അമരസ്മരണയായി മൂന്ന് നക്ഷത്രങ്ങൾ

kochukuttan

കൊച്ചുകുട്ടൻ, ബി ദേവദത്തൻ, കെ കെ ബാബു

avatar
എ അഭിലാഷ്‌

Published on Feb 28, 2025, 02:15 PM | 2 min read

എഴുകോൺ : ജൂൺ 24, ജൂലൈ 12, ഡിസംബർ 29. രക്തതാരകങ്ങൾ വാനിലുയർന്നയീ ചുവന്നദിനങ്ങൾ നെടുവത്തൂരിലെ സിപിഐ എമ്മിന്റെ ചോര കിനിയുന്ന ചരിതം ഓർമപ്പെടുത്തുന്നതാണ്. വർഗീയ, വലതുപക്ഷ രാഷ്ട്രീയത്തിന്റെ വാൾമുനത്തുമ്പിനിരയായി വീട്ടുമുറ്റങ്ങളെത്താതെ പ്രിയ സഖാക്കൾ പിടഞ്ഞുവീണ ദിനങ്ങൾ. നാടിന്റെ പ്രിയപ്പെട്ടവരായിരുന്ന കായിലയിലെ കൊച്ചുകുട്ടനെയും കാരിക്കലിലെ കെ കെ ബാബുവിനെയും എരുതനങ്ങാട്ടെ ബി ദേവദത്തനെയും കുടുംബത്തിനും സിപിഐ എമ്മിനും നഷ്ടമായ ദിനങ്ങൾ.


വെളിയം കായില ബ്രാഞ്ച് അംഗമായിരുന്നു കൊച്ചുകുട്ടൻ. 1997 ജൂൺ 24നു വൈകിട്ട് ആറിന് വെളിയം ജങ്ഷനിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്നു കൊച്ചുകുട്ടൻ. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ സംഘടിച്ചെത്തിയ ആർഎസ്എസ്,- - ബിജെപി ഗുണ്ടകൾ കൊച്ചുകുട്ടനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ കൊച്ചുകുട്ടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാർടിയുടെ സജീവ പ്രവർത്തകനായി ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് നാടിന്റെ പ്രിയങ്കരനായി തീർന്ന സാഹചര്യത്തിലാണ് കൊച്ചുകുട്ടനെ വകവരുത്താൻ ആർഎസ്എസ്, ബിജെപി ഗുണ്ടകൾ ശ്രമിച്ചത്. വിവാഹനിശ്ചയത്തിന് ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കൊച്ചുകുട്ടൻ കൊല്ലപ്പെടുന്നത്.


പുത്തൂർ കാരിക്കൽ ബ്രാഞ്ച് അംഗമായിരുന്ന കെ കെ ബാബുവിനെ ആശുപത്രി കിടക്കയിലിട്ടാണ് കൊലപ്പെടുത്തുന്നത്. ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടും കലിയടങ്ങാത്ത ബിജെപി ഗുണ്ടകൾ ആശുപത്രി കിടക്കയിലിട്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2000 ജൂലൈ 10ന് വീടിനു സമീപമാണ് ആദ്യ ആക്രമണം നടന്നത്. മകന് ചെരുപ്പ് വാങ്ങാനായി കടയിൽ പോയി മടങ്ങവെയായിരുന്നു ആക്രമണം. ഗുരുതര പരിക്കേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാബുവിനെ അർധരാത്രിയിൽ സംഘടിച്ചെത്തിയ ഗുണ്ടാസംഘം വീണ്ടും ആക്രമിച്ചു. ജൂലൈ 12ന് ബാബു രക്തസാക്ഷിയായി. മകന് ചെരുപ്പ് വാങ്ങാനായി പോയ ബാബുവിന്റെ മൃതദേഹം രണ്ടു ദിവസത്തിനു ശേഷം വീട്ടിൽ എത്തിച്ചപ്പോൾ നാടും വീടും വിങ്ങിപ്പൊട്ടി.


പവിത്രേശ്വരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിൽക്കുമ്പോഴാണ് എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബി ദേവദത്തൻ കൊല്ലപ്പെടുന്നത്. 2018 ഡിസംബർ 29ന് എൽഡിഎഫ് സ്ഥാനാർഥികളുടെ സ്ലിപ് വിതരണം ചെയ്യുന്നതിനായി ബൈക്കിൽ പോകവേ കോൺഗ്രസ്‌ ഗുണ്ട തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകാലം പരിക്കേറ്റ ദേവദത്തനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. രാപ്പകൽ ഭേദമില്ലാതെ ഏതൊരാവശ്യത്തിനും ഇടപെട്ടിരുന്ന ദേവദത്തൻ നാട്ടുകാർക്ക് അവരുടെ പ്രിയപ്പെട്ട ബാബു അണ്ണനായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home