ad
Deshabhimani

യുനെസ്കോ പ്രശംസ നേടി കേരളത്തിന്റെ ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ

quantum century exhibition
avatar
മനോജ് കെ പുതിയവിള

Published on Dec 10, 2025, 03:16 PM | 7 min read

അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഏറ്റവും ജനപങ്കാളിത്തമുള്ളതും കൂടുതൽ നീണ്ടുനിൽക്കുന്നതുമായ പരിപാടി ഇന്ത്യയിലെ കേരളത്തിൽ നടക്കുന്ന ക്വാണ്ടം സെഞ്ചുറി എക്സിബിഷനാണെന്ന് യുനെസ്കോ! ആദ്യഘട്ടറിപ്പോർട്ടുകൾ വിലയിരുത്തി യുനെസ്കോയുടെ ഇന്റർനാഷണൽ ഇയർ ഓഫ് ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി (IYQ) ടീം അറിയിച്ചതാണിത്. എക്സിബിഷൻ നടന്ന ആദ്യമൂന്നു കേന്ദ്രങ്ങളിൽമാത്രം 20,000-ലധികം ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ്, ഗവേഷണ വിദ്യാർഥികളും അധ്യാപകരും ബഹുജനങ്ങളും പ്രദർശനം കണ്ടു എന്നതാണ് ഈ പ്രാഥമികാംഗീകാരത്തിന് ആധാരം. ശേഷിച്ച എട്ടു കേന്ദ്രങ്ങൾകൂടി കഴിയുമ്പോഴേക്ക് ഈ സംഖ്യ ഗണ്യമായി ഉയരും.


ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 2025 ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ലോകമെമ്പാടും ആഘോഷിക്കുകയാണ്. നൂറോളം രാജ്യങ്ങളിൽ പരിപാടികൾ നടക്കുന്നു. അവയിൽ മിക്കതും പ്രഭാഷണങ്ങളും ക്ലാസുകളും സെമിനാറുകളും ഉച്ചകോടികളും ഒറ്റ കേന്ദ്രത്തിലെ പ്രദർശനങ്ങളും ഒക്കെയാണ്. കേരളത്തിലാണ് ഇത്ര ബൃഹത്തായി ക്വാണ്ടം ശതാബ്ദി ആഘോഷിക്കുന്നത്.


Quantum Century Exhibition


ക്വാണ്ടം വർഷം പ്രമാണിച്ച് കേരള ശാസ്ത്രസാഹിത്യപരിഷത്തും സയൻസ് പോർട്ടൽ ലൂക്കയും ചേർന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ ഏതാനും മാസമായി കേരളത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്. അതിലെ പ്രധാനപരിപാടിയാണ് ക്വാണ്ടം എക്സിബിഷൻ. കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്രം (സയൻസ് ഇൻ സൊസൈറ്റി C-SiS) ആണ് പ്രദർശനം സജ്ജമാക്കിയത്. ജനകീയമായി ജില്ലതോറും സംഘടിപ്പിക്കുന്നത് പരിഷത്താണ്.


2025 നവംബർ 7-നു തുടങ്ങിയ എക്സിബിഷൻ 2026 ഫെബ്രുവരി 28 വരെ നാലുമാസക്കാലം സംസ്ഥനത്തെ 11 ജില്ലകളിൽ നടക്കും. കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത പ്രദർശനം കൊല്ലം ടികെഎം കോളേജ്, കോട്ടയം പാല സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ പര്യടനം കഴിഞ്ഞ് ആലപ്പുഴയിൽ എത്തിയിരിക്കുന്നു. ഡിസംബർ 11 മുതൽ 15 വരെ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പ്രദർശനം നടക്കും. ഡിസംബർ 26 - 31 കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്എസ്എസ്, ജനുവരി 4 – 9 കാസർകോട് കാഞ്ഞങ്ങാട് നെഹ്റു കോളേജ്, ജനുവരി 12 - 17 കണ്ണൂർ - വി കെ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജ്, ജനുവരി 21 - 25 വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, ജനുവരി 29 - ഫെബ്രുവരി 4 മലപ്പുറം - ഗവ. കോളേജ്, ഫെബ്രുവരി 10 - 14 ഇടുക്കി - കട്ടപ്പന ഗവ. കോളേജ് എന്നീ കേന്ദ്രങ്ങൾക്കുശേഷം ഫെബ്രുവരി 19 - 24 തീയതികളിൽ തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നടക്കുന്ന ആറുദിവസത്തെ പ്രദർശനത്തോടെ സമാപിക്കും.


