ഒ എൻ വി: കാലം തീ പകർന്ന തൂലിക

ഒഎൻവിയോടൊപ്പം ചവറ കെ എസ് പിള്ള
മഹേഷ് കൃഷ്‌ണൻ
Published on Feb 25, 2025, 10:06 AM | 2 min read
കൊല്ലം : "പ്രൈമറി സ്കൂൾ കാലത്താണ് അപ്പുവണ്ണൻ അമ്മവീടായ ചവറയിൽ എത്തുന്നത്. കമ്യൂണിസ്റ്റ് പാർടിക്കുണ്ടായിരുന്ന നിരോധനം നീക്കിയ കാലം. മറ്റേത് നാട്ടിലെയുംപോലെ ജന്മി - കുടിയാൻ പ്രശ്നങ്ങൾ കൊടികുത്തിവാണിരുന്ന സമയം. സ്കൂൾ കാലഘട്ടത്തിൽ കണ്ടിരുന്ന ഇത്തരം അനുഭവങ്ങളാണ് അദ്ദേഹത്തെ കവിയും കമ്യൂണിസ്റ്റും ആക്കിയത്. കൊല്ലം മലയാളത്തിനു സമ്മാനിച്ച മഹാകവി ഒ എൻ വിയെക്കുറിച്ച് സുഹൃത്തും കവിയുമായ കവി ചവറ കെ എസ് പിള്ള ഓർത്തെടുക്കുന്നു.
ഒഎൻവി എനിക്ക് അപ്പുവണ്ണനാണ്. ഞാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മണിയനും. ചവറയിൽ നിരവധി ജന്മികുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. അവരുടെ വയലുകളിൽ പണിയെടുത്തിരുന്നത് നിർധനരായ അനേകം തൊഴിലാളികളും. പിൽക്കാലത്ത് മണ്ണെടുക്കുന്ന കമ്പനികൾ വന്നു. കൊടിയ ചൂഷണമാണ് ഇക്കാലയളവിൽ തൊഴിലാളികൾ നേരിട്ടിരുന്നത്. മതിയായ കൂലിയില്ല, ഭക്ഷണം പേരിനുമാത്രം. ഗോതമ്പിനും റാഗിക്കുമായി റേഷൻ കടകൾക്കു മുന്നിൽ വരിനിൽക്കേണ്ട അവസ്ഥ. നാണംമറയ്ക്കാൻ വസ്ത്രം വേണമെങ്കിൽ അളന്നുമുറിച്ചു നൽകുന്ന ജപ്പാൻ തുണികൾക്കായും റേഷൻകടകളിൽ കാത്തുനിൽക്കണം. എങ്ങും അരാജകാവസ്ഥയും ചൂഷണങ്ങളും. ഇത്തരം കാഴ്ചകൾകണ്ട് വളർന്നൊരാൾക്ക് തന്റെ എഴുത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും ഇത്തരം ആശയങ്ങളോടും പ്രതിബദ്ധത തോന്നിയതിൽ അത്ഭുതമില്ല. അതിൽ മുഖ്യ പങ്കുവഹിച്ചത് കാലമാണ്.
കേരളത്തിലെ മറ്റു സ്ഥലങ്ങളിലും അവസ്ഥ വിഭിന്നമായിരുന്നില്ല. എങ്ങും തൊഴിലാളി, കർഷക ചൂഷണങ്ങളുടെ കഥകൾ മാത്രം. ഇതിനെതിരെ പ്രക്ഷോഭങ്ങൾ കത്തിപ്പടർന്നു തുടങ്ങി. കാവുമ്പായിയും മൊറാഴയും പുന്നപ്ര–-വയലാറുമെല്ലാം തെക്കൻ കേരളത്തിലും അലയൊലി തീർത്തു. ഇത് ഒ എൻ വിയുടെ എഴുത്തിനെയും സ്വാധീനിച്ചു. അദ്ദേഹത്തെ മാത്രമല്ല അന്ന് കേരളത്തിൽ ഉണ്ടായിരുന്ന പ്രമുഖ എഴുത്തുകാരെല്ലാം തന്നെ ഇത്തരം സംഭവങ്ങളിലൂടെ ഇടതുപക്ഷ ആഭിമുഖ്യമുള്ളവരായി മാറി.
