ad
Deshabhimani

എഐ വഴി ജൈവായുധ ഭീഷണിയും; കടുത്ത നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് ആഗോള ഐടി മേധാവികൾ

Bio-safety guardrails
വെബ് ഡെസ്ക്

Published on Jun 04, 2026, 12:00 PM | 4 min read

ന്യൂഡൽഹി: നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച മനുഷ്യരാശിക്കുമേൽ പുതിയ ജൈവായുധ ഭീഷണികൾ ഉയർത്തുന്നതായി മുന്നറിയിപ്പ്. എഐ ടൂളുകൾ ദുരുപയോഗം ചെയ്ത് വിനാശകരമായ ജൈവായുധങ്ങളും മാരകമായ വൈറസുകളും നിർമ്മിക്കുന്നത് എളുപ്പമാവും. ലോകത്തിന്റെ മുഴുവൻ ആശങ്കയാവുന്ന ഭീഷണി തടയാൻ കടുത്ത നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലോകത്തെ പ്രമുഖ ഐടി കമ്പനികളുടെ മേധാവികൾ രംഗത്തെത്തി. ആദ്യമായാണ്, ആശങ്കകൾ പങ്കുവെച്ച് ഇത്തരമൊരു കൂട്ടായ നീക്കം.


ഗൂഗിൾ ഡീപ്പ് മൈൻഡ് സിഇഒ ഡെമിസ് ഹസ്സാബിസ്, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ്, മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാൻ എന്നിവരടങ്ങുന്ന പ്രമുഖരാണ് ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. യുഎസ് കോൺഗ്രസിന് അയച്ച കൂട്ടായ നിവേദനത്തിൽ കടുത്ത നിയമ നിര്‍മാണം ആവശ്യപ്പെട്ടു. ശാസ്ത്രജ്ഞരും ദേശീയ സുരക്ഷാ വിദഗ്ധരും അടങ്ങുന്ന വലിയൊരു നിരയും ഈ ആവശ്യത്തെ പിന്തുണച്ച് കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.


എഐയും ഡിഎൻഎ പ്രിന്റിംഗും


എഐ രംഗത്തെ കുതിപ്പ് ജൈവ ആയുധങ്ങളിലേക്കുള്ള പാത എളുപ്പമാക്കിയിരിക്കയാണ്. പരീക്ഷണശാലകളിൽ കൃത്രിമമായി ഡിഎൻഎ, ആർഎൻഎ എന്നിവ നിർമ്മിക്കുന്ന സങ്കീര്‍ണമായ 'ജീൻ സിന്തസിസ്' പ്രക്രിയ വളരെ എളുപ്പം സാധ്യമാവുന്ന സാഹചര്യം വന്നിരിക്കുന്നു. നിരവധി കമ്പനികൾ ശാസ്ത്ര ഗവേഷണങ്ങൾക്കായി ഇത്തരം കൃത്രിമ ജനിതക ഘടനകൾ ആവശ്യക്കാർക്ക് നിർമ്മിച്ച് നൽകുന്നുണ്ട്. എന്നാൽ, ഈ സൗകര്യം വില്ലനാകുന്നത് എഐയുടെ ഇടപെടലോടെയാണ്.


സുരക്ഷാ പരിശോധനകൾ

വെട്ടിക്കാനും എഐ


നിലവിൽ ഉത്തരവാദിത്തമുള്ള ജീൻ സിന്തസിസ് കമ്പനികൾ തങ്ങൾക്ക് ലഭിക്കുന്ന ഓർഡറുകൾ മാരകമായ വൈറസുകളുടേതാണോ എന്ന് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിക്കാറുണ്ട്. ഇതിന് നിയമപരമായ ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. എന്നാൽ എഐ ടൂളുകൾ ഉപയോഗിച്ച് ഈ സുരക്ഷാ സോഫ്റ്റ്‌വെയറുകളുടെ കണ്ണ് വെട്ടിക്കാൻ എളുപ്പം സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


മൈക്രോസോഫ്റ്റ് ഗവേഷകർ നടത്തിയ പഠനത്തിൽ, എഐ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത പ്രോട്ടീൻ ഘടനകൾക്ക് നിലവിലുള്ള സുരക്ഷാ പരിശോധനകളെ മറികടക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. പ്രകൃതിയിലുള്ള മാരക വൈറസുകളുടെ ഘടനയിൽ എഐ വഴി ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ തരം ജൈവായുധങ്ങൾ രൂപകൽപ്പന ചെയ്യാൻ സാധിക്കും. നിയമങ്ങൾ പാലിക്കാത്ത കമ്പനികളെ കണ്ടെത്താനും എഐ വഴി തുറന്നിടുന്നു. ലോകമെമ്പാടുമുള്ള ജീൻ പ്രിന്റിംഗ് കമ്പനികളിൽ കൃത്യമായ സുരക്ഷാ പരിശോധന നടത്താത്ത കമ്പനികൾ ഏതാണെന്ന് കണ്ടെത്താൻ എഐ വഴി വളരെ എളുപ്പത്തിൽ സാധിക്കും. ഇവ സാമൂഹിക വിരുദ്ധര്‍ക്കും അക്രമികൾക്കും തുണയാവാം.