Quantum Century Exhibition


പ്രദർശനവിശേഷങ്ങൾ


സൂക്ഷ്മലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനും അതുവഴി പല പ്രപഞ്ചരഹസ്യങ്ങളുടെയും ചുരുൾ അഴിക്കാനും വഴിതുറന്നത് ക്വാണ്ടം സയൻസാണ്. ലോകത്തെ പരിഷ്ക്കരിച്ച ട്രാൻസിസ്റ്ററും ലേസറും മുതൽ ക്വാണ്ടം കമ്പ്യൂട്ടർ വരെയുള്ള ധാരാളം സാങ്കേതികവിദ്യകൾക്കു പിന്നിലും ക്വാണ്ടം സയൻസാണുള്ളത്.


ഹൈസ്കൂൾ മുതൽ പഠിക്കുന്ന പീരിയോഡിക് ടേബിൾ, ആറ്റംഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്റ്റിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി അറിവു വിതറും. ഹൈസ്കൂൾവിദ്യാർഥികൾക്കും സാധാരണക്കാർക്കുമെല്ലാം മനസിലാകുംവിധം ലളിതമായാണ് എല്ലാം അവതരിപ്പിക്കുന്നത്.


Quantum Century Exhibition


പീരിയോഡിക് ടേബിളിലെ ഒട്ടുമിക്ക മൂലകങ്ങളെയും സി വി രാമൻ കണ്ടെത്തിയ ‘രാമൻ പ്രഭാവ’വും ഉൾപ്പെടെ കാണാത്ത പലതും നേരിൽ കാണാം. സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയ ആധുനികസങ്കേതങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണു പ്രദർശനം. (കൊണ്ടുനടക്കാൻ പറ്റാത്ത ഹോളോഗ്രാം ഉപയോഗിച്ചുള്ള ഇനങ്ങൾ കൊച്ചി സർവ്വകലാശാലയിലെ പ്രദർശനത്തിൽ ഉണ്ടായിരുന്നു.) പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, പാനലുകൾ, മത്സരങ്ങൾ തുടങ്ങിയവയുണ്ട്. എല്ലാ കേന്ദ്രത്തിലും പ്രദർശനദിവസങ്ങളിലും മുൻദിവസങ്ങളിലും ശാസ്ത്രപ്രഭാഷണങ്ങളും ചർച്ചകളും പുസ്തകപ്രകാശനങ്ങളും സയൻസ് മ്യൂസിക് ബാൻഡ് ഉൾപ്പെടെയുള്ള മറ്റ് അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.


ടി കെ രാധ, ബിബ ചൗധരി തുടങ്ങിയ ഇന്ത്യൻ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ആർട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശില്പങ്ങൾ, ക്വാണ്ടം സയൻസിലെ ഇന്ത്യൻ സംഭാവനകൾ പരിചയപ്പെടുത്തുന്ന യദുനാഥ് ആറിന്റെ പ്രത്യേക പെയിന്റിങ് പരമ്പര, ജസ്റ്റിൻ ജോസഫ് ഒരുക്കുന്ന ഐൻസ്റ്റൈനും മേരിക്യൂറിയും തുടങ്ങിയ കലാസൃഷ്ടികളും പ്രദർശനത്തിന്റെ ഭാഗമാണ്. വിഖ്യാതശാസ്ത്രജ്ഞനായ ഷ്യോഡിംഗറുടെ ചിന്താപരീക്ഷണത്തിലെ പൂച്ചയും താരമായി പ്രദർശനത്തിലുണ്ട്. കാര്യങ്ങൾ വിശദീകരിക്കാൻ പരിശീലനം നല്കിയ സയൻസ് കമ്മ്യൂണിക്കേറ്റർമാരും ഉണ്ട്.


