ad
Deshabhimani

ഗോപുരങ്ങൾ പൊളിക്കാൻ തുടങ്ങി

a

കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ പൊളിച്ചുമാറ്റുന്ന ഗോപുരത്തിന്റെ ചുറ്റിലും താൽക്കാലിക ഇരുമ്പുതാങ്ങ് സംവിധാനമൊരുക്കിയപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Jul 14, 2026, 01:48 AM | 1 min read

കോഴിക്കോട്‌

കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ ക്ലോക്ക്‌ ടവർ തകർന്നുവീണതിന്റെ പശ്‌ചാത്തലത്തിൽ അവശേഷിക്കുന്ന മൂന്ന് ഗോപുരങ്ങൾകൂടി പൊളിക്കുന്നതിനുള്ള നടപടി തുടങ്ങി. രണ്ടാം പ്ലാറ്റ്ഫോമിലുള്ള ഗോപുരങ്ങളാണ്‌ പൊളിക്കാൻ തുടങ്ങിയത്. രണ്ടാം പ്ലാറ്റ്ഫോമിലെ ഗോപുരം തകർന്ന് വീണതിനുപിന്നാലെയാണ് മറ്റ്‌ ഗോപുരങ്ങൾകൂടി പൊളിക്കുന്നത്. ക്ലോക്ക് ടവർ വീണ ആഘാതത്തിൽ സമീപത്തെ ഒരുഗോപുരത്തിന്റെ മേൽക്കൂരയ്ക്ക് സാരമായ കേടുപാട്‌ സംഭവിച്ചിരുന്നു. ഗോപുരത്തിന്റെ ചുറ്റിലും താൽക്കാലിക ഇരുമ്പുതാങ്ങ് സംവിധാനം സ്ഥാപിച്ചാണ് പൊളിച്ചുതുടങ്ങുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ഇവ പൂർണമായും പൊളിച്ചുനീക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സ്‌റ്റേഷൻ നവീകരണ കരാർ ഏറ്റെടുത്ത കമ്പനി ഉപകരാർ നൽകിയാണ് കെട്ടിടം പൊളിക്കുന്നത്.

ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് രണ്ടാം പ്ലാറ്റ്‌ഫോമിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഒരാഴ്ചകൂടി തുടരും. ബാക്കിയുള്ള മൂന്ന് ഗോപുരങ്ങൾകൂടി പൊളിച്ചുനീക്കുന്നതിനാൽ ഇതുവഴി ട്രെയിൻ സർവീസുകൾ കടത്തിവിടില്ല. ഗോപുരം പൊളിച്ചുനീക്കി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ തകർന്ന മേൽക്കൂരകൾ ഉൾപ്പെടെ പുനഃസ്ഥാപിച്ചശേഷം സുരക്ഷാ പരിശോധന പൂർത്തിയാക്കിയാണ് ഈ പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കുക. അതുവരെ കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ വെസ്റ്റ്ഹില്ലിൽനിന്നാണ് പുറപ്പെടുക. രാവിലെ കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ വെസ്റ്റിഹില്ലിൽ യാത്ര അവസാനിപ്പിക്കും. തുടർന്ന് പകൽ 2.16ന് ഇവിടെനിന്ന്‌ പുറപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home