പരിഹാരമുണ്ടോ,

പ്രതിരോധം സാധ്യമാണോ


നിർമ്മിത ബുദ്ധി (AI) നേരിട്ട് ലബോറട്ടറിയിൽ കയറി ഒരു വൈറസിനെയോ ബാക്ടീരിയയെയോ നിർമ്മിക്കുന്നില്ല. പകരം, ഒരു ജൈവായുധം നിർമ്മിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ അറിവുകൾ സമാഹരിക്കുന്നതിനും, അതിന്റെ ഘടന രൂപകൽപ്പന ചെയ്യുന്നതിനും, സുരക്ഷാ സംവിധാനങ്ങളെ വെട്ടിക്കുന്നതിനും ഒരു സഹായിയായി പ്രവർത്തിച്ചുകൊണ്ടാണ് എഐ ഈ പ്രക്രിയയെ എളുപ്പമാക്കുന്നത്.


ഇത്തരത്തിൽ എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ കടുത്ത നിയമങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൊണ്ടുവരണമെന്നാണ് ഐടി മേധാവികളുടെയും ഈ രംഗത്തെ തിങ് ടാങ്കുകളുടെയും ആവശ്യം.


  1. ഉപഭോക്താക്കളുടെ കർശനമായ പരിശോധന- കൃത്രിമ ഡിഎൻഎ, ആർഎൻഎ എന്നിവ ഓർഡർ ചെയ്യുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ ആരെന്ന് കൃത്യമായി പരിശോധിച്ച ശേഷമേ ഓർഡറുകൾ സ്വീകരിക്കാവൂ എന്ന് നിയമം മൂലം നിർബന്ധമാക്കുക. അംഗീകൃത ഗവേഷകർക്ക് മാത്രമേ ഇവ നൽകാവൂ.

  2. പരിശോധനാ സോഫ്റ്റ്‌വെയറുകൾ പുതുക്കുക- എഐ വഴി മാറ്റം വരുത്തിയ ജനിതക ഘടനകളെപ്പോലും തിരിച്ചറിയാൻ തക്കവണ്ണം ജീൻ പ്രിന്റിംഗ് കമ്പനികളുടെ സുരക്ഷാ സംവിധാനങ്ങൾ ആധുനികീകരിക്കുക.

ആഗോള നിയന്ത്രണം- ഒരു രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയാലും കുറ്റവാളികൾ മറ്റ് രാജ്യങ്ങളിലെ കമ്പനികളെ ആശ്രയിക്കാൻ സാധ്യതയുള്ളതിനാൽ, ആഗോളതലത്തിൽ ഒരേപോലെയുള്ള കർശന നിയമങ്ങൾ നടപ്പിലാക്കുക.

തുടങ്ങി ആഗോളതലത്തിൽ തന്നെ ഇതിനെ പ്രതിരോധിക്കാൻ കൂട്ടായ നിയമങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം എന്നാണ് ആവശ്യം.

കൈവിട്ട് പോയാൽ ദുരന്തം

വാക്സിൻ കണ്ടെത്തലുകൾക്കും ആരോഗ്യരംഗത്തെ പുരോഗതിക്കും എഐ വലിയ സംഭാവനകൾ നൽകുമ്പോഴും, അതിന്റെ മറുവശം അതീവ ഭയാനകമാണെന്ന് ഈ കൂട്ടായ്മ ഓർമ്മിപ്പിക്കുന്നു. സാങ്കേതികവിദ്യ കൈവിട്ടുപോകുന്നതിന് മുൻപ് തന്നെ ആഗോളതലത്തിൽ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കണമെന്നാണ് ശാസ്ത്രലോകത്തിന്റെയും ഐടി ഭീമന്മാരുടെയും ഒരേസ്വരത്തിലുള്ള ആവശ്യം.