Quantum Century Exhibition


സ്കൂളുകൾക്ക് അതതു ജില്ലയിലെ കേന്ദ്രത്തിൽ എക്സിബിഷൻ കാണാൻ www.q.luca.co.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഓരോ കേന്ദ്രത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 സ്കൂളുകൾക്കാണ് അവസരം. ഓരോ സ്കൂളിൽനിന്നും നൂറുവരെ വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കാനാകും.


പ്രദർശനത്തിന്റെ രാഷ്ട്രീയം


“മഹത്തായ ശാസ്ത്രസംഭാവനകൾ ലാഭാധിഷ്ഠിതമായ വികസിതമുതലാളിത്തത്തിന്റെ കൈയിലാണ് എന്നത് മാനവരാശി നേരിടുന്ന വിപര്യയമാണ്. അതിന്റെ ബദൽ രാഷ്ട്രീയമാണ് കുസാറ്റിനോടൊപ്പം കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ക്വാണ്ടം ശാസ്ത്രത്തിന്റെ ജനകീയവത്ക്കരണപ്രയത്നങ്ങൾ. വിരലിലെണ്ണാവുന്ന പ്രസ്ഥാനങ്ങളിൽ ചുരുങ്ങിപ്പോകാവുന്ന ക്വാണ്ടംശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകൾ മാനവരാശിക്കു മുന്നിൽ തുറന്നുവെക്കുക എന്നതാവാം ഐക്യരാഷ്ട്രസഭ ഈ വർഷം ക്വാണ്ടം ശതാബ്ദിവർഷമായി ആഘോഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ആ സന്ദേശം ഈ എക്സിബിഷനിലൂടെ നിറവേറ്റപ്പെടുന്നു”- ക്വാണ്ടം എക്സിബിഷന്റെ സംസ്ഥാനോദ്ഘാടനം നിർവഹിച്ച ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞ വാക്കുകളാണ് ഇവ.


Quantum Century Exhibition


പിന്നിട്ട നൂറുവർഷങ്ങളിൽ ക്വാണ്ടം സയൻസ് മനുഷ്യജീവിതത്തെ അടിമുടി മാറ്റിയെങ്കിലും ക്വാണ്ടം സയൻസിനെക്കുറിച്ചും സാങ്കേതികവിദ്യയെക്കുറിച്ചുമുള്ള പരിജ്ഞാനം പൊതുസമൂഹത്തിനില്ല. ചിലർ ചൂണ്ടിക്കാട്ടുന്നതുപോലെ, ക്വാണ്ടം സയൻസ് അറിയുന്നവരും അറിയാത്തവരുമെന്ന വിഭജനം ഭാവിയെ കാര്യമായി ബാധിക്കും. ഇതാണ് ശതാബ്ദിയാഘോഷത്തിന്റെ രാഷ്ട്രീയം.


നൂതന സാങ്കേതികവിദ്യാമേഖലകളിലെ കുത്തകവത്ക്കരണവും അനുബന്ധരാഷ്ട്രീയപ്രശ്നങ്ങളും ആഗോളവിഷയമാണ്. ക്വാണ്ടം സാങ്കേതികത ഇന്ന് ആഗോളരാഷ്ട്രീയ-സാമ്പത്തികമത്സരത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയാണ്. അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ഭീമൻ നിക്ഷേപവും രാജ്യങ്ങൾ തമ്മിലുള്ള തീവ്രമായ മത്സരവും ഒരു ‘ക്വാണ്ടം വിഭജനം’ സൃഷ്ടിക്കുമെന്ന ആശങ്ക വ്യാപകമാണ്. ഈ ഭാവിസാങ്കേതിവിദ്യയെ കുറച്ചു രാജ്യങ്ങൾ മാത്രം നിയന്ത്രിക്കുകയും മറ്റുള്ളവർ ഉപഭോക്താക്കളും ഈ രംഗത്തു പിന്നാക്കവും ആകും. ഈ സാഹചര്യം ലോകത്തു ‘സാങ്കേതികവിദ്യാജാതിവവസ്ഥ’ സൃഷ്ടിക്കുമെന്ന സൂചന രണ്ടുവർഷം മുമ്പ് ‘ഇന്റർനാഷണൽ ജേണൽ ഓഫ് ഫിനാൻഷ്യൽ ടൈംസ്’ പ്രസിദ്ധീകരിച്ച ഒരു പഠനം (“Do Technological Innovation and Financial Development Affect Inequality? Evidence from BRICS Countries”) നൽകിയിരുന്നു.


