നേർവഴി തെളിച്ച നീലേശ്വരംതോപ്പ്‌

cpi m ai

image credit: META AI

avatar
പി ആർ ദീപ്‌തി

Published on Feb 15, 2025, 09:29 AM | 2 min read

കൊല്ലം : ‘അടിയുടെ ഇടിയുടെ വെടിയുടെ മുമ്പിൽ വിരിമാറ് കാട്ടിയ വീരസഖാക്കൾ പടുത്തുയർത്തിയ പ്രസ്ഥാനം കെടാതെ ഞങ്ങൾ സൂക്ഷിക്കും തലമുറ തലമുറ കൈമാറും' –-നീലേശ്വരം തോപ്പ്‌ മിച്ചഭൂമി സമരത്തിൽ വിജയക്കൊടി പാറിച്ചശേഷം വി സാംബശിവൻ ചൊല്ലിക്കൊടുത്ത മുദ്രാവാക്യത്തിന്‌ ഇന്നും പത്തരമാറ്റാണ്‌. കേരളത്തിലെ കുടികിടപ്പുകാരെയും പാതിവാരക്കാരെയും പാട്ടക്കാരെയും ആവേശഭരിതരാക്കിയ ഒന്നായിരുന്നു സമഗ്ര ഭൂപരിഷ്‌കരണ നിയമം. നിയമം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 1969 ഡിസംബർ 13നും 14നും ആലപ്പുഴ അറവുകാട്‌ ക്ഷേത്രമൈതാനിയിൽ ലക്ഷക്കണക്കിനാളുകൾ ഒന്നുചേർന്ന യോഗത്തിലാണ് മിച്ചഭൂമി പിടിച്ചെടുക്കണമെന്ന്‌ എ കെ ജിയുടെ അറവുകാട്‌ പ്രഖ്യാപനം ഉണ്ടായത്‌. ഭൂപരിഷ്കരണ (ഭേദഗതി) നിയമം നൽകുന്ന പരിരക്ഷ 1970 ജനുവരി ഒന്നുമുതൽ നടപ്പായതായി കണക്കാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഭൂപരിഷ്കരണ നിയമം നടപ്പായിട്ടും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഭൂവുടമകളുടെ സ്ഥലം പിടിച്ചെടുക്കാനാണ്‌ കർഷകസംഘം സമരം പ്രഖ്യാപിച്ചത്‌. പൊലീസിന്റെ കരിനിയമങ്ങളെയും ഭീകരമർദനങ്ങളെയും നേരിട്ട്‌ കേരളത്തിലങ്ങോളമിങ്ങോളം സമരം പടർന്നു.


ഇതിന്റെ ഭാഗമായി 1970 ജൂലൈ 15ന് സിപിഐ എം കരുനാഗപ്പള്ളി താലൂക്ക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മങ്കൊമ്പിൽ പട്ടരുടെ (സ്വാമി) 45 ഏക്കർ വരുന്ന നീണ്ടകര നീലേശ്വരം തോപ്പ്‌ കൈയേറാൻ തീരുമാനിച്ചു. വി സാംബശിവന്റെ നേതൃത്വത്തിൽ നൂറുകണക്കിന്‌ സമരസഖാക്കൾ തെങ്ങിൻതോപ്പിലേക്ക്‌ ഇരച്ചുകയറി. ‘നീലേശ്വരം തോപ്പിൽ നിൽക്കുന്ന തെങ്ങുകൾ ഞങ്ങളെക്കണ്ടാൽ തലകുനിക്കും' എന്ന് സാംബശിവൻ ചൊല്ലിക്കൊടുത്ത ഗാനശകലം ഏറ്റുപാടി സമരഭടന്മാർ തെങ്ങുകളിലേക്ക്‌ കയറി. ഭൂസ്വാമിമാരുടെ ശിങ്കിടിയായ സബ്ഇൻസ്പെക്ടർ കാട്ടാക്കട ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് നോക്കിനിൽക്കെയായിരുന്നു ഇത്. അതിനിടെ ഒരുവിഭാഗം പ്രവർത്തകർ തെങ്ങുകളിൽ വിളവെടുപ്പ് തുടങ്ങിയിരുന്നു. ആദ്യമൊന്നു പകച്ച പൊലീസ് ലാത്തിവീശി സമരക്കാർക്കു നേരെ പാഞ്ഞടുത്തു.


ഇതോടെ പൊലീസുകാർക്കു നേരെ തുരുതുരാ തേങ്ങകൾ വീണുതുടങ്ങി. ഗത്യന്തരമില്ലാതെ ചിതറി ഓടിയ പൊലീസിനു പിന്നാലെ കല്ലേറും. പരിഭ്രാന്തനായ ഇൻസ്‌പെക്ടർ സമരനായകനു നേരെ തിരിഞ്ഞു, ‘സാംബാ, എന്താണ്‌ നിങ്ങടെ പരിപാടി, ഇത്‌ അന്യായമല്ലേ, നിയമവിരുദ്ധമായാണ്‌ നിങ്ങൾ മിച്ചഭൂമിയിൽ പ്രവേശിച്ചത്‌’ എന്ന ആക്രോശത്തിനു മുന്നിൽ ‘പരിപാടി ഇവിടെ നടക്കുകയല്ലേ, നിങ്ങൾ കണ്ടോളു, മിച്ചഭൂമി സർക്കാർ വകയാണ്‌, ഞങ്ങളല്ല, പട്ടരാണ്‌ നിയമം ലംഘിച്ചത്‌, എത്രയും വേഗം വിട്ടുകൊടുക്കുകയാണ്‌ വേണ്ടത്‌’ എന്ന തെല്ലും കൂസലില്ലാതെയുള്ള സാംബന്റെ മറുപടി. വിരട്ടൽ വിഫലമാണെന്നു മനസ്സിലാക്കിയ പൊലീസ് സംഘം ഒടുവിൽ പിന്മാറി. മിച്ചഭൂമിയിൽ കർഷകർ അവകാശം സ്ഥാപിച്ച്‌ ചെങ്കൊടിയും നാട്ടി. വിജയാഹ്ലാദം പങ്കിട്ട്‌ സാംബശിവന്റെ നാവിൽനിന്ന് ഉയർന്ന ‘അടിയുടെ ഇടിയുടെ വെടിയുടെ മുമ്പിൽ വിരിമാറ് കാട്ടിയ വീരസഖാക്കൾ... മുദ്രാവാക്യം ഏറ്റുചൊല്ലിയാണ്‌ സമരഭടന്മാർ വള്ളത്തിൽ തെക്കുംഭാഗത്തേക്കു തിരിച്ചത്‌. അക്കാലത്ത്‌ സാംബശിവൻ പറഞ്ഞ ടോൾസ്റ്റോയിയുടെ ‘ഉയിർത്തെഴുന്നേൽപ്പ്‌ ’ കഥാപ്രസംഗത്തിലെ ‘കനകം വിളയും കന്നിമണ്ണിത്‌, കർഷക സ്വത്താണറിയുക നാം, കരുതരുതാരും കൈവശമാക്കാൻ കർഷകനുള്ളൊരു കൃഷിഭൂമി’ എന്ന സാംബശിവന്റെ വരികളും സമരസഖാക്കളെ സ്വാധീനിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home