ഇനിയും മുന്നേറാം; കല്ലായിത്തെരുവിലെ പീടികമുറിയിൽ നിന്നും തുടങ്ങിയ പാർട്ടി


പിണറായി വിജയൻ
Published on Mar 06, 2025, 01:00 AM | 4 min read
1937ൽ കോഴിക്കോട്ടെ കല്ലായിത്തെരുവിലെ ഒരു പീടികമുറിയിലാണ് കേരളത്തിൽ കമ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യ ഘടകം രൂപപ്പെട്ടത്. പി കൃഷ്ണപിള്ള, ഇ എം എസ്, കെ ദാമോദരൻ, എൻ സി ശേഖർ എന്നീ സഖാക്കൾ ഒത്തുചേർന്ന് ഒരു ചെറുസംഘമായി രൂപപ്പെട്ട ആ ഘടകം 1939ൽ പാറപ്രത്ത് സമ്പൂർണ സംഘടനാ സംവിധാനമായി. ആ കമ്യൂണിസ്റ്റ് പാർടി ഇന്ന് പടർന്നുപന്തലിച്ച് കേരളത്തിന്റെ അന്നത്തെ മൊത്തം ജനസംഖ്യയെക്കാൾ വരുന്ന ജനതയുടെ പിന്തുണയുള്ള മഹാപ്രസ്ഥാനമായി.
പുരോഗമന മുന്നേറ്റം ലക്ഷ്യംവച്ച് എട്ടരപ്പതിറ്റാണ്ട് പാർടി നടത്തിയ ഇടപെടലുകളുടെ ഫലമാണ് ഇന്ന് പല മേഖലകളിലും നാം കാണുന്ന വളർച്ച. ഐക്യകേരളത്തിന്റെ പിറവിക്കു മുമ്പുതന്നെ മലബാർ ടെനൻസി എൻക്വയറി കമ്മിറ്റിയുടെ നിഗമനങ്ങളോട് ഇ എം എസ് എഴുതിയ വിയോജനക്കുറിപ്പ് കേരള വികസനത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതായി. ചൂഷണം അവസാനിപ്പിച്ചുകൊണ്ട് കൃഷിഭൂമിയുടെ സമതുലിതമായ വിതരണം ഉണ്ടാകണമെന്ന് ഈവിയോജനക്കുറിപ്പിൽ ഇ എം എസ് രേഖപ്പെടുത്തി. ഭൂപരിഷ്കരണത്തിന് അടിസ്ഥാനമായത് ഈ കാഴ്ചപ്പാടായിരുന്നു.
1956 ജൂൺ 22, 23, 24 തീയതികളിൽ തൃശൂരിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർടിയുടെ നിർദേശം എന്ന പ്രമേയം അംഗീകരിക്കപ്പെട്ടിരുന്നു. പാർടി അംഗീകരിച്ച ആ രേഖയാണ് 1957ലെ ഒന്നാമത്തെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിയുടെ പ്രകടനപത്രികയായത്. ആ പ്രമേയത്തിലെ ആശയങ്ങളാണ് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ നയമായും ഇടപെടലുകളായും പരിണമിച്ചത്. എൽഡിഎഫിനു തുടർഭരണം ലഭിച്ചശേഷമാണ് കഴിഞ്ഞ സമ്മേളനം നടന്നത്. സമകാലിക പ്രശ്നങ്ങളെ നേരിട്ടുകൊണ്ട് കേരളത്തെ കൂടുതൽ പുരോഗതിയിലേക്കു നയിക്കാനാണ് പാർടി ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് നവകേരളത്തിനുള്ള കാഴ്ചപ്പാട് എന്ന രേഖ ആ സംസ്ഥാന സമ്മേളനത്തിൽ അംഗീകരിച്ചത്.