ദുര്‍ബുദ്ധികൾക്ക് എളുപ്പവഴി


പണ്ട് ഒരു മാരക വൈറസിനെയോ ജൈവവിഷത്തെയോ കുറിച്ച് പഠിക്കണമെങ്കിൽ വർഷങ്ങളോളം നീണ്ട ഗവേഷണവും ലബോറട്ടറി പരിചയവും ആവശ്യമായിരുന്നു. പല വിവരങ്ങളും രഹസ്യസ്വഭാവമുള്ളതോ അതീവ സങ്കീർണ്ണമായ അക്കാദമിക് പേപ്പറുകളിൽ ഉള്ളതോ ആയിരിക്കും. ആധുനിക എഐ ടൂളുകളോട് (LLMs) കൃത്യമായി ചോദ്യങ്ങൾ ചോദിച്ചാൽ, സങ്കീർണ്ണമായ ഈ ശാസ്ത്രീയ വിവരങ്ങൾ ലളിതമായ ഘട്ടങ്ങളായി മാറ്റി നൽകാൻ അവയ്ക്ക് സാധിക്കും. ഒരു സാധാരണക്കാരന് മനസ്സിലാകാത്ത ലബ് സാങ്കേതിക വിദ്യകൾ എങ്ങനെ കൈകാര്യം ചെയ്യണം, പരീക്ഷണങ്ങൾ പരാജയപ്പെട്ടാൽ അത് എങ്ങനെ പരിഹരിക്കണം (Troubleshooting) എന്നതുപോലും എഐ പറഞ്ഞുതരുന്നു.


ശരീരത്തിൽ രോഗമുണ്ടാക്കുന്ന പ്രോട്ടീനുകളുടെ ഘടന മനസ്സിലാക്കാനാണ് ശാസ്ത്രജ്ഞർ എഐ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് Google-ന്റെ AlphaFold. എന്നാൽ ഇതേ സാങ്കേതികവിദ്യ തിരിച്ചും ഉപയോഗിക്കാം. മനുഷ്യ ശരീരത്തിലെ കോശങ്ങളെ കൂടുതൽ വേഗത്തിൽ നശിപ്പിക്കുന്ന അല്ലെങ്കിൽ നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ തരം പ്രോട്ടീനുകളോ വൈറസ് വകഭേദങ്ങളോ ഡിജിറ്റലായി രൂപകൽപ്പന ചെയ്യാൻ എഐക്ക് സാധിക്കും. കമ്പ്യൂട്ടറിലിരുന്ന് മിനിറ്റുകൾക്കുള്ളിൽ ലക്ഷക്കണക്കിന് കോമ്പിനേഷനുകൾ പരീക്ഷിച്ച് ഏറ്റവും മാരകമായവ എഐ കണ്ടെത്തി നൽകുന്നു.


ഒളിച്ചു കടത്താനും

എഐ വഴികൾ


നിലവിൽ കൃത്രിമ ഡിഎൻഎ പ്രിന്റ് ചെയ്യുന്ന മികച്ച കമ്പനികളെല്ലാം ഓർഡറുകൾ ലഭിക്കുമ്പോൾ അത് എബോളയോ, സ്മോൾപോക്സോ പോലുള്ള മാരക വൈറസുകളുടേതാണോ എന്ന് പരിശോധിക്കാറുണ്ട്. ഒരു മാരക വൈറസിന്റെ ഡിഎൻഎ ഘടനയിൽ എഐ വഴി ചെറിയ മാറ്റങ്ങൾ വരുത്തുന്നു (DNA Obfuscation). വൈറസിന്റെ മാരകശേഷി നഷ്ടപ്പെടാതെ തന്നെ അതിന്റെ ജനിതക കോഡ് മാറ്റാൻ എഐക്ക് അറിയാം. ഇങ്ങനെ ചെയ്യുമ്പോൾ ഡിഎൻഎ പ്രിന്റിംഗ് കമ്പനികളുടെ സുരക്ഷാ സോഫ്റ്റ്‌വെയറുകൾക്ക് ഇത് അപകടകരമായ വൈറസാണെന്ന് തിരിച്ചറിയാൻ സാധിക്കാതെ വരികയും, അവർ ആ ഓർഡർ പ്രിന്റ് ചെയ്ത് നൽകുകയും ചെയ്യുന്നു.


ലോകമെമ്പാടും ഡിഎൻഎ പ്രിന്റ് ചെയ്തു നൽകുന്ന നൂറുകണക്കിന് കമ്പനികളുണ്ട്. ഇതിൽ എല്ലാവരും കർശനമായ സുരക്ഷാ പരിശോധനകൾ നടത്തുന്നവരല്ല. ഇന്റർനെറ്റിലെ വൻ വിവരശേഖരം വിശകലനം ചെയ്ത്, ഉപഭോക്താക്കളെ കൃത്യമായി പരിശോധിക്കാത്ത അല്ലെങ്കിൽ സുരക്ഷാ നിയമങ്ങൾ കർശനമല്ലാത്ത വിദേശ കമ്പനികൾ ഏതെല്ലാമാണെന്ന് കൃത്യമായി കണ്ടെത്താൻ എഐക്ക് സാധിക്കും. ഇത് കുറ്റവാളികൾക്ക് ഡിഎൻഎ ഓർഡർ ചെയ്യുന്നത് എളുപ്പമാക്കുന്നു. മുൻപ് ഉയർന്ന ശാസ്ത്രീയ അറിവുള്ള വിദഗ്ദ്ധർക്ക് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന ജൈവായുധ രൂപകൽപ്പന, എഐയുടെ സഹായത്തോടെ കുറഞ്ഞ അറിവുള്ളവർക്കും ചെയ്യാൻ സാധിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home