പാർടിയെ നെഞ്ചേറ്റിയ ജനനായകൻ

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ബി രാഘവൻ(ഫയൽ ചിത്രം)
എ അഭിലാഷ്
Published on Feb 23, 2025, 10:25 PM | 2 min read
എഴുകോൺ : സിപിഐ എം കൊട്ടാരക്കര താലൂക്ക് കമ്മിറ്റി അംഗമായിരുന്ന എം കെ അബ്ദുൽ മജീദിനെ ആർഎസ്എസുകാർ ആക്രമിക്കുന്നത് 1981 ജനുവരി ഒമ്പതിനാണ്. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ് മാരകപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അബ്ദുൽ മജീദ് അടുത്തദിവസം മരണപ്പെട്ടു. ആർഎസ്എസ് അക്രമണ സമയത്ത് അബ്ദുൽ മജീദിനൊപ്പം ഗുരുതര പരിക്കേറ്റ 28 വയസ്സുകാരൻ അപ്പോൾ ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലിടുകയായിരുന്നു. ആർഎസ്എസ് കഠാരയെയും അതിജീവിച്ച ആ ചെറുപ്പക്കാരനാണ് പിൽക്കാലത്ത് ജനമനസ്സുകൾ കീഴടക്കി എംഎൽഎയും നേതാവുമായി മാറിയ ബി രാഘവൻ. കൊട്ടാരക്കരയിലും നെടുവത്തൂരിലും പാർടി വളർത്തുന്നതിൽ നെടുംതൂണായി നിന്നിരുന്ന ബി രാഘവൻ ഇല്ലാത്ത സംസ്ഥാന സമ്മേളനത്തിനാണ് കൊല്ലം ആതിഥേയത്വം വഹിക്കുന്നത്.
കമ്യൂണിസ്റ്റ് പാർടി അനുഭാവികളും കർഷകത്തൊഴിലാളികളുമായിരുന്ന കൊട്ടാരക്കര ചാമക്കാല വീട്ടിൽ ഭരതന്റെയും ചക്കിയുടെയും മകനായി 1952 ഒക്ടോബർ ഒന്നിനാണ് ബി രാഘവൻ ജനിക്കുന്നത്. കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ, കൊല്ലം എസ് എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസ കാലയളവിൽ തന്നെ പുരോഗമന വിദ്യാർഥി, യുവജന പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി രാഘവൻ വളർന്നു. 1981ൽ ജനുവരി ഒമ്പതിന് പുത്തൂരിൽ നടന്ന പാർടി പഠനക്യാമ്പിന്റെ സമാപനയോഗത്തിനു ശേഷം കൊട്ടാരക്കരയിലെ ഒരു കടയ്ക്കു മുന്നിൽ നിൽക്കുമ്പോഴാണ് ആർഎസ്എസ് ആക്രമണമുണ്ടാകുന്നത്. അബ്ദുൽ മജീദ്, നെടുവത്തൂർ സുന്ദരേശൻ, വി ഷംസുദീൻ എന്നിവരും ബി രാഘവനൊപ്പമുണ്ടായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തെ നാലുപേരും പരമാവധി പ്രതിരോധിച്ചു. അബ്ദുൽ മജീദ് ആക്രമണത്തിൽ കൊല്ലപ്പെട്ടെങ്കിലും ആ രക്തസാക്ഷിത്വത്തിന്റെ ഊർജമുൾക്കൊണ്ട് മറ്റു മൂന്നു പേരും പാർടിയിൽ കൂടുതൽ സജീവമായി.
കെഎസ്‌വൈഎഫ് കൊട്ടാരക്കര താലൂക്ക് കമ്മിറ്റി അംഗം, സിപിഐ എം കൊട്ടാരക്കര, ഉമ്മന്നൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1985ൽ നെടുവത്തൂർ ഏരിയ കമ്മിറ്റി രൂപീകരിക്കുമ്പോൾ പ്രഥമ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ബി രാഘവനാണ്. അടിയന്തരാവസ്ഥയിൽ ഒളിവിൽ കഴിഞ്ഞ രാഘവൻ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി. 1986ൽ പൂർണ ഡിഎയ്ക്കും കൂലി വർധിപ്പിക്കുന്നതിനുമായി കശുവണ്ടിത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിൽ നേതൃപരമായ പങ്കുവഹിച്ച് തൊഴിലാളികളുടെ പ്രിയ നേതാവായി മാറി. 1979ൽ അമ്പലപ്പുറം വാർഡിൽനിന്ന് കൊട്ടാരക്കര പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്തു. 1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭാ സാമാജികനായത്. തുടർന്ന് 1991ലും 2006ലും നിയമസഭയിലെത്തി.
സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗവും പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റും ട്രഷററുമായി പ്രവർത്തിച്ചു. ഓൾ ഇന്ത്യ അഗ്രിക്കൾച്ചർ വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റായിരുന്നു. കർഷക ത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ മാതൃകാപരമായ പങ്കുവഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കറ്റ് അംഗമായിരിക്കെ നടത്തിയ പ്രവർത്തനങ്ങളും പ്രശംസനീയമാണ്. നെടുവത്തൂർ ഏരിയയിലെ അഞ്ച് പഞ്ചായത്തുകളിലും സിപിഐ എമ്മിന് ശക്തമായ വേരോട്ടമുണ്ടാക്കുന്നതിൽ രാഘവൻ വലിയ ഇടപെടൽ നടത്തി. കോവിഡ് ബാധിച്ച് ആശുപത്രിയിലാകുംവരെയും ബി രാഘവൻ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. ആർഎസ്എസ് കൊലക്കത്തിയ്ക്ക് മുന്നിലും തളരാതെനിന്ന പോരാട്ടവീര്യം 2021 ഫെബ്രുവരി 23 ചൊവ്വ പുലർച്ചെ 4.45ന് മരണത്തിന് മുന്നിൽ കീഴടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജനഹൃദയങ്ങളിൽ ജീവിച്ച പ്രിയ നേതാവിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത് ആയിരങ്ങളാണ്. ജനഹൃദയങ്ങളിൽ ഇപ്പോഴും ബി രാഘവനുണ്ട്.








0 comments