തിരശ്ശീല വീഴാത്ത രംഗവേദി

ningalenne communistakki

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിൽ നിന്ന്

avatar
ഷെഹിൻഷാ

Published on Feb 26, 2025, 11:29 AM | 2 min read

കൊല്ലം : 1952 ഡിസംബർ ആറിന്റെ തണുത്ത രാത്രി. അന്ന്‌ കൊല്ലം ചവറ തട്ടാശ്ശേരിയിൽ വീശിയ കൊടുങ്കാറ്റ് പിന്നീട്‌ കേരളമാകെ ആഞ്ഞടിച്ചു. സുദർശന ടാക്കീസിലെ സ്റ്റേജിൽ ചെങ്കൊടി ഉയർന്നപ്പോൾ കണ്ണീരണിഞ്ഞ കർഷകത്തൊഴിലാളികളും അധഃസ്ഥിതരും ആവേശഭരിതരായി വിളിച്ചു, ‘കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ്’. അതൊരു യുഗപ്പിറവിയായിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ വേരോട്ടത്തിനു ആവേശമേകിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ പിറവി. 37 വേദികളിൽ കളിക്കാൻ അന്നുതന്നെ ഏർപ്പാടായി. ഒരേനാടകം ഒരേസമിതി എഴുപതു വർഷത്തിലധികം കളിക്കുകയെന്ന അപൂർവതയും കെപിഎസിക്ക് ഇന്ന് സ്വന്തം.


നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി


എഴുപതു വർഷം മുമ്പ് രണ്ടു ചെറുപ്പക്കാരുടെ മനസ്സിൽ ഉദിച്ച ആശയമാണ് കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ചാലകശക്തിയായി മാറിയ കെപിഎസി (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) എന്ന നാടകസമിതിയുടെ ആവിർഭാവത്തിന് വഴിതെളിച്ചത്. ആ ചെറുപ്പക്കാരിലൊരാൾ പിൽക്കാലത്ത് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിത്തീർന്ന ജനാർദനക്കുറുപ്പും മറ്റേയാൾ പുനലൂർ സ്വദേശി രാജഗോപാലൻനായരുമായിരുന്നു. ‘എന്റെ മകനാണ് ശരി' എന്ന പേരിൽ ഒരു നാടകം അവതരിപ്പിച്ചെങ്കിലും അത് വിജയിച്ചില്ല. അപ്പോഴാണ് അവർ തോപ്പിൽ ഭാസി ‘സോമൻ' എന്ന പേരിൽ എഴുതിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' വായിക്കുന്നത്. തുടർന്ന് കുണ്ടറയിൽ ഒളിവിലായിരുന്ന തോപ്പിൽഭാസിയുമായി ജനാർദനക്കുറുപ്പ് ബന്ധപ്പെട്ടു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകമാക്കിക്കൂടേയെന്ന ചിന്തയുണ്ടായി. സ്റ്റേജിൽ അവതരിപ്പിക്കാനായി ചില മാറ്റങ്ങൾ വരുത്താനും ഭാസി സമ്മതിച്ചു. നാടകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ യുവതലമുറയുടെ ഹരമായിരുന്ന ഡി എം പൊറ്റെക്കാട് ആയിരുന്നു. കാമ്പിശ്ശേരി കരുണാകരൻ, ജി ജനാർദനക്കുറുപ്പ്, ഒ മാധവൻ, വി സാംബശിവൻ, കെപിഎസി സുലോചന, സുധർമ, വിജയകുമാരി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


ningalenne communistakkiചവറ തട്ടാശ്ശേരിയിൽ നാടകം അരങ്ങേറുന്നതറിയിച്ച് പുറത്തിറക്കിയ നോട്ടീസ്


ഏറ്റുപാടി ജനം


സാധാരണ സം​ഗീതനാടകങ്ങളെ അപേക്ഷിച്ച് നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി വൻവിജയം കൈവരിച്ചു. പാട്ടും അഭിനയവും വാദ്യമേളങ്ങളും ഒക്കെ ചേർന്ന് ഒരു സംഗീതസദ്യയായിരുന്നു കെപിഎസി അന്ന് കാഴ്ചവച്ചത്. നാടകം കഴിഞ്ഞപ്പോൾ എതിർക്കാൻ വന്നവരും നിശബ്ദരായിപ്പോയെന്ന്‌ ചരിത്രം. നാടകത്തിലെ പാട്ടുകൾ പിന്നീട് നാടൊന്നാകെ ഏറ്റുപാടി. ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ...’ കേരളമാകെ അലയടിച്ചു. വെള്ളാരംകുന്നിലെ... പൊന്മുളം കാറ്റിലെ... എന്ന ഗാനവും ഹൃദയത്തിൽ പതിഞ്ഞു. നേരംപോയ് നേരംപോയ് എന്ന ഗാനം അവസാനിക്കുന്നത് ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ’എന്ന പ്രസിദ്ധമായ വരികളിലായിരുന്നു. ഒ എൻ വി എഴുതിയ ആ മനോഹരകാവ്യങ്ങൾ ജി ദേവരാജനാണ് സം​ഗീതമാക്കി മാറ്റിയത്. കെ എസ് ജോർജും സുലോചനയും പാടി.


ചരിത്രത്തിന്റെ ഭാഗമായ ഈ നാടകത്തിന് തിരശ്ശീല വീഴാൻ ഇന്നും സാംസ്കാരികകേരളം അനുവദിച്ചിട്ടില്ല. അതിനു മൂലകാരണം നാടകം ഉയർത്തിവിട്ട സന്ദേശമായിരുന്നു. ജന്മിയുടെ കൊടിയമർദനങ്ങൾക്കും ചൂഷണങ്ങൾക്കും അയിത്തത്തിനും ഇരയായിരുന്ന കർഷകരോട് നാടകം ഐക്യപ്പെട്ടു. നിങ്ങൾ ഒറ്റയ്ക്കല്ല, നമ്മൾ ഒന്നാണെന്ന് നൽകിയ സന്ദേശം ഇന്നും പലവേദികളിലും അലയടിച്ചുകൊണ്ടിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home