Quantum Century Exhibition


ക്വാണ്ടം അൽഗോരിതങ്ങളും സോഫ്റ്റ് വെയർ പ്ലാറ്റ്ഫോമുകളും മൂലധനശക്തികളുടെ കൈവശമായാൽ അവയിലൂടെയുള്ള സേവനങ്ങൾക്ക് ഉയർന്ന ഫീസുകൾ ചുമത്തുകയും വികസ്വര രാജ്യങ്ങളിലെ പൊതുസംവിധാനങ്ങൾക്കു പ്രാപ്യത നിഷേധിക്കുകയും ചെയ്യുന്ന നില വരാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കൃഷി, ചരക്കുനീക്കം, പദാർഥശാസ്ത്രം തുടങ്ങിയ രംഗങ്ങളിൽ ക്വാണ്ടം പ്രയോഗത്തിലൂടെ കൈവരിക്കാവുന്ന കാര്യക്ഷമതയുടെ പ്രാപ്യത ഇങ്ങനെ തടയപ്പെട്ടാൽ അടുത്തതലമുറ സാമ്പത്തികവളർച്ചയിൽ അസമത്വം വർദ്ധിപ്പിക്കും. ആരോഗ്യരംഗത്ത് ക്വാണ്ടംവിദ്യയിലൂടെ വികസിപ്പിക്കാവുന്ന ഔഷധങ്ങളുടെയും വ്യക്ത്യധിഷ്ഠിതമരുന്നുകളുടെയും കാര്യത്തിൽ ഇത് ‘ആരോഗ്യരക്ഷയിലെ ക്വാണ്ടം വിഭജന’ത്തിനു വഴിവയ്ക്കാം. ഇത് ആരോഗ്യരംഗത്തു വിവിധ ജനവിഭാഗങ്ങൾക്കും രാജ്യങ്ങൾക്കും ഇടയിലുള്ള അന്തരവും ഭൂരിപക്ഷത്തിന്റെ അവകാശനിഷേധവും രൂക്ഷമാക്കാം.


രാഷ്ട്രീയമായി ഇതു വലിയ സുരക്ഷാഭീഷണികളും ഉയർത്തുന്നു. ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് നിലവിലെ എൻക്രിപ്ഷൻ സംവിധാനങ്ങൾ പൊട്ടിക്കാനാകും. അതുകൊണ്ട്, ‘ക്വാണ്ടം സുരക്ഷ’യ്ക്കും ‘ക്വാണ്ടംപ്രതിരോധ’ ഗൂഢലിപിവിദ്യ("quantum-resistant" cryptography)യ്ക്കുമായി രാജ്യങ്ങൾ മത്സരിക്കുന്നു. സങ്കീർണ്ണമായ അടിസ്ഥാനസൗകര്യങ്ങളും വമ്പൻ മൂലധനവും അസാമാന്യവിദഗ്ധരും ആവശ്യമായ ഈ മേഖല, സ്വകാര്യകോർപ്പറേഷനുകളിലേക്കും കുത്തകയിലേക്കും സ്വാഭാവികമായും നീങ്ങും.


