കേരള സർ... 100% ലിറ്ററസി സാർ..!

1990ൽ സാക്ഷരതാ മിഷന്റെ പഞ്ചായത്തുതല ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി പി കെ ഗുരുദാസൻ നിർവഹിക്കുന്നു
എസ് അനന്ദവിഷ്ണു
Published on Feb 17, 2025, 09:58 AM | 2 min read
കൊല്ലം : രാജ്യത്തിനാകെ അഭിമാനമാണ് കേരളം. തെക്കേ ഇന്ത്യയിലെ കൊച്ചുനാട്. നമ്മുടെ സമ്പൂർണ സാക്ഷരതാനേട്ടത്തെ കളിയാക്കി ഉത്തരേന്ത്യയിൽനിന്ന് ഒരു സ്റ്റാൻഡ് അപ് കോമഡിയിലെ കമന്റ് സോഷ്യൽ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. വിദ്യാഭ്യാസം സ്വപ്നം കാണാൻ സാധിക്കാത്ത കാലഘട്ടത്തിൽനിന്ന് 100 ശതമാനം സാക്ഷരത നേടിയെടുത്ത ഈ നാടിന്റെ ജൈത്രയാത്ര അത്രയ്‌ക്ക് എളുപ്പത്തിലായിരുന്നില്ല. ഒരു നാടിനു മുഴുവൻ വിദ്യാഭ്യാസം നൽകി അവരുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവന്ന സാക്ഷരതാമിഷന്റെ ചരിത്രം പറയാനുണ്ട് കൊല്ലം വടക്കേവിളയ്‌ക്കും.
കേരളം ലോകത്തിനു മാതൃക
കേരളം ലോകത്തിനു മുന്നിൽ തലയെടുപ്പുള്ള മാതൃകയായി നിൽക്കുന്നതിൽ നിരവധിയായ ആളുകളുടെ അക്ഷീണ പരിശ്രമമുണ്ട്. 1990കളിൽ സാക്ഷരതാ മിഷന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ നാട്ടിലെ സാധാരണക്കാരായ, പള്ളിക്കൂടങ്ങളിൽ പോകാൻ സാധിക്കാത്ത എല്ലാ ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. സാക്ഷരതാ ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ ജില്ലയിലും പ്രവർത്തനങ്ങൾ ഏറ്റെടുത്തു. വടക്കേവിളയിൽ ആദ്യ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറായ താജുദീന്റെ ഓർമകൾക്ക് ഇപ്പോഴും നൂറുശതമാനം അക്ഷരതെളിച്ചം.
അന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി കെ ഗുരുദാസന്റെ പൂർണപിന്തുണയിലായിരുന്നു മിഷൻ പ്രവർത്തനങ്ങൾ വിജയത്തിലെത്തിയത്. ആദ്യഘട്ടത്തിൽ എല്ലാ വീടുകളിലും കയറിയിറങ്ങി വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും എഴുത്തും വായനയും അറിയേണ്ടതിന്റെ അനിവാര്യതയും ജനങ്ങളിലെത്തിച്ചു. അക്ഷരം പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും അതിന് സാധിക്കാതെവന്ന നിരവധി ആളുകൾ ഓരോ വീടുകളിലും അന്നുണ്ടായിരുന്നു. കുട്ടികൾ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള നിരവധി ആളുകളെ സംഘടിപ്പിച്ച് വൈകുന്നേരങ്ങളിലും രാത്രികളിലും ക്ലാസുകൾ നടത്തി. സാക്ഷരതാ മിഷൻ പ്രത്യേകമായി തയ്യാറാക്കിയ പാഠപുസ്തകങ്ങളും സിലബസുകളുമായിരുന്നു അന്നു പഠിതാക്കൾക്കു നൽകിയത്.
