ലിനിയുടെ അത്ഭുതലോകം

ലിയോനാർഡോ ഡാവിഞ്ചിയുമൊത്ത് a ‘ലാസ്റ്റ് സപ്പറിന്' മുന്നിൽ
കെ പി വേണു
Published on Mar 22, 2026, 10:42 AM | 2 min read
ശാസ്ത്രത്തിന് സമ്മാനിച്ച തന്റെ സമവാക്യം യുദ്ധത്തിന്റെ അടുക്കളയിലെത്തിച്ചതിൽ ദുഃഖിതനാണെന്ന് ഐൻസ്റ്റീൻ
‘മിലാനിലെ ചെറിയ മുറിയിലാണ് ലിയോനാർഡോ ഡാവിഞ്ചിയെ കണ്ടത്. ഞങ്ങൾ ലാസ്റ്റ്സപ്പറിനു മുന്നിൽ എത്തിയപ്പോൾ അവിടെ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന 12 മനസ്സുകൾ. തന്റെ ചിത്രം വരച്ച് തരാമോയെന്ന് ചോദിച്ചപ്പോൾ ഭിത്തിയിലിരുന്ന് മൊണാലിസ പുഞ്ചിരിച്ചു.' ലിനി ഫ്രാൻസിസ് എന്ന എ എഫ് ലിനിയുടെ ഒരു വീഡിയോയുടെ തുടക്കമാണിത്. എന്നോ മൺമറഞ്ഞ പ്രതിഭകളും വിഖ്യാത കഥാപാത്രങ്ങളുമൊക്കെ നിർമിതബുദ്ധിയുടെ സാധ്യതയിലൂടെ ആവിഷ്കരിക്കുകയാണ് ലിനി. മലയാളം അധ്യാപികയായ ലിനി ഏലൂർ ഗവ.ഹൈസ്കൂളിൽ പ്രധാനാധ്യാപികയാണ്. കോവിഡ് കാലത്ത് എളങ്കുന്നപ്പുഴ ഹൈസ്കൂളിൽ എച്ച്എം ആയിരിക്കെയാണ് ഈ വേറിട്ട ശ്രമത്തിനിറങ്ങിയത്. വായിക്കുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മറന്നുപോകുന്നതിന് പരിഹാരമായാണ് തുടക്കം.
സാന്റിയാഗോയുടെ യാത്ര
ആദ്യം ‘ദി ആൽക്കമിസ്റ്റ്' നോവലിന്റെ സംഗ്രഹമാണ് തയ്യാറാക്കിയത്. അത് കൊള്ളാമെന്ന് കണ്ടപ്പോൾ നോവലിസ്റ്റും കഥാപാത്രങ്ങളും ലിനിയുമായി സംസാരിക്കുന്ന വീഡിയോ ചെയ്തു. സ്വപ്നത്തിന്റെ പ്രേരണയിൽ സാന്റിയാഗോ നടത്തുന്ന യാത്രയും പിരമിഡുകളും പള്ളിക്കരികിൽ നിൽക്കുന്ന ആൽക്കമിസ്റ്റുമൊക്കെ വീഡിയോയിലെത്തുന്നുണ്ട്. എല്ലാ വീഡിയോയിലും ലിനിയും കഥാപാത്രമാണ്. കാലത്തിനും കഥാപാത്രത്തിന്റെ പ്രായത്തിനും അനുസരിച്ച വേഷങ്ങളിൽ. കുട്ടികളുടെ പാഠഭാഗങ്ങളും ഇങ്ങനെ ചിത്രീകരിച്ചിട്ടുണ്ട്. യു കെ കുമാരന്റെ കഥ ‘ഓരോ വിളിയും കാത്ത്', സക്കറിയയുടെ ‘വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം', അംബികാസുതൻ മാങ്ങാടിന്റെ ‘രണ്ട് മത്സ്യങ്ങൾ' എന്നിവ ഉദാഹണങ്ങൾ. ദൃശ്യാവിഷ്കാരത്തിന് കഥാകൃത്തുക്കളുടേതുൾപ്പെടെ ഏറെ പ്രശംസയും നേടി.
റീൽസ് രൂപത്തിലാണ് ചിത്രീകരണം. എഐ സാങ്കേതിക വിദ്യയുടെ ഭാഗമായ ജെമിനി ആപ്പ് വഴിയാണ് ദൃശ്യ നിർമാണം. വീഡിയോ എഡിറ്റിങ് ആപ്പായ പവർ ഡയറക്ടറും ഉപയോഗിക്കുന്നുണ്ട്. മുന്പ് ശബ്ദ നിയന്ത്രണത്തിൽ താൽപ്പര്യമുണ്ടായിരുന്നു. കഥാപാത്രങ്ങൾക്ക് വേണ്ടി ടീച്ചർ തന്നെയാണ് സംസാരിക്കുന്നത്. കൈറ്റ് സംഘടിപ്പിച്ച ഓൺലൈൻ കോഴ്സിന് ചേർന്നാണ് എഐ ഉപയോഗത്തിൽ പ്രാവീണ്യം നേടിയത്.
മേരി ക്യൂറിയെ കാണാൻ ലാബിലേക്ക്
ബുദ്ധനും ക്രിസ്തുവുമായി നടത്തുന്ന സൗഹൃദ സംഭാഷണം, കുചേലനും കൃഷ്ണനും ഒത്തുചേർന്ന് സൗഹൃദത്തിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കുന്നതുമൊക്കെ ശ്രദ്ധേയമാണ്. മൈക്കിൾ ജാക്സന്റെ സംഗീതധാരയിൽ കാട്ടുതീ അണഞ്ഞുപോകുന്നതും മിന്നാമിനുങ്ങുമായും ചിത്രശലഭങ്ങളുമായുമുള്ള സൗഹൃദവും വേറിട്ട അനുഭവമാണ്. ടൈറ്റാനിക്കിനെക്കുറിച്ചുള്ള വീഡിയോ കുറ്റാന്വേഷണ വിഭാഗത്തിൽ പെടുത്താവുന്നതാണ്. ശാസ്ത്രത്തിന് സമ്മാനിച്ച തന്റെ സമവാക്യം (ഇ ഈസ് ഈക്വൽ ടു എംസി സ്ക്വയർ) യുദ്ധത്തിന്റെ അടുക്കളയിലെത്തിച്ചതിൽ ഏറെ ദു:ഖിതനാണെന്ന് ഐൻസ്റ്റീൻ. മേരി ക്യൂറിയെ അവരുടെ ലാബിലെത്തിയാണ് ലിനി ഇന്റർവ്യൂ നടത്തുന്നത്. മഹാഭാരതത്തിലെ കർണൻ, മൈക്കിൾ ഫാരഡെ, സസ്യ ശാസ്ത്രജ്ഞ പി കെ ജാനകി അമ്മാൾ, വൈക്കം മുഹമ്മദ് ബഷീർ, ചാർലി ചാപ്ലിൻ, ശക്തൻ തമ്പുരാൻ, സോക്രട്ടീസ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി 32 വീഡിയോകൾ നിർമിച്ചിട്ടുണ്ട്.
ഇത്തരം വീഡിയോകൾ മികച്ച ബോധന മാധ്യമവുമാണെന്ന് ലിനി സാക്ഷ്യപ്പെടുത്തുന്നു. ഇനിയും പുതിയ ആശയങ്ങൾക്ക് റീൽസ് ഭാഷ്യമൊരുക്കാനുള്ള ശ്രമത്തിലാണ് ഞാറയ്ക്കൽ സ്വദേശിയായ എ എഫ് ലിനി.










0 comments