നാസയുടെ അടുത്ത ചന്ദ്രദൗത്യം; ആർട്ടെമിസ് 3 യാത്രാസംഘത്തെ പ്രഖ്യാപിച്ചു, ഇത്തവണ വനിതകളില്ല

ആർട്ടെമിസ് III ദൗത്യത്തിന്റെ യാത്രാസംഘമായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം (ഇടത്തുനിന്ന്) റാൻഡി ബ്രെസ്നിക്, ലൂക്ക പാർമിറ്റാനോ, ഫ്രാങ്ക് റൂബിയോ, ആന്ദ്രെ ഡഗ്ലസ് എന്നിവർ ഗ്രൂപ്പ് ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു|Photo Credit: AFP
വാഷിംഗ്ടൺ: ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാനുള്ള അമേരിക്കയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമായുള്ള 'ആർട്ടെമിസ് 3' ബഹിരാകാശ ദൗത്യത്തിനുള്ള യാത്രാസംഘത്തെ നാസ പ്രഖ്യാപിച്ചു.
ആന്ദ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ, ലൂക്ക പാർമിറ്റാനോ, റാൻഡി ബ്രെസ്നിക് എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇവർക്ക് പുറമെ ഏത് സ്ഥാനത്തും പകരക്കാരനായി ഇറങ്ങാൻ കെൽപ്പുള്ള പരിചയസമ്പന്നനായ ടെസ്റ്റ് പൈലറ്റ് ബോബ് ഹൈന്റ്സിനെ ബാക്കപ്പ് ക്രൂ അംഗമായും നിശ്ചയിച്ചിട്ടുണ്ട്.
ബഹിരാകാശത്തെ ഗവേഷണങ്ങളും ഭാവിയിലെ ചന്ദ്രനിലിറങ്ങൽ ദൗത്യത്തിന് മുന്നോടിയായുള്ള ഇൻ-സ്പേസ് ഡോക്കിംഗ് (ബഹിരാകാശ പേടകങ്ങൾ പരസ്പരം ഘടിപ്പിക്കുന്ന പ്രക്രിയ) പരിശീലനങ്ങളുമാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഇത്തവണത്തെ ആർട്ടെമിസ് 3 ദൗത്യസംഘത്തിൽ വനിതാ പ്രതിനിധികളില്ല എന്ന പ്രത്യേകതയുമുണ്ട്. എങ്കിലും വൈവിധ്യമാർന്ന പശ്ചാത്തലവും മികച്ച അനുഭവസമ്പത്തുമുള്ള വിദഗ്ധരാണ് സംഘത്തിലുള്ളത്.
ഫ്ലോറിഡ സ്വദേശിയായ 40 കാരനായ എഞ്ചിനീയർ ആന്ദ്രെ ഡഗ്ലസിന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. ചന്ദ്രനെ ചുറ്റി സഞ്ചരിച്ച നാസയുടെ മുൻ ദൗത്യമായ ആർട്ടെമിസ് 2-ൽ ബാക്കപ്പ് ക്രൂ അംഗമായിരുന്നു ഇദ്ദേഹം.
ആർട്ടെമിസ് 3-ൽ മിഷൻ സ്പെഷ്യലിസ്റ്റാകുന്ന ഡഗ്ലസ്, ഇതുവരെ ബഹിരാകാശത്ത് പോയിട്ടുള്ള നൂറുകണക്കിന് യാത്രികരിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഇരുപത്തിനാലാമത്തെ മാത്രം ആഫ്രിക്കൻ അമേരിക്കൻ വംശജനാണ്.
യുഎസ് ആർമിക്ക് വേണ്ടി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ പറത്തിയിരുന്ന സാൽവഡോറൻ അമേരിക്കൻ വംശജനായ 50 കാരൻ ഫ്രാങ്ക് റൂബിയോയാണ് മറ്റൊരു മിഷൻ സ്പെഷ്യലിസ്റ്റ്. ഒരു യുഎസ് ബഹിരാകാശ യാത്രികന്റെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റത്തവണ ബഹിരാകാശ യാത്രയുടെ റെക്കോർഡ് (371 ദിവസം) നിലവിൽ ഈ ഫിസിഷ്യന്റെ പേരിലാണ്.
നാലംഗ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 58 കാരനായ കമാൻഡർ റാൻഡി ബ്രെസ്നിക് ആണ്. മുൻ യുഎസ് നേവി ടെസ്റ്റ് പൈലറ്റും മറൈനുമായ ബ്രെസ്നിക് മാത്രമാണ് നിലവിൽ നിർത്തലാക്കിയ 2009-ലെ സ്‌പേസ് ഷട്ടിൽ ദൗത്യത്തിൽ പങ്കെടുത്തിട്ടുള്ള ഏക ആർട്ടെമിസ് 3 അംഗം. പിന്നീട് 2017-ൽ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദൗത്യത്തിലെ നാലാമത്തെയും അവസാനത്തെയും അംഗം 49 കാരനായ പൈലറ്റ് ലൂക്ക പാർമിറ്റാനോയാണ്. ഈ ദൗത്യത്തിൽ പങ്കെടുക്കുന്ന അമേരിക്കക്കാരനല്ലാത്ത ഒരേയൊരു ബഹിരാകാശ യാത്രികനും ഇദ്ദേഹമാണ്.










0 comments