ad
Deshabhimani

ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഇനി മീഞ്ചന്തയിൽ

a

ബീച്ച് ഫയർ സ്റ്റേഷൻ മീഞ്ചന്തയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സാധനങ്ങൾ കൊണ്ടുപോകുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ

വെബ് ഡെസ്ക്

Published on Jul 14, 2026, 01:47 AM | 2 min read

കോഴിക്കോട്

ബീച്ച്‌ അഗ്നിരക്ഷാനിലയം ഒടുവിൽ നഗരത്തിന്‌ നഷ്ടമായി. മീഞ്ചന്ത ഫയർ സ്‌റ്റേഷനിലാണ്‌ ഇനി യൂണിറ്റ്‌ പ്രവർത്തിക്കുക. കോര്‍പറേഷന്‍ ഇ എം എസ്‌ സ്റ്റേഡിയം കെട്ടിടത്തിലേക്ക് സ്‌റ്റേഷൻ മാറ്റിസ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഫുട്‌ബോൾ സംഘടനകളുടെയും ആരാധക സംഘടനകളുടെയും പ്രതിഷേധം കാരണം നടപ്പാക്കാനായില്ല. ഇതോടെയാണ്‌ മീഞ്ചന്തയിലേക്കുതന്നെ മാറ്റിയത്‌.

പഴയ ഓഫസിൽനിന്ന്‌ വാഹനങ്ങളും ഫർണിച്ചർ ഉൾപ്പെടെ സാധനങ്ങളും പുതിയ ഓഫീസിലേക്ക്‌ മാറ്റി. ടെലിഫോൺ കണക്ഷനും പുതിയ പ്രവർത്തനയിടത്തിൽ സജ്ജീകരിച്ചു. ബാക്കി സാധനങ്ങൾ അടുത്ത ദിവസങ്ങളിൽ കൊണ്ടുപോകും. നിലയം നഗരത്തിൽ നിലനിർത്തണമെന്ന ആവശ്യം അംഗീകരിക്കാതെയാണ്‌ മീഞ്ചന്തയിലേക്ക്‌ മാറ്റിയത്‌. ഇതോടെ അവസാന ഫയർ ഫോഴ്‌സ്‌ യൂണിറ്റും നഗരത്തിന്‌ നഷ്‌ടമായി.

കാലപ്പഴക്കം കാരണം 2023ലാണ്‌ ബീച്ച്‌ അഗ്നിരക്ഷാനിലയം പൊളിച്ചത്‌. കെട്ടിടം പുതുക്കിപ്പണിയാൻ 17 കോടിയുടെ ഭരണാനുമതി ലഭിക്കാത്തതിനാൽ പുനര്‍നിര്‍മാണം ആരംഭിക്കാനായിട്ടില്ല. കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത്‌ പ്രവർത്തനം മറ്റൊരിടത്തേക്ക്‌ മാറ്റാൻ റീജ്യണൽ ഫയർ ഓഫീസർ സംസ്ഥാന അഗ്നിരക്ഷാ മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗം റിപ്പോർട്ടും നൽകി. തുടർന്നാണ് ഇവിടെയുള്ള ഒരുയൂണിറ്റുകൂടി മീഞ്ചന്ത നിലയത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ ഫയർ ഓഫീസർ, റീജ്യണൽ ഫയർ ഓഫീസർക്ക് ശുപാർശ നൽകിയത്.

നഗരത്തിൽ ഇനി ഫയർസ്‌റ്റേഷനില്ല

അവസാന യൂണിറ്റും മീഞ്ചന്തയിലേക്ക്‌ മാറ്റിയതോടെ ഫയർസ്‌റ്റേഷനില്ലാത്ത നഗരമായി കോഴിക്കോട്‌ മാറി. മിഠായിത്തെരുവിലും ജയലക്ഷ്‌മി വസ്‌ത്രശാലയിലും മെഡിക്കൽ കോളേജിലും പുതിയ ബസ്‌സ്‌റ്റാൻഡിലുമെല്ലാം തീപിടിത്തമുണ്ടായപ്പോൾ ഒരു വിളിപ്പാടകലെനിന്നും പാഞ്ഞെത്തിയ രക്ഷകർ ഇനി നഗരത്തിന്‌ പുറത്താണ്‌. വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുവീണപ്പോഴും ബീച്ചിലെ യൂണിറ്റെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മീഞ്ചന്ത ഫയർസ്‌റ്റേഷനിൽനിന്ന്‌ 10 മിനിറ്റിലധികം ദ‍ൂരമുണ്ട്‌ നഗരത്തിലേക്ക്‌. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍നിന്ന്‌ കോഴിക്കോട് നഗരത്തിലേക്ക് പാഞ്ഞെത്തുമ്പോഴേക്കും സമയനഷ്ടം സംഭവിക്കുകയും അപായത്തിന്റെ അളവ് വര്‍ധിക്കുമെന്നുമാണ് ആശങ്ക. ഇതേ ആശങ്ക സേനാംഗങ്ങൾക്കുമുണ്ട്‌. ഗതാഗതക്കുരുക്കുകള്‍ അതിജീവിച്ച് വേണം ഇനി നഗരത്തിൽ രക്ഷാപ്രവര്‍ത്തനം നടത്താന്‍. അഗ്നിബാധയും കെട്ടിടങ്ങള്‍ തകരുന്നതും സംഭവിക്കുന്ന നഗരത്തിലാണ്‌ ഏക ഫയര്‍സ്‌റ്റേഷനും നഷ്ടമാകുന്നത്.