Quantum Century Exhibition


ഭാവിയിലെ സാമ്പത്തികവളർച്ചയിലും സുരക്ഷയിലും ക്വാണ്ടംവിദ്യ നിർണ്ണായകമാണെന്നു രാഷ്ട്രഭരണകൂടങ്ങൾ മനസിലാക്കിയിട്ടുണ്ട്. ക്രിപ്റ്റോഗ്രഫി, സെൻസിങ്, സിമുലേഷൻ തുടങ്ങിയവിലെ ക്വാണ്ടംപ്രയോഗങ്ങൾ പ്രതിരോധ, ചാരപ്രവർത്തന രംഗങ്ങളിൽ പ്രധാനമാണ്. വരാൻപോകുന്ന ക്വാണ്ടം കമ്പ്യൂട്ടിങ് നിലവിലെ സ്വന്തം വിവരശേഖരങ്ങൾ ചോർത്തുമോ എന്ന ആശങ്കയും മറ്റുള്ളവരുടെ ശേഖരങ്ങൾ തങ്ങൾക്കു ഭാവിയിൽ ചോർത്താനാകണം എന്ന താത്പര്യവും ഈ രാജ്യങ്ങളെ ഭരിക്കുന്നു. അതുകൊണ്ട്, ഈ വിദ്യകളിൽ ആധിപത്യവും നിയന്ത്രണവും വേണമെന്നു രാജ്യങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, അടിസ്ഥാനഗവേഷണത്തിലും ശാസ്ത്രവിദ്യാഭ്യാസത്തിലും യൂണിയൻ സർക്കാർ ഇപ്പോൾ സ്വീകരിച്ചുവരുന്ന പ്രതിലോമസമീപനം ക്വാണ്ടം സയൻസ് മേഖലയിൽ വളർന്നുവരുന്ന ആഗോളമത്സരത്തിൽ ഇന്ത്യയെ പിന്നോട്ടടിക്കുമെന്ന ആശങ്ക വിദഗ്ദ്ധർ പങ്കുവയ്ക്കുന്നു.


ക്വാണ്ടം സയൻസിനെ കപടശാസ്ത്രങ്ങളുടെ പ്രചരണത്തിനുപയോഗിക്കുന്നു എന്ന അപകടവുമുണ്ട്. കാപ്രയുടെ ‘താവോ ഓഫ് ഫിസിക്സ്’ പോലുള്ള കൃതികൾ തുറന്നുവിട്ട പ്രതിലോമാശയങ്ങളിൽ പെട്ടുകിടക്കുന്നവരും അതുപയോഗിച്ചു വെറുതെ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നവരും ഇന്നുമുണ്ട്. കോർപ്പറേറ്റുകളുടെയും കപടശാസ്ത്രത്തിന്റെയും വക്താക്കൾ ഭരിക്കുമ്പോൾ ഇത്തരം അപകടസാദ്ധ്യത ഏറെയാണല്ലോ. ആ സാഹചര്യത്തിൽ, ‘ക്വാണ്ടം സോഷ്യൽ ജസ്റ്റിസ്’ എന്ന ആശയത്തിന് ഇൻഡ്യയിൽ കാലികപ്രസക്തി ഏറെയാണ്.


Quantum Century Exhibition


ഇത്തരം പ്രശ്നങ്ങൾക്കെല്ലാം എതിരായ പോരാട്ടത്തിന്റെ ആധാരശില ഈ സവിശേഷ ശാസ്ത്രസാങ്കേതികവിദ്യകളുടെ ജനകീയവത്ക്കരണമാണ്. ഒപ്പം, അടിസ്ഥാനഗവേഷണം ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കാനുമുള്ള സമഗ്രമായ രാഷ്ട്രീയനയങ്ങളും ആവശ്യമാണ്. വിജ്ഞാനസമ്പദ്ഘടന ലക്ഷ്യമാക്കി മുന്നേറുന്ന കേരളസമൂഹത്തെ സംബന്ധിച്ച് ഈ ദിശയിലുള്ള ഏതുപ്രവർത്തനത്തിനും ആ നിലയിലുള്ള രാഷ്ട്രീയപ്രാധാന്യം വലുതാണ്. ആ നിലയിൽ സാമ്രാജ്യത്വ-മൂലധനശക്തികൾക്കെതിരെയുള്ള പുതിയ ചെറുത്തുനിൽപ്പിപ്പാണു ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ’. ഈ ദിശയിൽ കേരളം വിവിധ ബഹുജനസംഘടകളുടെയും അക്കാദമിക കൂട്ടായ്മകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ പുതിയ തുടക്കം കൂടുതൽ ശക്തമായ തുടർപ്രവർത്തനങ്ങൾക്കു പ്രചോദനംകൂടി ആകണം.