സാക്ഷരതാ മിഷന്റെ ചരിത്രവും ചിത്രങ്ങളും അടങ്ങിയ ആൽബവുമായി ഇ താജുദീൻ
നാടിളക്കിയ അക്ഷരയജ്ഞം
നാടൻപാട്ടും കലാജാഥകളും തെരുവുനാടകങ്ങളും ഉൾപ്പെടെ ജനങ്ങളെ ബോധവൽക്കരിക്കാൻ താജുദീനും സംഘവും നാടുതോറും സഞ്ചരിച്ചിരുന്നു. തുടർന്ന് ജനം സാക്ഷരതാമിഷന്റെ യജ്ഞത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ആദ്യമൊക്കെ ചില ആളുകളെ നിർബന്ധിച്ചു പഠിപ്പിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. പിന്നീട് അവർ സ്വയമേ എത്തിച്ചേരുന്ന നിലയിലേക്ക് സാക്ഷരതാ മിഷൻ വിജയംകണ്ടു. പാടത്തും പറമ്പിലും കശുവണ്ടി ഫാക്ടറികളിലും നെയ്‌ത്ത്–- കൈത്തറി ശാലകളിലും ജോലി കഴിഞ്ഞുവന്നു വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും അവർ പഠിച്ചു. പ്രായമായ കാഴ്‌ചകുറഞ്ഞ ആളുകൾക്ക് വെള്ളെഴുത്ത് കണ്ണട ഉൾപ്പെടെ നൽകിയാണ് സർക്കാർ സ്വീകരിച്ചത്. അന്നത്തെ ജില്ലാ കലക്ടറായിരുന്ന എസ് എം വിജയാനന്ദിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് പഠിതാക്കൾക്ക് മാർഗനിർദേശം നൽകിയിരുന്നു.
പൊതുജനങ്ങൾ അണിനിരന്നു, പ്രതിസന്ധികൾ വഴിമാറി
നിരവധി പ്രതിസന്ധികളും പ്രതിഷേധങ്ങളും മിഷന് നേരിടേണ്ടിവന്നിട്ടുണ്ട്. പ്രാദേശിക ചാരായവിൽപ്പനകളും മദ്യപന്മാരുടെ ശല്യവും പ്രതിസന്ധികളായിരുന്നു. അതിനെയെല്ലാം പൊതുജനങ്ങളെ അണിനിരത്തി ജനകീയമായി പ്രതിരോധിച്ചാണ് താജുദീന്റെ നേതൃത്വത്തിലുള്ള സംഘം വടക്കേവിളയിൽ സാക്ഷരതാ മിഷൻ പ്രവർത്തനങ്ങളെ വിജയിപ്പിച്ചെടുത്തത്. വീട്ടിൽ സ്വന്തം ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന സാക്ഷരതാ മിഷൻ ആൽബത്തിലെ ചിത്രങ്ങളിൽ ഓർമകൾ മങ്ങലേൽക്കാതെ തെളിഞ്ഞുനിൽക്കുന്നു.
കൊല്ലത്തിന്റെ അക്ഷര, ശബ്ദ ചരിത്രം
ജില്ലയിലെ സാക്ഷരതാ മിഷനുകൾക്കു ജീവൻ നൽകിയ താജുദീൻ ശബ്ദം കൊണ്ട് ജില്ലയിലെ എല്ലാ കായികപ്രേമികൾക്കും സുപരിചിതനാണ്. വടക്കേവിള ഫാത്തിമാ മൻസിലിൽ ഇ താജുദീൻ 1965ൽ കണ്ണൂരിൽ റവന്യു വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 2000ൽ ഡെപ്യൂട്ടി തഹസിൽദാർ ആയി വിരമിച്ചു. ഇരുപതിനായിരത്തിലധികം വേദികളിൽ കമന്ററി പറയുകയും അനൗൺസറാകുകയുംചെയ്ത താജുദീന്റെ ശബ്ദം ഒരു വട്ടമെങ്കിലും കേൾക്കാത്ത മലയാളികൾ കുറവായിരുന്നു.
ഫെഡറേഷൻ കപ്പ് ഫുട്‌ബോൾ, കൊല്ലത്ത് നടന്ന നാഷണൽ ഗെയിംസ്, സന്തോഷ് ട്രോഫി, ഡ്യൂറന്റ് കപ്പ് തുടങ്ങി താജുദീന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം മുഴങ്ങിയ മത്സരങ്ങളുടെ പട്ടിക നീളുന്നു. എ കെ ജി അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ വിലാപയാത്രയ്ക്ക് ശബ്ദംകൊണ്ട് അകമ്പടിയായതും താജുദീൻ ആയിരുന്നു. വീട്ടിൽ 15000ത്തിലധികം പുസ്തകങ്ങളുടെ ഒരു ലൈബ്രറിയും സ്വന്തമായുണ്ട്. മെഡിസിറ്റി ആശുപത്രിയിലെ ആദ്യ പിആർഒ, എൻ എസ് ആശുപത്രിയിലെ ആദ്യ എസ്റ്റേറ്റ് മാനേജർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ക്യുഎസി പർവതാരോഹണ അസോസിയേഷൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.









0 comments