ജനകീയ പ്രക്ഷോഭത്തിലേക്ക്

ബീച്ച് ഫയർ സ്റ്റേഷൻ നഗരത്തിൽ തന്നെ നിലനിർത്തണമെന്നും ഇതിനാവശ്യമായ സ്ഥലം കണ്ടെത്തണമെന്നും ബീച്ച് ഫയർ സ്റ്റേഷൻ സംരക്ഷണസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് നഗരത്തിൽനിന്ന്‌ ഫയർസ്റ്റേഷൻ മാറ്റിയാൽ വലിയ വിപത്തിന് കാരണമാകും. ഫയർ സ്റ്റേഷൻ നഗരത്തിൽ നിലനിർത്തിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്താൻ യോഗം തീരുമാനിച്ചു.

ആർ ജയന്ത്‌കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി ആസാദ്, കെ മൊയ്തീൻ കോയ, എം പി ഇമ്പിച്ചമ്മത്, സലാം വെള്ളയിൽ, വിജയൻ അലപ്രത്ത്, കെ പി അബൂബക്കർ, എം എസ് മെഹബൂബ്, കെ വി ഇസ്ഹാഖ്, പി എൻ റഷീദലി, ബീരാൻകുട്ടി കളത്തിങ്കൽ, മുജീബ് കുറ്റിച്ചിറ, സന്നാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു. കൺവീനറായി ആർ ജയന്ത്‌കുമാറിനെ തെരഞ്ഞെടുത്തു.


സ്റ്റേഡിയത്തിൽ പറ്റില്ലെന്ന്‌ ഫുട്‌ബോൾ അസോസിയേഷൻ

ബീച്ച്‌ അഗ്നിരക്ഷാ നിലയത്തിനായി കോർപറേഷൻ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം താൽക്കാലികമായി ഉപയോഗിക്കാമെന്ന നിർദേശം തള്ളി ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ. കോർപറേഷൻ വിളിച്ച യോഗത്തിലാണ്‌ അസോസിയേഷൻ പ്രതിനിധികൾ നിലപാട്‌ വ്യക്തമാക്കിയത്.

അഗ്നിരക്ഷാ സേനയ്ക്ക്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌ വരെ നഗരത്തിൽ പ്രവർത്തിക്കാൻ സാഹചര്യമൊരുക്കാനായിരുന്നു കോർപറേഷൻ ഇടപെടൽ നടത്തിയത്‌. കോർപറേഷൻ സ്റ്റേഡിയത്തിൽ കോറണേഷൻ തിയറ്ററിനോട്‌ ചേർന്നുള്ള ഭാഗം ഇതിനായി ഉപയോഗിക്കാമെന്നായിരുന്നു ധാരണ. തുടക്കത്തിൽ ഇതിനോട്‌ അനുകൂലമായ നിലപാടാണ്‌ കെഡിഎഫ്‌എ പ്രതിനിധികൾ സ്വീകരിച്ചത്‌.

എന്നാൽ, തിങ്കളാഴ്ച നടന്ന ചർച്ചയിൽ സ്റ്റേഡിയത്തിൽ ഫയർഫോഴ്സ്‌ പ്രവർത്തനം നടത്താനാവില്ലെന്ന കർശന നിലപാട്‌ കെഡിഎഫ്‌എ പ്രതിനിധികൾ സ്വീകരിച്ചു. ഫിഫ മാനദണ്ഡങ്ങൾ പാലിക്കേണ്ട ഫുട്‌ബോൾ ടൂർണമെന്റുകൾ വരുമ്പോൾ ഫയർ സ്റ്റേഷൻ തടസ്സമാകുമെന്നാണ്‌ പ്രതിനിധികൾ പറഞ്ഞു. ബ്രോഡ്‌കാസ്റ്റിങ്‌ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിനടക്കം പ്രയാസം നേരിടും. വിയോജനം മിനുട്‌സിൽ രേഖപ്പെടുത്തണമെന്നും ഭാരവാഹികൾ നിലപാട്‌ സ്വീകരിച്ചു. നഗരത്തിൽ മറ്റെവിടെയെങ്കിലും സ‍ൗകര്യപ്രദമായ സ്ഥലം ലഭ്യമായാൽ അനുവദിക്കുന്നതിൽ തടസ്സമില്ലെന്നാണ്‌ കോർപറേഷന്റെ നിലപാട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home