എന്തുകൊണ്ട് ക്വാണ്ടം സയൻസ്


പഞ്ചേന്ദ്രിയങ്ങളിലൂടെ നേരിട്ടും ഉപകരണങ്ങൾവഴിയും മനസിലാക്കാവുന്ന കാര്യങ്ങളായിരുന്നു സയൻസ്. എന്നാൽ, മനുഷ്യരുടെ അന്വേഷണങ്ങൾ സൂക്ഷ്മലോകങ്ങളിലേക്കും സവിശേഷപ്രതിഭാസങ്ങളിലേക്കും വികസിച്ചപ്പോൾ നാം മനസിലാക്കിവച്ച സയൻസിനു പല കാര്യങ്ങളും വിശദീകരിക്കാൻ കഴിയാതായി. നാം കണ്ടറിഞ്ഞ പ്രപഞ്ചത്തിലെ തത്വങ്ങളും സ്വഭാവങ്ങളും അനുസരിച്ചല്ല അവിടെ കാര്യങ്ങൾ എന്നു കണ്ടു. വസ്തുക്കൾ, പ്രത്യേകിച്ചു മൂലകങ്ങൾ, ചൂടാക്കുമ്പോൾ പുറത്തുവിടുന്ന വ്യത്യസ്തമായ വർണ്ണരാജികൾ, കറുത്ത വസ്തുക്കൾ പുറത്തു വിടുന്ന വർണ്ണരാജികൾ, പ്രകാശം വീഴുമ്പോൾ പല ലോഹങ്ങളും ഇലക്ട്രോൺ പുറത്തുവിടുന്ന ഫോട്ടോ ഇലക്ട്രിക് ഇഫക്ട് എന്നിങ്ങനെ കുഴക്കിയിരുന്ന ചില കാര്യങ്ങൾ വിശദീകരിക്കാനുള്ള അന്വേഷണങ്ങളും ചിന്തകളും പുതിയ സിദ്ധാന്തങ്ങളിലേക്കും നിയമങ്ങളിലേക്കും നയിച്ചു. അവ അതുവരെ നിലനിന്ന ‘ന്യൂട്ടോണിയൻ സയൻസ്’ എന്നു നാം വിളിക്കുന്ന ക്ലാസിക്കൽ സയൻസിനും മനുഷ്യരുടെ അനുഭവലോകത്തിനും ഉൾക്കൊള്ളാനാവാത്തവ ആയിരുന്നു. ഈ പുതിയ ശാസ്ത്രചിന്താപദ്ധതിക്കു വീണ പേരാണ് ക്വാണ്ടം സയൻസ്.


Quantum Century Exhibition


ഭൗതികശാസ്ത്രത്തിലാണ് ആദ്യകാലത്ത് ഈ വികാസം സംഭവിച്ചത്. അതിനാൽ, ക്വാണ്ടം ഭൗതികം അഥവാ ക്വാണ്ടം മെക്കാനിക്സ് എന്നാണ് ഇത് അറിയപ്പെട്ടത്. പദാർഥങ്ങളിൽനിന്ന് ഊർജം പുറത്തുവരുന്നത് തുടർച്ചയായ പ്രവാഹമായല്ല, അവയുടെ ആധാരകണങ്ങളായ ആറ്റങ്ങളിൽനിന്ന് യൂണിറ്റ് കണക്കിലാണ് എന്ന കണ്ടെത്തലിലായിരുന്നു തുടക്കം. 1900 ഡിസംബറിൽ മാക്സ് പ്ലാങ്കാണ് ഈ ആശയം അവതരിപ്പിച്ചത്. ഒരു ഊർജനിലയിൽനിന്ന് താഴത്തെ ഊർജനിലയിലേക്ക് ഊർജം താഴുമ്പോൾ തത്തുല്യമായ ഊർജം ഒരു ഊർജപായ്ക്കറ്റായി പുറത്തുവരുന്നു. ഈ പായ്ക്കറ്റുകൾക്കു നല്കപ്പെട്ട പേരാണ് ‘ക്വാണ്ടം’. ശാസ്ത്രജ്ഞർക്കുതന്നെ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാതിരുന്ന ആശയങ്ങളുടെ പരമ്പരതന്നെ തുടർന്നു സൃഷ്ടിക്കപ്പെട്ടു. സ്വാഭാവികമായും ഒട്ടേറെ തർക്കവിതർക്കങ്ങളും സംവാദങ്ങളുമെല്ലാം ഉണ്ടായി. അവയിലൂടെയെല്ലാം തെളിമനേടി വളർന്ന പുതിയ ശാസ്ത്രപദ്ധതി ‘ക്വാണ്ടം മെക്കാനിക്സ്’ എന്ന പുതുശാഖയായി അംഗീകരിക്കപ്പെട്ടു.


