കരിമ്പ് ഫാമിലെ തൊഴിലാളി മുന്നേറ്റം

പത്തനാപുരത്തെ കരിമ്പുസമരത്തിനെതിരെ പൊലീസ് നടത്തിയ തേർവാഴ്‌ചയെക്കുറിച്ച് 1974 നവംബർ 13നു പ്രസിദ്ധീകരിച്ച ദേശാഭിമാനി മുഖപ്രസംഗം
എം അനിൽ
Published on Feb 13, 2025, 03:01 PM | 2 min read
കൊല്ലം : ‘പത്തനാപുരത്തെ കരിമ്പ് ഫാം സമരത്തെ ചോരചീന്തി അടിച്ചമർത്താനും കൃഷിത്തോട്ടങ്ങളിലെ വിളവെടുപ്പ് കരാറുകാരായ പൈലിപ്പിള്ള, ചാക്കോപിള്ളമാർക്ക് അറ്റാദായമുണ്ടാക്കി കൊടുക്കാനും പൊലീസ് രംഗത്തിറിങ്ങിയിരിക്കുകയാണ്’–കരാറുകാരുടെ ചൂഷണത്തിനെതിരെ -1974 നവംബറിൽ പത്തനാപുരത്ത് കുമരംകുടി, ചിതൽവെട്ടി തുടങ്ങിയ ഫാമുകളിൽ നടന്ന കരിമ്പുസമരത്തെ അടിച്ചമർത്താൻ പൊലീസ് തടത്തിയ തേർവാഴ്‌ചയ്‌ക്കെതിരെ 1974 നവംബർ 13 ബുധനാഴ്‌ച പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ മുഖപ്രസംഗത്തിൽ ഇ എം എസ് കുറിച്ചിട്ടതാണിത്. തൊഴിലാളികളുടെ സമാധാന സമരത്തിന് നേതൃത്വംനൽകിയ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം കെ ഭാസ്‌കരനെയും പി രാമകൃഷ്‌ണനെയും പൊലീസ് അന്യായമായി അറസ്റ്റ്‌ചെയ്‌ത് ഭീകരമായി മർദിച്ചിരിക്കുന്നു. കൂടാതെ പത്തനാപുരം ലോക്കൽ സെക്രട്ടറി ബ്രഹ്മാനന്ദൻ, മീരാസാഹിബ്, എസ്‌എഫ്‌ഐ പ്രവർത്തകൻ ഷാബ്‌ദീൻ എന്നിവരും ഭീകരമായി പൊലീസ് മർദനത്തിന് വിധേയരായി. ഇതിൽ പ്രതിഷേധിച്ച ജനങ്ങളെ ലാത്തിയടിയും കൂട്ട അറസ്റ്റ് കൊണ്ടുമാണ് നേരിട്ടത്–- മുഖപ്രസംഗം തുടരുന്നു.
പത്തനാപുരത്തെ കരിമ്പുസമരം കെ ആർ ഗൗരിയമ്മ നിയമസഭയിലും ഉന്നയിച്ചിരുന്നു. കരാറുകാരുടെ ചൂഷണത്തിനെതിരെ സംഘടിച്ച് ഗുണ്ടകളുടെയും പൊലീസിന്റെയും തേർവാഴ്‌ചയെ അതിജീവിച്ച് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുത്ത ജില്ലയിലെ സമരചരിത്രത്തിലെ സുപ്രധാനമായ ഏടാണ് കരിമ്പുസമരം. നെല്ലും കരിമ്പും കൃഷി ചെയ്തിരുന്ന കർഷകത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നു. തൊഴിലാളികളെ സംഘടിപ്പിച്ച് കർഷക തൊഴിലാളി യൂണിയൻ കരാറുകാർക്ക് നിവേദനംനൽകി. നെല്ല് കൊയ്‌ത്തിന് പതവും കൂലിയും അംഗീകരിച്ചു. എന്നാൽ, കരിമ്പ് വെട്ടുമ്പോഴുള്ള കൊയ്‌ത്തുകൂലിയുടെ കാര്യത്തിൽ തർക്കമായി. കരാറുകാർ പുറത്തുനിന്നു തൊഴിലാളികളെ ഇറക്കി കുറഞ്ഞകൂലിക്ക് പണിയെടുപ്പിക്കാൻ തയ്യാറായി.
പുറത്തുനിന്ന് വരുന്നവരെ യൂണിയൻ തടഞ്ഞു. ഇതോടെ പൊലീസ് ഏകപക്ഷീയമായ ഇടപെടൽ നടത്തി. ഇത് പ്രശ്‌നം കൂടുതൽ വഷളാക്കി. തെന്മല ഡാം കോൺട്രാക്ടറായ ചാക്കോപിള്ള, വൻകിട കോൺട്രാക്ടറായ പൈലിപ്പിള്ള എന്നിവർക്കുവേണ്ടിയാണ് പൊലീസ് നിലകൊണ്ടത്. നവംബർ ആറിന് ചർച്ചയ്‌ക്കെന്നുപറഞ്ഞ് നേതാക്കളായ ബ്രഹ്മാനന്ദൻ, മീരാപിള്ള എന്നിവരെ പുനലൂർ ടിബിയിലേക്ക് വിളിപ്പിച്ച് പൊലീസ് അറസ്റ്റ്‌ചെയ്‌തു. ‘പൊലീസ് ജീപ്പിന് പടക്കമെറിഞ്ഞു എന്ന് കള്ളക്കേസുണ്ടാക്കി രണ്ടുപേരെയും അറസ്റ്റ് ചെയ്‌ത് ഭീകരമായി മർദിച്ചു. പൊലീസിന്റെയും കരാറുകാരുടെയും ഈ കള്ളക്കളി സമരത്തെ തകർക്കാൻ സഹായിച്ചില്ല’–- പാർടി ചരിത്രം ഓർമകളിലൂടെ എന്ന പുസ്‌തകത്തിൽ സിപിഐ എം മുൻ ജില്ലാ സെക്രട്ടറി കെ രാജഗോപാൽ വിവരിക്കുന്നു. വി എസ് അച്യുതാനന്ദൻ എംഎൽഎ, ആർ ബാലകൃഷ്‌ണപിള്ള, പാർടി ജില്ലാ സെക്രട്ടറി എൻ ശ്രീധരൻ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധത്തിൽ പങ്കെടുത്തു. ഒടുവിൽ വിജയം കണ്ടാണ് സമരം അവസാനിച്ചത്.










0 comments