അണിമുറിയാത്ത ചരിത്രച്ചങ്ങല

changala

ഡിവൈഎഫ്ഐ 1987ൽ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ കാക്കനാടൻ, വൈക്കം ചന്ദ്രശേഖരൻ നായർ, എൻ വി കൃഷ്മവാര്യർ, എം എ ബേബി, കലാമണ്ഡലം ​ഗം​ഗാധരൻ, ഡോ. ബി എ രാജാകൃഷ്ണൻ, പ്രൊഫ. എസ് ശിവപ്രസാദ് തുടങ്ങിയവർ ചിന്നക്കടയിൽ അണിചേർന്നപ്പോൾ (ഫയൽ ചിത്രം)

avatar
ഷെഹിൻഷാ

Published on Feb 16, 2025, 01:56 AM | 2 min read

കൊല്ലം: 1987- ഭീകരാക്രമണങ്ങളും വിഘടനവാദവും ജാതിമത ചേരിതിരിവുകളും വർഗീയ കലാപങ്ങളും തൊഴിലില്ലായ്‌മയും രാജ്യത്തെ നിരന്തരം വെല്ലുവിളിച്ച കാലം. ഇതിനെതിരെ കേരളത്തിൽ 693 കിലോമീറ്ററിൽ ലക്ഷക്കണക്കിനുപേർ അണിമുറിയാതെ കൈകോർത്ത് ഒരു ഐക്യപ്രതിജ്ഞയെടുത്തു. 38 വർഷം മുമ്പ് കേരളത്തിൽ നടന്ന ആദ്യ മനുഷ്യച്ചങ്ങല. സ്വാതന്ത്ര്യദിനത്തിൽ ഐക്യസന്ദേശവുമായി അണിനിരന്ന മനുഷ്യച്ചങ്ങലയുടെ സംഘാടനം ഏറ്റെടുത്തതാകട്ടെ വിപ്ലവ യുവജന മുന്നേറ്റ പ്രസ്ഥാനം ഡിവൈഎഫ്ഐയും.

രാജ്യവ്യാപകമായി നടന്ന ദേശീയ ഐക്യപോരാട്ടത്തിന്റെ ഭാഗമായ മനുഷ്യച്ചങ്ങല കേരളത്തിന്റെ മാനവികതയുടെ മഹാവിളംബരമായി മാറി. ചങ്ങല അക്ഷരാർഥത്തിൽ മനുഷ്യമതിലായി മാറിയ ലോകചരിത്രത്തിലെ അവിസ്‌മരണീയ മുഹൂർത്തത്തിന്‌ കേരളം സാക്ഷ്യംവഹിച്ചു. അണിചേരാൻ ഇടം കിട്ടാത്തവർ പലയിടത്തും സമാന്തര ചങ്ങലതീർത്തു. ജില്ലാ കേന്ദ്രമായ ചിന്നക്കടയിൽ ചങ്ങലയിൽ കൈകോർക്കാൻ സാമൂഹ്യ, സാംസ്കാരിക, സാഹിത്യരംഗത്തെ നിരവധി വ്യക്തിത്വങ്ങൾ ആവേശത്തോടെ എത്തിയതും ചരിത്രം.


ചങ്ങല ജില്ലയിൽ


‘എപ്പോഴും ആവേശത്തോടെ മാത്രമാണ് ആ അവിസ്മരണീയ പോരാട്ടം ഓർത്തെടുക്കുന്നത്. ഓച്ചിറ മുതൽ കടമ്പാട്ടുകോണംവരെ ജില്ലയിലെ 60 കിലോമീറ്ററിൽ അണിനിരന്ന ജനം ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം ആയിരുന്നു. ചങ്ങലയിൽ കണ്ണികളാകാൻ ആളുകൾ എത്തുമോ, ചങ്ങല മുറിയുമോ എന്നൊക്കെയുള്ള സംശയങ്ങൾ പല കോണുകളിൽനിന്ന് ഉയർന്നെങ്കിലും ഞങ്ങളുടെ ആത്മവിശ്വാസം തെല്ലും ചോർന്നിട്ടുണ്ടായിരുന്നില്ല. 50,000 ആളുകളെ പ്രതീക്ഷിച്ചിടത്ത് അണിചേർന്നത് ഒന്നേമുക്കാൽ ലക്ഷത്തോളം പേർ.


ചങ്ങല മനുഷ്യമതിലാകുന്ന കാഴ്ച ഇന്നും ഏറെ ആവേശമുണർത്തുന്നത്' -– അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ പ്രസരിപ്പ് ഇന്നും ചോർന്നുപോകാതെ കരിങ്ങന്നൂർ മുരളി മനുഷ്യച്ചങ്ങലയെ ഓർത്തെടുത്തു. കാക്കനാടൻ, വൈക്കം ചന്ദ്രശേഖരൻനായർ, എൻ വി കൃഷ്‌ണവാര്യർ, കലാമണ്ഡലം ഗംഗാധരൻ, കേരളശബ്ദം മാനേജിങ് ഡയറക്ടർ ബി എ രാജാകൃഷ്‌ണനും കുടുംബവും വി സാംബശിവൻ, കൊല്ലം എസ്‌എൻ കോളേജ്‌ പ്രിൻസിപ്പലായിരുന്ന പ്രൊഫ. എസ്‌ ശിവപ്രസാദ്‌, അന്നത്തെ ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വമായ എം എ ബേബി, സിപിഐ എം ജില്ലാ സെക്രട്ടറി പി കെ ഗുരുദാസൻ, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌ സുദേവൻ, ജില്ലാ സെക്രട്ടറി കരിങ്ങന്നൂർ മുരളി തുടങ്ങിയവരാണ്‌ ജില്ലാ കേന്ദ്രമായ ചിന്നക്കടയിൽ കണ്ണികളായത്‌. 


മനുഷ്യമതിൽ


ഇടതു പുരോഗമന പ്രസ്ഥാനങ്ങളുമായി ചില കാര്യങ്ങളിൽ വിയോജിപ്പും വിമർശനമുള്ളവരും പോലും ചങ്ങലയിൽ കൈകോർത്തത് കേരളത്തിന്റെ ശക്തമായ ജനാധിപത്യസംവിധാനത്തിന്റെ ഇഴയടുപ്പത്തിന്റെ വിളംബരമായി. ചങ്ങല കണ്ണി മുറിയുന്നോ എന്നു നോക്കാൻ കേരളമാകെ ഫോട്ടോഗ്രാഫർമാരെ ഇറക്കിയ വലതുപക്ഷ മാധ്യമങ്ങൾ നിരാശയിലായി. ദേശീയ സ്വാതന്ത്ര്യവും നാടിന്റെ പരമാധികാരവും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ ഈ നാട് മുന്നിൽത്തന്നെയുണ്ടാകും എന്ന ഉറച്ച പ്രഖ്യാപനവുമായാണ്‌ അന്നത്തെ മഹാചങ്ങല സമാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home