ചരിത്രം കുറിക്കാൻ അനിൽ മേനോൻ; നാളെ ബഹിരാകാശത്തേക്ക്

ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അഭിമാനകരമായ മറ്റൊരു നാഴികക്കല്ലുകൂടി കുറിച്ചുകൊണ്ട് ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കും. എട്ട് മാസം നീളുന്ന ചരിത്ര ദൗത്യത്തിനായി രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികൾക്കൊപ്പമാണ് യാത്ര തിരിക്കുന്നത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ 'സോയൂസ് എംഎസ്-29' പേടകത്തിലാണ് വിക്ഷേപണം. കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17നാണ് പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയരുക. ഇന്ത്യൻ സമയം രാത്രി 11.56ഓടെ പേടകം ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്യും. തുടർന്ന് ബുധനാഴ്ച പുലർച്ചെ 1.25ഓടെ അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിന്റെ എഴുപത്തിയഞ്ചാമത് പര്യവേഷണത്തിന്റെ ഭാഗമായി നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരാണ് ഈ ദൗത്യത്തിൽ അനിൽ മേനോന്റെ സഹയാത്രികർ.
മിനിയാപൊളിസിൽ ഉക്രേനിയൻ - ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനായാണ് 49കാരനായ അനിൽ മേനോൻ ജനിച്ചത്. മികച്ച എമർജൻസി വിഭാഗം ഡോക്ടർ കൂടിയായ അദ്ദേഹം നിലവിൽ യുഎസ് സ്‌പേസ് ഫോഴ്‌സിലെ കേണലാണ്. മുൻപ് യുഎസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അഫ്ഗാനിസ്ഥാനിലെ യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിച്ച അറിവും അനിൽ മേനോനുണ്ട്.
2014ൽ നാസയിൽ ഫ്ലൈറ്റ് സർജനായാണ് അനിൽ മേനോൻ തന്റെ ബഹിരാകാശ മേഖലയിലെ കരിയർ ആരംഭിക്കുന്നത്. ബഹിരാകാശ നിലയത്തിൽ താമസിച്ചു ജോലി ചെയ്യുന്ന സഞ്ചാരികളുടെ ആരോഗ്യസംരക്ഷണ ചുമതലയായിരുന്നു അദ്ദേഹത്തിന്. തുടർന്ന് 2018ൽ സ്‌പേസ് എക്‌സിൽ ചേർന്ന അദ്ദേഹം കമ്പനിയുടെ മെഡിക്കൽ വിഭാഗത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രക്ക് മുന്നൊരുക്കങ്ങൾ നടത്താൻ നേതൃത്വം നൽകുകയും ചെയ്തു. മനുഷ്യരാശിയുടെ ഭാവി സ്വപ്നമായ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്കായി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് പേടകത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു.
2021 ഡിസംബറിലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് രണ്ടു വർഷത്തെ കഠിനമായ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയാണ് അദ്ദേഹം ഇപ്പോൾ തന്റെ സ്വപ്ന ദൗത്യത്തിലേക്ക് ചുവടുവെക്കുന്നത്. ബഹിരാകാശ നിലയത്തിൽ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പരീക്ഷണങ്ങൾക്കാണ് അനിൽ മേനോൻ തുടക്കം കുറിക്കുന്നത്.











0 comments