാരമുണ്ടായി എന്നുമാത്രമല്ല അവയ്‌ക്ക് പ്രാദേശികമായ വ്യാഖ്യാനങ്ങളുമുണ്ടായി. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് വർഗീയതയുടെ വക്താക്കൾ അതിനെ ഏകപാഠവൽക്കരിച്ച് രാഷ്ട്രീയലക്ഷ്യം ഉണ്ടാക്കുന്നത്. രാമായണംകഥയുടെ വൈവിധ്യത്തെ അടയാളപ്പെടുത്തുമ്പോൾ അതിൽ സീതകളിക്കുമുണ്ട് ഏറെ പ്രാധാന്യം.
പെരിനാടിന്റെ സ്വന്തം ജനകീയ കല
നൂറ്റാണ്ടുകൾക്കു മുമ്പ് ഉത്ഭവിച്ച കലാരൂപമാണ് സീതകളി എന്ന് പറയപ്പെടുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലെ കുറവ സമൂഹവും വേടർ, പുലയ സമുദായങ്ങളിപ്പെട്ടവരുമാണ് ഇതിന്റെ പ്രചാരകർ. ജാതി–മത വിവേചനമില്ലാതെ ഓണക്കാലത്ത് അത്തം മുതൽ 28–-ാം ഓണനാൾവരെയാണ് സീതകളി അവതരിപ്പിച്ചിരുന്നത്. സീതയുടെ വനയാത്ര മുതൽ സ്വർഗാരോഹണംവരെയുള്ള ഭാഗമാണ് പ്രമേയം. വീട്ടുമുറ്റങ്ങളിലെത്തിയായിരുന്നു അവതരണം. വൈകിട്ട് തുടങ്ങുന്ന കളി പുലർച്ചെവരെ തുടരും. ഓരോ വീടുകളിലും ഓരോ കഥകളാകും അവതരിപ്പിക്കുക. ലളിതമായ ചുവടുവയ്‌പുകളാണുള്ളത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ 28 പാട്ടുണ്ടാകും. ചെണ്ടയും ഗഞ്ചിറയും കൈമണിയും മണിക്കട്ടയുമാണ് താളം പകരുക. ശ്രീരാമനും ലക്ഷ്മണനും ദേഹം മുഴുവൻ പച്ചനിറത്തിലാണ് എത്തുന്നത്. മഞ്ഞളരച്ചുതേച്ചാണ് മാരീചൻ രംഗത്തെത്തുക. ശൂർപ്പണഖയും രാവണനും കരിവേഷമാണ്. പാള, ഈറ, തടി, ചിരട്ട തുടങ്ങിയ പ്രകൃതിവിഭവങ്ങൾ കൊണ്ടാണ് കിരീടവും മറ്റും നിർമിക്കുന്നത്. ഹനുമാന്റെ ലങ്കാദഹനത്തോടെയാണ് സീതകളി അവസാനിക്കുക. ദളിത് വിഭാഗങ്ങളുടെ ഒത്തുചേരലും കൂട്ടായ്മയും തീര്‍ത്ത സീതകളി പിന്നീട് ജാതി-മത-വര്‍ഗ വര്‍ണ വിവേചനങ്ങള്‍ക്ക് അതീതമായി ജനകീയ കലാരൂപമായി വികസിക്കുകയായിരുന്നു.
"ലങ്കയ്ക്കധിപനും ഞാൻ
പത്തുതല രാവണൻ ഞാൻ
പഞ്ചവടിതന്നിൽ വസിക്കും സീതാദേവിയെ
കേറിടുക തേരിലിപ്പോൾ
ലങ്കയിലെത്തണമേ
നേരമിനി കളയരുതെ സീതാദേവിയെ’
യാചകന്റെ വേഷത്തിൽ എത്തിയ രാവണൻ സീതയെ അപഹരിക്കുന്ന സന്ദർഭത്തിലുള്ള പാട്ടിൽ ഒന്നാണിത്. ഇങ്ങനെ ലളിതമായ ഭാഷാപ്രയോഗമാണ് സീതകളിയുടെ പാട്ടുകളിൽ ഉള്ളത്.
വിസ്‌മൃതിയിൽനിന്ന് വീണ്ടെടുപ്പിലേക്ക്
പെരിനാട് ദേശത്ത് സീതകളി ഏറെക്കാലം പ്രചാരത്തിലുണ്ടായി. 1980കൾ വരെ പെരിനാട് ഗ്രാമത്തിൽ ഓരോ വീടുകൾതോറും സീതകളി അവതരിപ്പിക്കുമായിരുന്നു. കാലക്രമേണ മൺമറഞ്ഞുപോയി. വർഷങ്ങൾക്കിപ്പുറമാണ് പുതിയ മട്ടിൽ അതിന്റെ വീണ്ടെടുപ്പ് സാധ്യമായത്. 2017ൽ കേരള സാംസ്‌കാരിക വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പെരിനാട് പഞ്ചായത്ത് ഭരണസമിതിയും ചെറുമൂട് വിജയശ്രീ ആർട്‌സ് ക്ലബ്ബും പെരിനാട് ദേശവും ഒന്നാകെ ശ്രമമാരംഭിച്ചു. പഞ്ചായത്ത് ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ സീതക്കളി പുനരാവിഷ്കരിച്ചു. കേരള ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പെരിനാട് സീതകളി അക്കാദമിയും പ്രാദേശിക കലാസമിതികളും ഇന്ന് ഈ കലാരൂപത്തിന്റെ പ്രചാരകരാണ്.
പ്രതികരണം
‘വളരെ ശ്രമകരമായ ദൗത്യമായിരുന്നു സീതകളിയുടെ വീണ്ടെടുക്കൽ. രാമായണത്തിൽനിന്ന് വ്യത്യസ്‌തമായി സീതയ്‌ക്ക് പ്രാധാന്യം നൽകിയുള്ള കളിയാണിത്. സീതകളി അവതരണത്തിന് നിരവധി ബുക്കിങ്ങുകൾ വരുന്നുണ്ട്. 35,000 രൂപയാണ് നിരക്ക്. പെരിനാട് സീതകളി സംഘം നേതൃത്വത്തിൽ ഇതിനകം 250 വേദിയിൽ അവതരിപ്പിച്ചുകഴിഞ്ഞു. കലാരൂപം പരിശീലിക്കാൻ പുതുതലമുറയും രംഗത്തുവരുന്നുവെന്നത് പ്രത്യാശ നൽകുന്നു.’ - ടി എൻ ഷാജിമോൻ (സീതകളിക്ക് പുതിയ രംഗഭാഷയൊരുക്കിയ കലാകാരൻ)









0 comments