ഹൃദയത്തിൽ കൊരുത്ത ദേവസംഗീതം

devarajan
avatar
സ്വന്തം ലേഖകൻ

Published on Mar 02, 2025, 01:38 AM | 2 min read

കൊല്ലം : മലയാളത്തിന്റെ ദേവസംഗീതം ചാലിച്ചൊഴുകിയ വരികൾ, കൊല്ലത്തിന്റെ സ്വന്തം പരവൂർ ദേവരാജൻ അഥവാ മലയാളികളുടെ ദേവരാജൻ മാസ്റ്റർ. കൊല്ലം നാടിനെ സംഗീതത്തിന്റെ വിശാലഭൂമികയിൽ തനതുശൈലിയിൽ അടയാളപ്പെടുത്തിയ അത്ഭുത പ്രതിഭ. നാനൂറോളം മലയാള സിനിമയിൽ തന്റെ വിരൽത്തുമ്പിനാൽ സംഗീതത്തിന്റെ മായാജാലം തീർത്തിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. മലയാള സിനിമയുടെ ചരിത്രത്തിൽ കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചതും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്‌. നൂറുകണക്കിനു നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രത്തിനും നാല്‌ കന്നഡ ചലച്ചിത്രത്തിനും സംഗീതസംവിധാനം ചെയ്തു.


മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ. 1927 സെപ്‌തംബർ 27നാണ് കൊല്ലം ജില്ലയിലെ പരവൂരിൽ മൃദംഗ വിദ്വാനായിരുന്ന കൊച്ചുഗോവിന്ദൻ ആശാന്റെയും കൊച്ചു കുഞ്ഞിന്റെയും മൂത്തമകനായി ദേവരാജൻ ജനിക്കുന്നത്. സംഗീത പഠനത്തോടൊപ്പം ബിഎ വിദ്യാഭ്യാസവും നടത്തിയ ദേവരാജൻ മാസ്റ്റർ പിന്നീട് സ്വന്തമായി സംഗീതക്കച്ചേരികൾ നടത്തി. 1951ൽ ഒ എൻ വി കുറുപ്പിന്റെ പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ... എന്ന കവിത ജയിൽവിമുക്തനായ എ കെ ജിക്ക് നൽകിയ സ്വീകരണത്തിൽ പാടാൻ ഈണം നൽകി. പാർടിയുടെയും പ്രവർത്തകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടർന്ന് കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിൽ ഗാനം ഉൾപ്പെടുത്തിയതോടെ ദേവരാജൻ കെപിഎസിയുടെ സംഗീത സംവിധായകനായി മാറി.


കൈലാസ് നാരായണന്റെ കാലം മാറുന്നു എന്ന ചിത്രത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയാണ്‌ സിനിമയിൽ എത്തിയത്. ആ യാത്ര ചെന്നെത്തിയത് ലോകസംഗീത ഭൂപടത്തിൽ മലയാളത്തിനെ അടയാളപ്പെടുത്തിയ സംഗീത സംവിധായകൻ എന്ന പെരുമയോടെയാണ്‌. നാടോടിപ്പാട്ടുകളുടെ ശീലുകളും ശാസ്ത്രീയസംഗീതത്തിന്റെ ആഴങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാധുര്യവും പാശ്ചാത്യസംഗീതത്തിന്റെ ചടുലതയും കോർത്തിണക്കിയതാണ് ദേവരാജൻ മാസ്റ്ററുടെ സംഗീതം. ആലുവാപ്പുഴയിൽ കിലുങ്ങിയ ആയിരം പാദസരങ്ങളും ഇളവന്നൂർ മഠത്തിലെ ഇണക്കുയിലും കണ്ണിൽ വിടരും കായാംപൂവും മഞ്ഞിലയിൽ മുങ്ങിത്തോർത്തിയും എല്ലാം മലയാളിയുടെ നാവിൻതുമ്പിൽ ഇന്നും തേൻമധുരം കിനിയുന്ന ഗാനങ്ങളാണ്.


മെലഡിയുടെ ഒഴുകുന്ന ലാസ്യഭാവം മാത്രമല്ല മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചതും സ്വാമിശരണവും കേളികൊട്ടുണരുന്ന കേരളവുമെല്ലാം ഹൃദയത്തിൽ ഇടം നേടിയതാണ്. അംശി നാരായണപിള്ളയുടെ വരിക വരിക സഹജരേ എന്ന ഗാനം ഉൾപ്പെടെ ഹൃദയങ്ങളിൽ തുടിപ്പ് കൂടുന്ന നിരവധി ദേശഭക്തി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. 1969, 70, 72, 85 എന്നീ വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2006 മാർച്ച്‌ ആറിന്‌ ആ ഗന്ധർവസംഗീതം നിലച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home