പ്ലാങ്കിന്റെ ക്വാണ്ടം എന്ന ആശയം ഉപയോഗിച്ച് ഐൻസ്റ്റൈൻ ഫോട്ടോ ഇലക്ട്രിക് ഇഫക്ട് വിശദീകരിച്ചു. ഒരേസമയം തരംഗങ്ങളായും കണികകളായും പെരുമാറുന്ന ‘ദ്വൈതസ്വഭാവം’ പ്രകാശത്തിനുണ്ട് എന്ന ആശയം അദ്ദേഹം മുന്നോട്ടു വച്ചു. ക്വാണ്ടം ആശയം ഉപയോഗിച്ച് നീൽസ് ബോർ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ആറ്റങ്ങളെ വിശദീകരിച്ചു; അവയിൽനിന്ന് ഉണ്ടാകുന്ന വർണരാജികളെ വിശദീകരിച്ചു.


Quantum Century Exhibition


പക്ഷേ, ഈ ആശയങ്ങൾ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടുമിരുന്നു. ആറ്റങ്ങളും ആറ്റങ്ങൾക്കുള്ളിലെ ഇലക്ട്രോൺ, പ്രോട്ടോൺ പോലുള്ള ചെറുകണങ്ങളും തരംഗങ്ങളായും കണികകളായും ഒരേസമയം പെരുമാറുന്നു എന്ന ആശയം - ‘ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം’ - ദി ബ്രോയ് സിദ്ധാന്തിച്ചു. സൂക്ഷ്മകണികകളുടെ സ്ഥാനവും മൊമെന്റവും (മാസിന്റെയും വെലോസിറ്റിയുടെയും ഗുണിതമാണു മൊമെന്റം) ഒരേ സമയം കണക്കാക്കാൻ കഴിയില്ല എന്ന ‘അനിശ്ചിതത്വസിദ്ധാന്തം’ വെർണർ ഹൈസൻബർഗ് അവതരിപ്പിച്ചു. ഇതെല്ലാം ശാസ്ത്രലോകത്തു വലിയ ചലനങ്ങൾ ഉണ്ടാക്കി.


ഈ ആശയങ്ങൾ ചേർത്തുവച്ച് കണങ്ങളുടെ വിവിധ സവിശേഷതകൾ മനസിലാക്കാനുള്ള സമവാക്യത്തിന് എർവിൻ ഷ്രോഡിംഗർ 1925-ൽ രൂപംനല്കി (1926ൽ ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്). ‘വേവ് മെക്കാനിക്സ്’ എന്നാണ് ഈ മേഖല അന്ന് അറിയപ്പെട്ടത്. 1925ൽത്തന്നെ ഹൈസൻബർഗ് ഇതേ കാര്യങ്ങൾ വിശദീകരിക്കാൻ ഗണിതത്തിലെ മാട്രിക്സിനെ കൂട്ടുപിടിച്ച് മാട്രിക്സ് മെക്കാനിക്സ് രൂപപ്പെടുത്തി. പീരിയോഡിക് ടേബിളിനെയും നക്ഷത്രപരിണാമങ്ങളെയും വിശദീകരിക്കാൻ സഹായിക്കുന്ന, ക്വാണ്ടം തിയറിയുടെ ഭാഗമായ, എക്സ്ക്ലൂഷൻ സിദ്ധാന്തം വൂൾഫ്ഗാങ് പോളിയും 1925ൽ മുന്നോട്ടുവച്ചു. ക്വാണ്ടം സയൻസിന്റെ വിപ്ലവകരമായ രണ്ടാം ഘട്ടമായിരുന്നു 1925ൽ സംഭവിച്ചത്. ഇതിനെ നാഴികക്കല്ലായി നിശ്ചയിച്ചാണ് 2025നെ യുനെസ്കോ ക്വാണ്ടം ശതാബ്ദിവർഷമായി പ്രഖ്യാപിച്ചത്.


