കല്ലമാല പൊട്ടിച്ച പെരിനാട് വീര്യം

ayyankali

പീരങ്കിമൈതാനത്തെ അയ്യൻകാളി പ്രതിമ, നേറ്റീവ് ലൈഫ് ഇന്‍ ട്രാവൻകോർ എന്ന പുസ്തകത്തിലെ പുലയർ എന്ന അധ്യായത്തിൽ ചേർത്തിരിക്കുന്ന കല്ലമാലയുടെ ചിത്രം

avatar
ഷെഹിൻഷാ

Published on Feb 14, 2025, 03:33 PM | 2 min read

കൊല്ലം : ‘വൈവിധ്യങ്ങളുടെ വലിയ സമന്വയമാണ് ഇന്ത്യ എന്ന രാഷ്ട്രം. നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പുതന്നെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സങ്കൽപ്പത്തിൽ ഊന്നിയതാണ്. എന്നാൽ, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇന്ന് ചില കോണുകളിൽനിന്ന് ഉണ്ടാകുകയാണ്. വൈവിധ്യങ്ങളെ തച്ചുടച്ച്‌ ഏകതാനതയിലേക്ക് ചുരുങ്ങാൻ ശ്രമിച്ച നമ്മുടെ അയൽരാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഈ ഘട്ടത്തിൽ പാഠമാകേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ആരാധനക്രമം പിന്തുടരാനും നിർഭയമായി ഓരോ ഇന്ത്യക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടിൽ നിലനിൽക്കണം. അത് ഉറപ്പുവരുത്തുക എന്നതാകും നമ്മുടെ ധീരദേശാഭിമാനികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം' –- രാജ്യം സ്വാതന്ത്ര്യത്തിന്റെ 78–-ാം വർഷത്തിലേക്കുകടന്ന സന്ദർഭത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സന്ദേശമായിരുന്നു ഇത്‌. നിരവധി അവകാശപ്പോരാട്ടങ്ങളിലൂടെയാണ്‌ നമ്മുടെ നാട്‌ ഉയർത്തെണീറ്റത്‌ എന്നതിന്റെ ഓർമപ്പെടുത്തൽ. മാറുമറയ്ക്കാനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി കൊല്ലം പെരിനാട്‌ ഉയർന്ന കാഹളം അത്തരത്തിലൊരേടാണ്‌.


പെരിനാടിന്റെ പോരാട്ടം


അയ്യൻകാളിയുടെ നേതൃത്വത്തിൽ പുലയജനസമൂഹം സംഘടിക്കുന്ന കാലഘട്ടമായിരുന്നു. വെടിപ്പുള്ള വസ്ത്രം, ചെരുപ്പ്, കുട, സ്വർണാഭരണം എന്നിവ ധരിക്കാൻ, വിദ്യാഭ്യാസം നേടാൻ എല്ലാ അവകാശങ്ങൾക്കുമായി സമരരംഗത്തിറങ്ങാൻ അയ്യൻകാളി നടത്തിയ ആഹ്വാനം പെരിനാട്ടും ആവേശമുയർത്തി. 1915 ഒക്ടോബർ 24ന് (1091 തുലാം എട്ട്) പെരിനാട് പ്രദേശത്ത് ഗോപാലദാസന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ 4000 പേർ പങ്കെടുത്തു. ഏതു ഭരണകൂടത്തെയും തകർത്തെറിയാനുള്ള ആർജവവുമായി ഉണർത്തെഴുന്നേറ്റ ജനതയ്‌ക്കുമുന്നിൽ സവർണരുടെ ക്രൂരതകളെക്കുറിച്ചും അടിമത്തജഡിലമായ പ്രവൃത്തികളെക്കുറിച്ചും ​ഗോപാലദാസൻ പ്രസം​ഗിച്ചു. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കാത്ത കല്ലമാല ശരീരത്തിൽനിന്ന് നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത ഒട്ടും വൈകാതെയാകണമെന്ന് ​ഗോപാലദാസൻ ആഹ്വാനംചെയ്തു.


പ്രസം​ഗം അരനാഴിക പിന്നിടവേ ഗോപാലദാസനെ സവർണർ ആക്രമിച്ചു. അവർണവിഭാഗം ഇതിൽ പ്രക്ഷുബ്ധരായി. അവർ നാട്ടിലുടനീളം ചെറുത്തുനിന്നു. ചിറ്റയം എന്ന സ്ഥലത്ത് കണ്ണ് കാണാൻകഴിയാത്ത കുഞ്ഞാത്തനെയും കുടുംബത്തെയും ഇടയിലമാടം കത്തിച്ച് ജീവനോടെ ചുട്ടു. പുലയസമുദായത്തിലുള്ളവരുടെ വീടുകൾ വ്യാപകമായി തീവച്ചു. ഗത്യന്തരമില്ലാതെ പലരും നാടുവിട്ടു. ‌ഭീകരാവസ്ഥ ആഴ്ചകള്‍ നീണ്ടുനിന്നു. ഈ സന്ദർഭത്തിലാണ് വിഴിഞ്ഞത്തും വെങ്ങാന്നൂരിലും അയ്യൻകാളിയുടെ നേതൃത്തിൽ കർഷകത്തൊഴിലാളി പണിമുടക്ക് നടക്കുന്നത്. സംഘടനയുടെ അമരക്കാരനായ അയ്യൻകാളിക്ക് അവിടം കേന്ദ്രീകരിച്ച് ദിവസങ്ങള്‍ നിൽക്കേണ്ടിവന്നു. അദ്ദേഹം പെരിനാട്ടെത്തി കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. വ്യാപകമായ ആക്രമണം നിയന്ത്രിക്കാൻ അയ്യൻകാളി മുന്നിട്ടിറങ്ങുകയായിരുന്നു.


സമാധാനശ്രമവും അവകാശ പ്രഖ്യാപനവും


അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ശ്രമങ്ങൾക്കൊടുവിൽ കൊല്ലം പീരങ്കി മൈതാനത്ത് അവർണ–- സവർണ വിഭാഗക്കാരുടെ സംയുക്ത സമ്മേളനം വിളിച്ചുചേർത്തു. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനു പുലയവിഭാഗക്കാർ തടിച്ചുകൂടി. സവർണരുടെ ആക്രമണം ഭയന്ന് ഒളിവിൽ പോയവരും പങ്കെടുക്കാനെത്തി. സമ്മേളനത്തിൽ ചരിത്രപരമായൊരു പ്രഖ്യാപനമുണ്ടായി, പട്ടികജാതി സ്ത്രീകളോട് കല്ലമാല പൊട്ടിച്ചെറിയാൻ അയ്യൻകാളി ആഹ്വാനംചെയ്തു. പുലയസ്ത്രീകൾക്ക് ഏത് റൗക്ക ധരിക്കാനും ആഭരണങ്ങൾ അണിയാനും അവകാശമുണ്ടെന്ന് സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടു. നിമിഷങ്ങൾക്കകം സ്ഥലം കല്ലമാലകൾകൊണ്ട് നിറയുകയായിരുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Home