നാസയിൽ നിന്നും വിരമിച്ചു
''ബഹിരാകാശം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം’’ സുനിത വില്യംസ്

“ബഹിരാകാശം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്.മൂന്ന് തവണ അവിടെ എത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്,” -സുനിത വില്യംസ്
മനുഷ്യ ബഹിരാകാശയാത്രയുടെ ചരിത്രത്തിൽ നിറം മങ്ങാത്ത നക്ഷത്രമായി നിലകൊണ്ട നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് 27വർഷത്തെ ദീർഘവും കഠിനവുമായ സേവനത്തിനുശേഷം വിരമിച്ചു. 2025ഡിസംബർ 27മുതൽ വിരമിക്കൽ പ്രാബല്യത്തിൽ വന്നതായി നാസ ഔദ്യോഗികമായി അറിയിച്ചു.
മൂന്ന് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS)ദൗത്യങ്ങൾ നടത്തിയ വില്യംസ്,മനുഷ്യ ബഹിരാകാശയാത്രയിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി.ആകെ 608ദിവസം ബഹിരാകാശത്ത് ചെലവഴിച്ച അവർ,നാസ ബഹിരാകാശയാത്രികരിൽ രണ്ടാമത്തെ സ്ഥാനത്താണ്.സ്ത്രീകളിൽ ഏറ്റവും കൂടുതൽ സമയം സ്പേസ്‌വാക്ക് നടത്തിയ വ്യക്തിയെന്ന ബഹുമതിയും (62മണിക്കൂർ 6മിനിറ്റ്)സുനിത വില്യംസിനാണ്.
ഇപ്പോൾ ഇന്ത്യ സന്ദർശിക്കുന്ന സുനിത വില്യംസ്,ന്യൂഡൽഹിയിലെ അമേരിക്കൻ സെന്ററിൽ സംഘടിപ്പിച്ച “Eyes on the Stars, Feet on the Ground”എന്ന സംവാദ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്നത് പോലെയാണെന്നായിരുന്നു അവരുടെ പ്രതികരണം. ഇതിന് പശ്ചാത്തലമായി, തന്റെ അച്ഛൻ ജനിച്ചത് ഇന്ത്യയിലാണെന്ന് അവര്‍ ഓര്‍ത്തു.
ബഹിരാകാശത്ത് കുരുങ്ങിയത് ഒൻപത് മാസം
ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ നടത്തിയ എട്ട് ദിവസത്തെ ദൗത്യം സാങ്കേതിക തകരാറുകൾ മൂലം അനിശ്ചിതത്വത്തിലായതിനെ കുറിച്ചും പറഞ്ഞു. തകരാര്‍ മുലം ദൗത്യം ഒൻപത് മാസത്തിലധികം നീണ്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോൾ ബഹിരാകാശത്ത് മത്സരങ്ങളുടെ കാലം തുടങ്ങിയിരിക്കയാണെന്നും തുറന്നു പറഞ്ഞു.
സ്വകാര്യ കമ്പനകളുടെ കടന്നു വരവ് ബഹിരാകാശ മേഖയിൽ മത്സരം വളര്‍ത്തില്ലെ എന്ന ചോദ്യത്തോടാണ് അവര്‍ പ്രതികരിച്ചത്. ഇപ്പോൾ തന്നെ മത്സരം തുടങ്ങിക്കഴിഞ്ഞു എന്നാണ് പറഞ്ഞത്.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള നാസയുടെ ആർട്ടെമിസ് ദൗത്യങ്ങൾക്ക് തന്റെ പ്രവർത്തനങ്ങൾ അടിത്തറയിട്ടതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

1965സെപ്റ്റംബർ 19ന് അമേരിക്കയിലെ ഒഹായോയിൽ ജനിച്ച സുനിത വില്യംസ്,ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ജുലാസൻ സ്വദേശിയായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയൻ വംശജയായ ഉർസുലിൻ ബോണി പാണ്ഡ്യയുടെയും മകളാണ്.യുഎസ് നേവിയിലെ ക്യാപ്റ്റനായി വിരമിച്ച അവർ, 40-ലധികം വ്യത്യസ്ത വിമാനങ്ങളിൽ 4,000മണിക്കൂറിലധികം പറന്ന അനുഭവമുള്ള പൈലറ്റുമാണ്.
ആദ്യ യാത്ര 2006ൽ
2006-ൽ സ്പേസ് ഷട്ടിൽ ഡിസ്കവറിയിലൂടെയാണ് സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. 2012-ൽ ഐഎസ്എസിന്റെ കമാൻഡറായും അവർ സേവനമനുഷ്ഠിച്ചു. 2024-ൽ ബോയിങ് സ്റ്റാർലൈനർ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി വീണ്ടും ബഹിരാകാശത്തെത്തി,പിന്നീട് 2025മാർച്ചിൽ സ്പേസ്‌എക്സ് ക്രൂ-9ദൗത്യത്തിലൂടെ ഭൂമിയിലേക്ക് മടങ്ങി.
നാസ അഡ്മിനിസ്ട്രേറ്റർ ജാരഡ് ഐസക്‌മാൻ സുനിത വില്യംസിനെ “മനുഷ്യ ബഹിരാകാശയാത്രയുടെ ഭാവി രൂപപ്പെടുത്താൻ നിർണായക പങ്കുവഹിച്ച മാര്‍ഗ്ഗദര്‍ശി (trailblazer) എന്നാണ് വിശേഷിപ്പിച്ചത്.
ഒളിമങ്ങാത്ത നക്ഷത്രം
ബഹിരാകാശ നിലയത്തിൽ നിന്ന് മാരത്തൺ ഓടിയ ആദ്യ മനുഷ്യൻ,ആയിരക്കണക്കിന് യുവാക്കളെ ശാസ്ത്രത്തിലേക്കും ബഹിരാകാശ ഗവേഷണത്തിലേക്കും പ്രചോദിപ്പിച്ച ആഗോള മാതൃക—ഇങ്ങനെ അവര്‍ക്ക് വീണ്ടും വിശേഷണങ്ങളുണ്ട്. സുനിത വില്യംസിന്റെ വിരമിക്കൽ നാസയ്ക്ക് മാത്രമല്ല ലോക ബഹിരാകാശ സമൂഹത്തിനും ഒരുപോല നഷ്ടമായിതീരുന്നു. അതേ സമയം ബഹിരാകാശ ചരിത്രത്തിലെ എന്നെന്നും തിളങ്ങുന്ന അഭിമാനകരമായ ഒരു അധ്യായവുമായി അവര്‍ ഇനിയും വരാനിരിക്കുന്ന തലമുറകളുടെ ഭാഗമാവുന്നു.










0 comments