1957ലെ സർക്കാർ മുന്നോട്ടുവച്ച ജനക്ഷേമ കാഴ്ചപ്പാട് തുടർന്നുവന്ന ഇടതുപക്ഷ സർക്കാരുകളും പിന്തുടർന്നു. 1957ലെ ഇ എം എസ് മന്ത്രിസഭ കാർഷിക ബിൽ, വിദ്യാഭ്യാസ ബിൽ എന്നിവ അവതരിപ്പിക്കുക മാത്രമല്ല, തൊഴിലാളി വിഷയങ്ങളിൽ പൊലീസ് ഇടപെടുന്നതിനു നിയന്ത്രണം വരുത്തുകയും ചെയ്തു. 1967ലെ മുന്നണി സർക്കാർ കുടികിടപ്പ് അവകാശം ഉറപ്പുവരുത്തുകയും മലബാറിന്റെ വികസനത്തിനായി ഇടപെടുകയും ചെയ്തു. 1970കളിൽ മിച്ചഭൂമി സമരവും അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള മറ്റു സമരങ്ങളും പാർടി നടത്തി. 1975ൽ അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ സിപിഐ എം നിലകൊണ്ടു. 1980ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കർഷകത്തൊഴിലാളി പെൻഷനും മാവേലി സ്റ്റോറുകളും ഏർപ്പെടുത്തി. 1987ലെ എൽഡിഎഫ് സർക്കാർ സമ്പൂർണ സാക്ഷരതാ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 1996–-2001 കാലഘട്ടത്തിൽ അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയ്ക്ക് നേതൃത്വം നൽകി. 2006ലെ സർക്കാർ നെൽവയൽ, നീർത്തട സംരക്ഷണത്തിനുതകുന്ന നിയമനിർമാണം നടത്തി, സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ചു.
ഒരുവശത്ത് ജനദ്രോഹനയങ്ങൾ ഇല്ലാതാക്കാൻ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാരുകൾ ശ്രമിച്ചു. മറുവശത്ത്, വലതുപക്ഷ സർക്കാരുകൾ അടിച്ചേൽപ്പിച്ച ജനദ്രോഹനയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളും നടത്തി. ഇത്തരം ഇടപെടലുകളുടെ ഫലമായി അടിസ്ഥാന ജനവിഭാഗത്തിന്റെ ശബ്ദം ശക്തിപ്പെട്ടുവന്നു.
ആഗോളവൽക്കരണ, ഉദാരവൽക്കരണ നയങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്ന വിധത്തിൽ ബദൽ നടപ്പാക്കേണ്ടത് ഇടതുപക്ഷത്തിന്റെ കർത്തവ്യമാണ് എന്നത് 2008ൽ കോയമ്പത്തൂരിൽ ചേർന്ന 19–-ാം പാർടികോൺഗ്രസ് അടിവരയിട്ടു പറഞ്ഞു. ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിനകത്ത് നേരിടുന്ന പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ സിപിഐ എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകൾ ബദൽനയങ്ങൾ നടപ്പാക്കേണ്ടതാണ് എന്ന കാഴ്ചപ്പാടിനു പ്രാധാന്യം നൽകിയാണ് തുടർന്നുള്ള ഇടതുപക്ഷ സർക്കാരുകൾ പ്രവർത്തിച്ചത്.
2016ലെ പ്രകടനപത്രിക
മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്ന മുദ്രാവാക്യമാണ് 2016ലെ പ്രകടന പത്രികയിലൂടെ എൽഡിഎഫ് മുന്നോട്ടുവച്ചത്. ആ ലക്ഷ്യം നേടാൻ 35 ഇന പരിപാടിയും 600 വാഗ്ദാനങ്ങളും അവതരിപ്പിച്ചു. കഴിഞ്ഞ സർക്കാരിന്റെ ആദ്യ വർഷത്തിൽതന്നെ 35 ഇന പരിപാടി ഏറെക്കുറെ പൂർത്തിയാക്കാനായി. കാലാവധി തീർക്കുമ്പോഴേക്ക് 600ൽ 580 വാഗ്ദാനങ്ങൾ നടപ്പാക്കാനും സാധിച്ചു. നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റപ്പെടും എന്ന് പ്രവൃത്തിയിലൂടെ എൽഡിഎഫ് തെളിയിച്ചു. സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്കു വിലയിരുത്താൻ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനാധിപത്യ സംവിധാനത്തിൽ സർക്കാരുകൾ ജനങ്ങളോട് എപ്രകാരം ഉത്തരവാദപ്പെട്ടിരിക്കണം എന്നതിന്റെ ഉന്നതമായ മാതൃകയാണ് ആ സർക്കാർ മുന്നോട്ടുവച്ചത്.