കോളേജ് കാലഘട്ടമാണ് ഒ എൻ വിയുടെ ജീവിതം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയത്. വിദ്യാർഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ സജീവമായിരുന്ന ഒ എൻ വി നിരവധി സമരങ്ങൾക്കും നേതൃത്വം നൽകി. ഈ സമയത്താണ് സാഹിത്യരംഗത്തും അദ്ദേഹം കൂടുതൽ സജീവമായത്. സംഘടനാപ്രവർത്തനത്തിനും സാഹിത്യത്തിനുമൊപ്പം മറ്റുചില പ്രവർത്തനങ്ങളും അദ്ദേഹമടക്കമുള്ള യുവാക്കൾക്ക് ഏറ്റെടുക്കേണ്ടി വന്നു. കള്ളക്കേസുകളിൽപ്പെട്ട് ഒളിവിൽ കഴിയേണ്ടിവന്ന കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിയിടവും സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുകയായിരുന്നു ഇതിൽ പ്രധാനം. ഇങ്ങനെ വഞ്ചിയിൽ കായലിലൂടെയുള്ള യാത്രാവേളയിലാണ് ഒപ്പമുണ്ടായിരുന്ന നേതാവ് വെള്ളത്തിൽ പ്രതിഫലിച്ച ചന്ദ്രനെ നോക്കുമ്പോൾ കവിക്കെന്ത് തോന്നുന്നു എന്ന് ചോദിച്ചത്. ആ ചോദ്യമാണ് പിന്നീട് പൊന്നരിവാൾ അമ്പിളിയിൽ എന്ന ക്ലാസിക് ഗാനത്തിനു വഴിതെളിച്ചത്.
കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിൽ 1948ൽ കൊല്ലത്തുനടന്ന അഖില കേരള പുരോഗമന സാഹിത്യ സംഘടനയുടെ സമ്മേളനത്തിൽ ഒ എൻ വി രചിച്ച അരിവാളും രാക്കുയിലും എന്ന കവിതയ്ക്ക് ചങ്ങമ്പുഴ അവാർഡ് ലഭിച്ചു. എന്നാൽ, സമ്മാനമായി അന്ന് ലഭിച്ചത് ഒരു കാലിക്കവറായിരുന്നു. പൊൻകുന്നം വർക്കി, കേശവദേവ്, തകഴി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മാനാർഹനായ ഒ എൻ വിയെ അടുത്തുവിളിച്ച പൊൻകുന്നം വർക്കി തങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് സൂചിപ്പിച്ചതോടെ സന്തോഷപൂർവം ഒ എൻ വി അത് സ്വീകരിക്കുകയായിരുന്നു. അവിടെനിന്നുള്ള യാത്ര ജ്ഞാനപീഠം വരെയുള്ള അവാർഡുകളിൽ എത്തിച്ചേർന്നത് ചരിത്രം. അക്കാലത്ത് രചിച്ച സമരത്തിന്റെ സന്തതികൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു തുടങ്ങിയ കവിതകൾ ഉൾപ്പെടെ കോർത്തിണക്കി പിൽക്കാലത്ത് ദാഹിക്കുന്ന പാനപാത്രം എന്ന കവിതാസമാഹാരം ഒ എൻ വി പുറത്തിറക്കിയിരുന്നു. അതിന്റെ അവതാരിക രചിച്ചത് ജോസഫ് മുണ്ടശേരിയായിരുന്നു. അതിൽ അദ്ദേഹം എഴുതിയ ഒരു വാചകം ഇങ്ങനെയായിരുന്നു. "ഈ യുവാവ് ഒരു പുരുഷായുസ്സിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുതീർത്തിരിക്കുകയാണ്. അടുത്ത പുരുഷായുസ്സിന്റെ ജോലിയാണ് ഇദ്ദേഹം ഇപ്പോൾ ചെയ്യുന്നത്'. തന്റെ ജീവിതത്തിൽ ഒ എൻ വി ഏറ്റവും വിഷമിച്ചുകണ്ട സന്ദർഭവും കെ എസ് പിള്ളയ്ക്ക് ഇന്നലെയെന്നപോൽ ഓർമയുണ്ട്. അത് 1964ലെ കമ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പിന്റെ സമയമായിരുന്നു. തിരുവനന്തപുത്തെ ഇന്ദീവരം വീട്ടിലെ മുറിയിൽ നടന്ന സ്വകാര്യ സംഭാഷണത്തിൽ കണ്ണുനിറഞ്ഞുകൊണ്ടാണ് കവി അന്ന് സംസാരിച്ചത്. ഇത്തരത്തിൽ അവസാനം വരെ കമ്യൂണിസ്റ്റ് ആശയങ്ങളെ വാക്കിലും എഴുത്തിലും പ്രവൃത്തിയിലും കൈമുതലാക്കിയ സാഹിത്യകാരനായിരുന്നു തന്റെ അപ്പുവണ്ണൻ എന്നും കെ എസ് പിള്ള ഓർത്തെടുക്കുന്നു.










0 comments