ad
Deshabhimani

പതിനാല് വർഷങ്ങൾക്ക് ശേഷം നാസയുടെ 'വാൻ അലൻ പ്രോബ്' ഉപഗ്രഹം ഭൂമിയിലേക്ക് മടങ്ങുന്നു. ആശങ്ക വേണ്ടെന്ന് ശാസ്ത്രലോകം

nasa
വെബ് ഡെസ്ക്

Published on Mar 11, 2026, 04:42 PM | 1 min read

വാഷിങ്ടൺ: ദൗത്യം പൂർത്തിയാക്കി പതിനാല് വർഷങ്ങൾക്ക് ശേഷം നാസയുടെ 'വാൻ അലൻ പ്രോബ്' ഉപഗ്രഹം ഭൂമിയിലേക്ക് മടങ്ങുന്നു. ഏകദേശം 1,323 പൗണ്ട് ഭാരമുള്ള ഉപഗ്രഹം മാർച്ച് 10-ന് അമേരിക്കൻ സമയം രാത്രി 7:45 മുതൽ 24 മണിക്കൂറിനുള്ളിൽ ഭൂമിയിൽ പതിക്കുമെന്നാണ് യുഎസ് സ്പേസ് ഫോഴ്സിന്റെ പ്രവചനം. സമയക്രമത്തിൽ 24 മണിക്കൂർ വരെ മാറ്റം വരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.


ഇന്ധനം തീർന്നതിനെത്തുടർന്ന് 2019 മുതൽ നിഷ്ക്രിയമായ ഉപഗ്രഹത്തിന്റെ മടങ്ങിവരവ് നിയന്ത്രിക്കാൻ നാസയുടെ എഞ്ചിനീയർമാർക്ക് കഴിഞ്ഞില്ല. ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഘർഷണം മൂലം ഉപഗ്രഹത്തിന്റെ ഭൂരിഭാഗവും കത്തിയമരുമെന്നാണ് നാസയുടെ പ്രതീക്ഷ. ചില ഭാഗങ്ങൾ ഭൂമിയിൽ പതിക്കാൻ നേരിയ സാധ്യതയുണ്ടെങ്കിലും ജനവാസമേഖലകളിൽ അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് ഏജൻസി വ്യക്തമാക്കി. ഉപഗ്രഹം അന്തരീക്ഷത്തിൽ കത്തിയമരുമ്പോൾ ആകാശത്ത് ശോഭയുള്ള പ്രകാശരേഖയായി ഇത് ദൃശ്യമായേക്കാം.


ഭൂമിയുടെ കാന്തികവലയത്തിലുള്ള വാൻ അലൻ ബെൽറ്റുകളെക്കുറിച്ച് പഠിക്കുന്നതിനായി 2012-ലാണ് 'വാൻ അലൻ പ്രോബ് എ', 'ബി' എന്നീ ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ബഹിരാകാശത്തെ ചാർജ് ചെയ്യപ്പെട്ട കണികകളുടെ സ്വഭാവം മനസ്സിലാക്കുക എന്നതായിരുന്നു ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം .തുടക്കത്തിൽ രണ്ട് വർഷം നിശ്ചയിച്ചിരുന്ന ദൗത്യം ഏഴ് വർഷത്തോളം വിജയകരമായി തുടർന്നു.2019-ൽ ഇന്ധനം പൂർണ്ണമായും തീർന്നതോടെ ഉപഗ്രഹം പ്രവർത്തനരഹിതമായി.ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ഈ ഉപഗ്രഹം, ദൗത്യം പൂർത്തിയാക്കി ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോൾ ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ ആവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home