2021ലെ പ്രകടനപത്രിക
2016 മുതൽ 2021 വരെയുള്ള ഘട്ടത്തിൽ അഭൂതപൂർവമായ നേട്ടങ്ങളാണ് കേരളം കൈവരിച്ചത്. അത്തരമൊരു പശ്ചാത്തലത്തിലാണ് നവകേരള സൃഷ്ടിക്ക് ഉതകുന്ന കർമപരിപാടി അവതരിപ്പിക്കുന്ന പ്രകടന പത്രിക അവതരിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും 2021 ൽ അവതരിപ്പിച്ച പ്രകടനപത്രികയ്ക്കും ഉള്ള അംഗീകാരമാണ് കേരളത്തിലെ ജനങ്ങൾ നൽകിയ ഭരണത്തുടർച്ച. അതുകൊണ്ടുതന്നെ പ്രകടനപത്രികയിൽ പറഞ്ഞവ നടപ്പാക്കാനുള്ള ബാധ്യത ഈ സർക്കാരിനുണ്ട്.
2021ലെ പ്രകടനപത്രികയിൽ നൽകിയ 900 വാഗ്ദാനം നടപ്പാക്കിക്കൊണ്ട് സ്ഥായിയായ ഒരു വികസന മാതൃക യാഥാർഥ്യമാക്കാനാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. അതിനുള്ള അടിത്തറ അടിസ്ഥാനസൗകര്യ മേഖലയിൽ കഴിഞ്ഞ സർക്കാരുണ്ടാക്കിയ മുന്നേറ്റമാണ്. നിർധനർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലമാക്കുന്നതോടൊപ്പം വരുംതലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഈയൊരു സവിശേഷ ഘട്ടത്തിൽ, കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ കേന്ദ്ര ബജറ്റുകളിൽ സംസ്ഥാനത്തിനു കാര്യമായൊന്നും ലഭിച്ചില്ല. പ്രത്യേക റെയിൽവേ സോൺ, എയിംസ് തുടങ്ങി നിരവധി പദ്ധതികൾ എല്ലാ പശ്ചാത്തല സൗകര്യവും ഉണ്ടായിട്ടും കേന്ദ്രം അനുവദിച്ചില്ല. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് അനിവാര്യമായ പോയിന്റ് ഓഫ് കോൾ പദവി നൽകാനും തയ്യാറായില്ല. വിവിധ വിഷയങ്ങൾ മുൻനിർത്തി സംസ്ഥാനം പ്രത്യേക പാക്കേജുകൾ ആവശ്യപ്പെട്ടെങ്കിലും അവയിലൊന്നുപോലും പരിഗണിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിനും വയനാട് തുരങ്കപ്പാതയ്ക്കും ആവശ്യപ്പെട്ട പണം നൽകിയില്ല. മുണ്ടക്കൈ പുനരധിവാസത്തിന് 2000 കോടി രൂപ, തീരശോഷണം തടയാനും തീരദേശ വികസനത്തിനുമായി പ്രത്യേക പാക്കേജ്, വന്യമൃഗശല്യം നേരിടാൻ പ്രത്യേക സഹായം എന്നീ ആവശ്യങ്ങളോടും കേന്ദ്രം കണ്ണടച്ചു. കാലാവസ്ഥാ നിരീക്ഷണം ശക്തിപ്പെടുത്താൻ സംവിധാനങ്ങൾ ഒരുക്കണമെന്ന അഭ്യർഥനയിലും അനുകൂലമായി പ്രതികരിച്ചില്ല. പന്ത്രണ്ടാമത് ധനകമീഷന്റെ കാലത്ത് തദ്ദേശ സ്ഥാപന വിഹിതം 4.54 ശതമാനമായിരുന്നത് പതിനഞ്ചാം ധനകമീഷൻ ആകുമ്പോഴേക്കും 2.68 ശതമാനമായി–- 1.88 ശതമാനത്തിന്റെ കുറവ്. ബിജെപി ഭരണം നടത്തുന്ന ചില സംസ്ഥാനങ്ങൾക്ക് രണ്ടര ശതമാനത്തിലധികം വർധിപ്പിച്ച് 16.05 ശതമാനം വിഹിതം നൽകുമ്പോഴാണ് നമ്മുടെ വിഹിതം പകുതിയോളം വെട്ടിക്കുറച്ചത്.
ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രം കൈകടത്തുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ മറ്റു സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ചും ഫെഡറൽ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കേന്ദ്രസർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകിയപ്പോൾ അതിനു തുരങ്കംവയ്‌ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കിഫ്ബിയെയും ലൈഫ് മിഷനെയും തകർത്തുകൊണ്ട് കേരളത്തിലെ വികസന –- ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും അവർ ശ്രമിച്ചു. കേന്ദ്ര കുടിശ്ശികയൊന്നും ഇല്ലെന്നും കേരളത്തിന് കേന്ദ്രം എല്ലാം തന്നെന്നും സ്ഥാപിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. കേരളത്തിന് വികസനപദ്ധതികൾ അനുവദിക്കരുത് എന്നുപോലും അവരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധതയ്ക്ക് കുടപിടിക്കുകയാണ് കോൺഗ്രസ്. പ്രതിസന്ധികളിലും തളരാതെ മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ.
നേട്ടങ്ങൾ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമബോധ്യത്തോടെ നവകേരള നിർമിതിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്. വ്യവസായ വികസനം ത്വരിതപ്പെടുത്തുക, കാർഷിക നവീകരണം സാധ്യമാക്കുക, തദ്ദേശീയ തൊഴിലുകൾ സൃഷ്ടിക്കുക, മാലിന്യനിർമാർജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങൾ തടയുക, അതിവേഗ യാത്രാസംവിധാനങ്ങളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഇനിയുമുണ്ട്. ഭദ്രമായ ക്രമസമാധാന നില, സമാധാനപൂർണമായ സാമൂഹ്യജീവിതം എന്നിവ എട്ടര വർഷംകൊണ്ട് കേരളത്തിന്റെ പ്രത്യേകതയായി. ഈ മുന്നേറ്റങ്ങൾ ഊർജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്ത് പകരുന്നതാണ് പാർടി സംസ്ഥാന സമ്മേളനം.
വർഗീയ വിദ്വേഷത്തിന്റെ വഴികളിലൂടെ അമിതാധികാര പ്രവണതയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര ഭരണസംവിധാനത്തെ മതനിരപേക്ഷതാ വിരുദ്ധമായി കാണുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളും വ്യക്തികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടതാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ എന്ന രാഷ്ട്രീയബോധം ദേശീയതലത്തിൽ വർധിച്ചുവരുന്ന ഘട്ടമാണിത്. എന്നാൽ, സങ്കുചിത രാഷ്ട്രീയനേട്ടങ്ങൾ മാത്രം മുൻനിർത്തി സ്വാർഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ്, മതനിരപേക്ഷ പാർടികളുടെ ഈ പൊതു രാഷ്ട്രീയബോധത്തിൽനിന്നു വേർതിരിഞ്ഞു നിൽക്കുകയും പലപ്പോഴും ബിജെപിയുടെ ഇടതുപക്ഷ വിരോധത്തെയും കേരള സർക്കാരിനെതിരായ പ്രതികാര നടപടികളെയും അംഗീകരിച്ച് പിന്തുണയ്ക്കുകയും ചെയ്യുന്ന നിലയാണ്. ഇത് ജനസാമാന്യത്തിൽനിന്നു കോൺഗ്രസിനെ ഒറ്റപ്പെടുത്തുന്നു. യുഡിഎഫിന്റെ ഘടകക്ഷികളിൽ ചിലതിനു തന്നെ കോൺഗ്രസിന്റെ ഈ മനോഭാവം അതേപടി പങ്കിടാൻ കഴിയാത്ത നിലയുണ്ട്.
ദേശീയതലത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ദ്വീപുപോലെ വേറിട്ടുനിൽക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. അതിന്റെ സ്വീകാര്യത നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇതെല്ലാം നൽകുന്ന സൂചന അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കൂടിയതോതിൽ എൽഡിഎഫിനുള്ള ജനസ്വീകാര്യത പ്രതിഫലിക്കുമെന്നാണ്. ബിജെപിയുടെ വർഗീയ വിധ്വംസക നയങ്ങളെയും ഫെഡറലിസത്തിന്റെ സത്തയ്ക്കു നിരക്കാത്ത സാമ്പത്തിക അധിനിവേശ ശ്രമങ്ങളെയും ചെറുത്ത് കേരളജനതയുടെ ക്ഷേമ –- വികസന സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നമുക്ക് ഏറ്റെടുക്കാനുള്ള പ്രധാന കർത്തവ്യം









0 comments