മതിവരില്ല കൊല്ലം കണ്ടാൽ

kollam
avatar
പി ആർ ദീപ്‌തി

Published on Mar 07, 2025, 01:31 PM | 2 min read

കൊല്ലം : കടലും കായലും നദികളും മലനിരകളും തീർക്കുന്ന പ്രകൃതിഭംഗി, പൗരാണിക നിർമിതികളുടെ മനോഹാരിത, ചരിത്രത്തിന്റെ പ്രതാപവും പ്രൗഢിയും കൈവിടാതെ നിരവധിടൂറിസം കേന്ദ്രങ്ങൾ, കണ്ടൽക്കാടുകൾക്കിടയിലൂടെ ചെറു വള്ളങ്ങളിലേറിയുള്ള യാത്ര, നോക്കെത്താദൂരത്തോളം പുൽമേടുകൾ, മുന്നിലൂടെയും പിന്നിലൂടെയും വന്ന്‌ കണ്ണുപൊത്തുന്ന കോടമഞ്ഞ്‌... വിസ്‌മയം പകരുന്ന കാഴ്‌ചകളും ത്രസിപ്പിക്കുന്ന സാഹസികതയും ഒക്കെയായി ഏത്‌ സഞ്ചാരിയുടെയും മനംകുളിർപ്പിക്കുന്നതാണ്‌ കൊല്ലം ഒരുക്കുന്ന ദൃശ്യവിരുന്ന്‌. സിപിഐ എം സംസ്ഥാന സമ്മേളനം കാണുന്നതിനായി എത്തിയവരും കൊല്ലത്തെ മതിവരാക്കാഴ്‌ചകളിലേക്ക്‌ ഇറങ്ങുകയാണ്‌.


മൺറോതുരുത്ത്‌


അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിലെ ‘സിങ്കിങ്‌ ഐലൻഡ്‌’ എന്ന്‌ അറിയപ്പെടുന്ന എട്ട് ദ്വീപുകളുടെ കൂട്ടമായ മൺറോതുരുത്തിൽ കണ്ടൽക്കാടുകൾക്കിടയിലൂടെ ചെറുവള്ളങ്ങളിലേറി യാത്ര അവിസ്‌മരണീയ അനുഭവമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. തദ്ദേശീയരുടെ ഗ്രാമീണ ജീവിതരീതികൾ കണ്ടുമനസ്സിലാക്കാം. എഡി 1878ൽ നിർമിച്ച ഡച്ച് പള്ളി, കേണൽ മൺറോയുടെ ബംഗ്ലാവ് തുടങ്ങിയ പ്രധാന ചരിത്രസ്മാരകങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്‌.

munroe


ആശ്രാമം അഡ്വഞ്ചർ പാർക്ക്


കൊല്ലം നഗരത്തിനുള്ളിൽ ആശ്രാമം അഡ്വഞ്ചർ പാർക്ക് അപൂർവ കാഴ്‌ചവസന്തമാണ്‌. അഷ്ടമുടിക്കായലിന്റെ തീരത്ത് 48 ഏക്കറിലെ പാർക്ക്‌ അപൂർവ കണ്ടൽസസ്യങ്ങളുടെ അക്ഷയഖനിയാണ്‌.

images

സാമ്പ്രാണിക്കോടി


വിശാലമായ കായൽനടുവിലെ കാനനത്തുരുത്തായ സാമ്പ്രാണിക്കോടിയിൽ മുട്ടറ്റം വെള്ളത്തിൽ കിലോമീറ്ററുകളോളം ചുറ്റിനടക്കാം. കക്ക പെറുക്കാനും കാലിലുരുമ്മി നീങ്ങുന്ന കരിമീനുകളെ പിടിക്കാനും അവസരം. രാവിലെ എട്ടുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ് തുരുത്തിലേക്കു പോകാൻ അനുമതി.


sambranikkodiphoto credit: dtpc kollam

സീ അഷ്ടമുടി സർവീസ്‌


അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കായി ജലഗതാഗത വകുപ്പ് സീ അഷ്ടമുടി ബോട്ട്‌ സർവീസ് 2023 മാർച്ച് 13-നാണ്‌ ആരംഭിച്ചത്. കൊല്ലം ബോട്ട് ജെട്ടിയിൽനിന്നു പകൽ 11.30നു പുറപ്പെട്ട് അഷ്ടമുടിക്കായലിന്റെ എട്ടുമുടികളും സന്ദർശിച്ച് വൈകിട്ട്‌ 4.30നു മടങ്ങിയെത്തുന്ന വിധം അഞ്ചുമണിക്കൂറാണ്‌ യാത്ര. വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. 60 സീറ്റുള്ള താഴത്തെനിലയിൽ 400രൂപയും 30 സീറ്റുള്ള മുകളിലത്തെനിലയിൽ 500രൂപയുമാണ് നിരക്ക്. കുടുംബശ്രീയുടെ ഉച്ചഭക്ഷണവും ലഭിക്കും.

