ad
Deshabhimani

ഇത് മൂന്നാമൂഴം: ജ്വലിക്കുന്ന ആവേശമായി കൊല്ലം

ems kollam party conference
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Mar 06, 2025, 02:30 PM | 2 min read

കൊല്ലം: തൊഴിലാളിവർഗത്തിന്റെ സമരഭൂമികയായ കൊല്ലം സിപിഐ എം സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നത്‌ ഇത് മൂന്നാംവട്ടം. 1971 ഡിസംബറിലാണ്‌ സിപിഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത്‌ ചേർന്നത്‌. നഗരത്തിലെ കാങ്കത്തുമുക്കിൽ ഇന്നു സൺബേ ഓഡിറ്റോറിയം സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ആദ്യ സമ്മേളനം. പ്രദേശത്തെ പാർട്ടിയുടെ അടിത്തറ വെളിപ്പെടുത്തിയ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ജില്ലാ സെക്രട്ടറി എൻ ശ്രീധരൻ ആയിരുന്നു സംഘാടനത്തിന്റെ മുൻനിരയിൽ.


1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയായി. പ്രതിനിധി സമ്മേളനം കൊല്ലംടൗൺഹാളിലും പൊതുസമ്മേളനം ലാൽ ബഹദൂർ സ്റ്റേഡിയത്തിലുമായിരുന്നു. ആശ്രാമം മൈതാനത്തുനിന്ന്‌ ആരംഭിച്ച റാലിയിൽ കശുവണ്ടിത്തൊഴിലാളികളും കർഷകത്തൊഴിലാളികളുമടക്കം പാർട്ടി പ്രവർത്തർ അണിചേർന്നു. ‘എൻ എസിന്റെ മരണശേഷമുള്ള സമ്മേളനമായിരുന്നു. നാടും നഗരവും അന്ന് ഒരേ ഒഴുക്കായി. സഖാക്കൾ ഒറ്റക്കെട്ടായി സമ്മേളന വിജയത്തിന്‌ സ്വയം മറന്ന് അണിനിരന്നു’- സംഘാടകസമിതി ജനറൽ കൺവീനറായിരുന്ന പി കെ ഗുരുദാസൻ ഓർക്കുന്നു.


തൊഴിൽ മത്സരങ്ങളും തൊഴിലാളി സംഗമങ്ങളും മുതൽ സാമൂഹ്യജീവിതത്തിന്റെ സർവതലസ്പർശിയായ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളുമായാണ് ഇത്തവണ പാർടി സമ്മേളന നഗറിലെത്തുന്നത്. കലാ-സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും എല്ലാമായി ഒരേ നിരയിൽ അണിചേർന്നു. ജനമനസ്സിലാകെ സമ്മേളനത്തിന്റെ സന്ദേശം എത്തിച്ച് മന്ത്രി കെ എൻ ബാലഗോപാലും ജില്ലാ സെക്രട്ടറി എസ് സുദേവനും നേതൃത്വം നൽകുന്ന സംഘാടകസമിതി ഇതിനൊപ്പം സദാ ജാഗ്രതിയിലാണ്.


മുപ്പത് വർഷങ്ങൾക്കിപ്പുറം ഒരിക്കൽകൂടി കൊല്ലം ചെമ്പട്ടണിയുമ്പോൾ ജില്ലയുടെ മുഖച്ഛായ മാറി. ഇവിടെനിന്നുള്ള ഇടതുപക്ഷ മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ജനപ്രതിനിധികൾ നടത്തിയ അക്ഷീണ പ്രയത്നത്തിൽ ജില്ലയുടെ വികസന സ്വപ്നങ്ങൾ ചിറകുവിരിച്ച കാലമാണ്.


2006ലെ വി എസ് മന്ത്രിസഭയിൽ തൊഴിൽ-എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത പി കെ ഗുരുദാസൻ മുൻകൈ എടുത്ത കൊല്ലം തുറമുഖ വികസനവും പാരിപ്പള്ളി മെഡിക്കൽ കോളേജും യാഥാർഥ്യമായി. 2016 മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാർ വരുത്തിയ വികസന മുന്നേറ്റം ജില്ലയിൽ എവിടെയും കാണാം, റോഡുകൾ, പാലങ്ങൾ എന്നിവയിൽ വന്ന മാറ്റം ഇടതുപക്ഷ സർക്കാരുകൾക്കുള്ള പിന്തുണയുടെയും കാഴ്ചയാവുന്നു.


ടൂറിസം മേഖലയുടെ വളർച്ചയും പുനലൂർ തൂക്കുപാലത്തിന്റെയും പേപ്പർമില്ലിന്റെയും കുണ്ടറ സെറാമിക്സിന്റെയും പുനരുദ്ധാരണവും ലിങ്ക് റോഡുകളും ബൈപാസുകളുമടക്കം വികസനത്തിന്റെ നേർക്കാഴ്ചകൾ അനവധി. ഒരിക്കലും സാധ്യമാകില്ലെന്ന് വിധിയെഴുതിയ കൊല്ലം ബൈപാസ് നടപ്പായതും ദേശീയപാത വികസനം കുതിക്കുന്നതും മാറ്റത്തിന്റെ അടയാളങ്ങളാണ്. മേൽപ്പാലങ്ങൾക്കടിയിലെ സ്ഥലം എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കാമെന്ന മാതൃകയായ "വി' പാർക്ക് ഉൾപ്പെടെ വികസനക്കാഴ്ചകളായി മുന്നിലുണ്ട്‌.


1964-ൽ ആന്ധ്രപ്രദേശിലെ തെനാലിയിൽ നടന്ന സിപിഐ എം രൂപീകരണസമ്മേളനത്തിൽ പങ്കെടുത്ത കൊല്ലത്തെ മുതിർന്ന നേതാവ്‌ എൻ പത്മലോചനന്റെ വാക്കുകളിൽ സമ്മേളനത്തിന്റെ ആവേശം തുടിക്കുന്നു.


‘1971ലും 1995ലും കൊല്ലത്ത്‌ നടന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ സഖാക്കൾക്കൊപ്പം മുന്നിൽനിന്നു. ഇന്നിപ്പോൾ പഴയപോലെ ഓടിനടക്കാൻ വയ്യ, എങ്കിലും ഉറപ്പായും സമ്മേളനത്തിനെത്തും.’ പ്രായവും അവശതകളും മാറ്റി വെച്ച് സമ്മേളനത്തിന്റെ വിജയത്തിനായി ഇപ്പോൾ കൊല്ലം ഒറ്റക്കെട്ടാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home