Quantum Century Exhibition


ക്വാണ്ടം സിദ്ധാന്തം മുന്നോട്ടുവച്ച ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും അടിസ്ഥാനസ്വഭാവങ്ങൾ അതുവരെ വിശദീകരിക്കാനാവാതിരുന്ന പല പ്രപഞ്ചപ്രതിഭാസങ്ങളെയും വിശദീകരിച്ചു. ചില പ്രതിഭാസങ്ങളെ അതു പ്രവചിച്ചു. അവയെല്ലാം പില്ക്കാലത്തു ശരിയെന്നു തെളിയുകയും ചെയ്തു. ക്രമേണ ഈ സിദ്ധാന്തങ്ങൾ ഇതരശാസ്ത്രശാഖകളിലേക്കും സാങ്കേതികവിദ്യകളിലേക്കും വ്യാപിച്ചു. അങ്ങനെ ക്വാണ്ടം രസതന്ത്രവും ക്വാണ്ടം ജീവശാസ്ത്രവും ക്വാണ്ടം കമ്പ്യൂട്ടിങ്ങുമൊക്കെ ഉണ്ടായി. ഈ വളർച്ച മനുഷ്യജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന ഒട്ടേറെ കണ്ടുപിടുത്തങ്ങളിലേക്കു നയിച്ചു.


വർണ്ണപ്പൊലിമയുള്ള, ഊർജ്ജലാഭമുള്ള എൽഇഡി ലൈറ്റുകൾ, സോളാർ പാനലുകൾ, ടെലിവിഷൻ, അമോലെഡ് സെൽഫോൺ ഡിസ്പ്ലേ, കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ചികിത്സാരംഗത്ത് ഉപയോഗിയ്ക്കുന്ന എംആർഐ, പിഇടി സ്കാനറുകൾ, ലേസറുകൾ, സ്ഥാനം നിർണയിക്കാൻ സഹായിക്കുന്ന ജി‌പിഎസ്, ഇലക്ട്രോൺ മൈക്രോസ്കോപ്പ്, പ്രപഞ്ചചരിത്രത്തെയും വികാസത്തെയും അറിയാനുള്ള അത്യാധുനിക ശാസ്ത്രീയോപകരണങ്ങൾ, നാനോ ടെക്നോളജി ഉത്പന്നങ്ങൾ, ഇങ്ങനെ പോകുന്നു ആ പട്ടിക. ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി, ക്വാണ്ടം ടെലിപോർട്ടേഷൻ, ക്വാണ്ടം സെൻസിങ് തുടങ്ങിയ പലതും വൈകാതെ യാഥാർഥ്യമാകും. ഭാവിയുടെ സാങ്കേതികവിദ്യ എന്നാണു ക്വാണ്ടം സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്.


Quantum Century Exhibition


ശാസ്ത്രത്തിൽ പിടിതരാതെപോയ ഒട്ടനവധി സമസ്യകൾക്കുള്ള മറുപടി ഈ ശാസ്ത്രശാഖ നല്കുന്നു. ഫോട്ടോസിന്തസിസ്, ദേശാടനപ്പക്ഷികൾ ദിക്കറിയുന്നത്, ഗന്ധം തിരിച്ചറിയുന്നത്, എൻസൈമുകൾ പ്രവർത്തിക്കുന്നത് തുടങ്ങി പല ചോദ്യങ്ങൾക്കും സൂക്ഷ്മതലത്തിൽ ഈ ശാസ്ത്രശാഖ ഉത്തരം നല്കുന്നു. 2025ലെ നൊബേൽ സമ്മാനമുൾപ്പെടെ ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ നൽകപ്പെട്ട നൊബേലുകൾ അനവധിയാണ്. ശാസ്ത്രത്തിൽ ഇന്ത്യയ്ക്കു ലഭിച്ച ഏക നൊബേലും – സി വി രാമനു ലഭിച്ചത് – ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ടാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home