ashtamudikkayal

തെന്മല ഇക്കോടൂറിസം


കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതിയാണ് തെന്മലയിലേത്. ജില്ലയുടെ വനമേഖലയും ചെന്തുരുണി വന്യജീവി സങ്കേതവും പകരുന്ന അത്യപൂർവ പ്രകൃതി ദൃശ്യങ്ങളാണിവിടെ. പ്രകൃതിസൗന്ദര്യത്തിന്റെ നിഗൂഢതകളിലേക്ക്‌ സാഹസികർ ഉൾപ്പെടെ സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകും.

thenmalaphoto credit: thenmalaecotourism


ചെന്തുരുണി വന്യജീവിസങ്കേതം


പശ്ചിമതീര ഉഷ്ണമേഖലാ നിത്യഹരിതവനം, പശ്ചിമതീര അർധ നിത്യഹരിതവനം, ദക്ഷിണതീര ഇലകൊഴിയും ഈർപ്പവനം, ദക്ഷിണ ഉഷ്ണമേഖല ഗിരിശീർഷ ഹരിതവനം എന്നിങ്ങനെ നാലുതരം കാടുകളാൽ സമ്പന്നമാണ്‌ തെന്മല വനംഡിവിഷനിൽപ്പെട്ട ചെന്തുരുണി വന്യജീവി സങ്കേതം. നിത്യഹരിതവനങ്ങളിൽ കാണുന്ന വന്യജീവികളുടെ ആവാസകേന്ദ്രമാണ്‌.

shenduruney


കുംഭാവുരുട്ടി വെള്ളച്ചാട്ടം


സഹ്യാദ്രിസാനുവിന്റെ നിഗൂഢ കലവറകളിൽനിന്ന് അപൂർവ ഔഷധസസ്യങ്ങളെ തലോടി ഒഴുകിയെത്തുന്ന കാട്ടുചോലകൾ സംഗമിച്ച് വൻപാറക്കെട്ടിൽനിന്ന് 65 അടി താഴ്ചയിലേക്കു പതിക്കുന്ന കാഴ്ച നയനമനോഹരം. കേരളത്തെയും തമിഴ്‌നാടിനെയും വേർതിരിക്കുന്ന തൂവൽമലയുടെ ഉച്ചിയിലാണ്‌ ഉത്ഭവം.

kumbhavurutty


പാലരുവി വെള്ളച്ചാട്ടം


മുന്നൂറ്‌ അടി ഉയരത്തിൽനിന്നു പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്കു പതിക്കുന്ന പാലരുവിയുടെ കാഴ്‌ച തെല്ലൊന്നുമല്ല രസിപ്പിക്കുക. ഇടതൂർന്നു കിടക്കുന്ന ഉഷ്‌ണമേഖലാ വനത്തിലൂടെ പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര അതിശയിപ്പിക്കുന്ന അനുഭവമാണ്.

palaruvi


ദൃശ്യവിസ്മയമായി കണ്ണറപ്പാലം


കൊളോണിയൽ ചരിത്രത്തിന്റെ സ്‌മരണപേറുന്ന കഴുതുരുട്ടി പതിമൂന്നു കണ്ണറപ്പാലം യൂറോപ്യൻ വാസ്‌തുവിദ്യകലയുടെ ഉദാത്തമാതൃകയാണ്. കൊല്ലം–- -ചെങ്കോട്ട മീറ്റർഗേജ് റെയിൽപാതയ്‌ക്കായി 1902ൽ പശ്ചിമഘട്ടത്തിലെ രണ്ടു മലനിരകളെ ബന്ധിപ്പിച്ച് 13 ആർച്ചുകളാൽ നിർമിച്ചതാണ്‌ പാലം.

images


ജടായു നേച്ചർ പാർക്ക്‌


അറുപതിനാല്‌ ഏക്കറിലെ പരിസ്ഥിതി ഉദ്യാനമാണ് ജടായു എർത്ത്സ് സെന്റർ. ജടായു–--രാവണ യുദ്ധം ഇവിടെ ജടായുപ്പാറയിലാണ്‌ നടന്നതെന്നാണ്‌ വിശ്വാസം. ശിൽപ്പത്തിനുള്ളിലേക്ക്‌ സഞ്ചാരികൾക്കു കടക്കാൻ സൗകര്യമുണ്ട്‌. കിലോമീറ്റർ ദൂരത്തിൽ കേബിൾകാർ സംവിധാനം, ഡിജിറ്റൽ മ്യൂസിയം എന്നിവ ആകർഷണം.

jatayu



deshabhimani section

Related News

View More
0 comments
Sort by

Home