ad
Deshabhimani

കാലാവസ്ഥാ വ്യതിയാനം; ഭൂമിക്ക് പനിക്കുന്നു

Climate Change

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 20, 2026, 03:51 PM | 3 min read

ഭൂമിയുടെ അന്തരീക്ഷ താപനിലയിലും കാലാവസ്ഥാ വ്യതിയാനങ്ങളിലും ദീർഘകാല അടിസ്ഥാനത്തിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് വിളിക്കുന്നത്. വ്യാവസായിക വിപ്ലവത്തിന് പിന്നാലെ മനുഷ്യൻ നടത്തുന്ന അനിയന്ത്രിതമായ ഇടപെടലുകളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം, വൻതോതിലുള്ള വനനശീകരണം, ആധുനിക കൃഷിരീതികൾ എന്നിവ അന്തരീക്ഷത്തിലേക്ക് വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ കാരണമാകുന്നു. ഈ വാതകങ്ങൾ ഭൂമിയിൽ നിന്നുള്ള ചൂട് പുറത്തുപോകാതെ അന്തരീക്ഷത്തിൽ തടഞ്ഞു നിർത്തുന്നതോടെയാണ് ആഗോളതാപനം രൂക്ഷമാകുന്നത്. ഇതിന്റെ ഫലമായി മൺസൂൺ ചക്രങ്ങൾ തകിടം മറിയുകയും, ഉഷ്ണതരംഗങ്ങളും പ്രകൃതിക്ഷോഭങ്ങളും പതിവാകുകയും, മഞ്ഞുമലകൾ ഉരുകി സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു.


ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം ദ്രുതഗതിയിലുള്ള വ്യാവസായിക വൽക്കരണവും ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവുമാണ്. ഇന്ത്യ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് കൽക്കരിയെ വളരെയധികം ആശ്രയിക്കുന്നു. ഇന്ത്യയുടെ വൈദ്യുതിയുടെ 70 ശതമാനത്തിലധികവും താപവൈദ്യുത നിലയങ്ങളിലെ കൽക്കരി കത്തിച്ചാണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ വാഹനങ്ങളിൽ നിന്നുള്ള പുക അന്തരീക്ഷത്തിലേക്ക് വൻതോതിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന് കാരണമാകുന്നു.


കൂടാതെ അനിയന്ത്രിതമായ വനനശീകരണവും കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ നഗരവൽക്കരണവും അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഈ വികസന രീതികൾ കാർബൺ ആഗിരണം ചെയ്യാനുള്ള പ്രകൃതിയുടെ ശേഷി ഇല്ലാതാക്കുന്നു.


കൃഷിഭൂമിയിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളാണ് മറ്റൊരു പ്രധാന വെല്ലുവിളി. കന്നുകാലി വളർത്തൽ, പരമ്പരാഗത നെൽകൃഷി രീതികൾ, നൈട്രജൻ അടങ്ങിയ രാസവളങ്ങളുടെ അമിത ഉപയോഗം, വിളവെടുപ്പിന് ശേഷമുള്ള വൈക്കോൽ കത്തിക്കൽ എന്നിവയിലൂടെ വൻതോതിൽ മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് വാതകങ്ങൾ അന്തരീക്ഷത്തിൽ കലരുന്നു. ഇത് രാജ്യത്തെ മൺസൂൺ ചക്രങ്ങളെ താളംതെറ്റിക്കുകയും ഉഷ്ണതരംഗങ്ങൾ ഉൾപ്പെടെയുള്ള കടുത്ത പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. പരിസ്ഥിതിയെ അവഗണിച്ചുള്ള വികസന നയങ്ങൾ ഇന്ത്യയെ വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് നയിക്കുന്നത്.


മാറ്റമില്ലാത്ത കടുത്ത വരൾച്ചയും താളംതെറ്റുന്ന കാലവർഷവും രാജ്യത്തെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ പ്രധാന വിളകളുടെ ഉത്പാദനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിനൊപ്പം കോടിക്കണക്കിന് സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷയെയും ജീവനോപാധികളെയും നേരിട്ട് ബാധിക്കുന്നു. ഹിമാലയൻ മഞ്ഞുമലകൾ ദ്രുതഗതിയിൽ ഉരുകുന്നത് വരും വർഷങ്ങളിൽ ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ പ്രധാന നദികളുടെ ഒഴുക്കിനെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനോടൊപ്പമുള്ള അനിയന്ത്രിതമായ ഭൂഗർഭജല ചൂഷണവും കുടിവെള്ള ലഭ്യത കുറയ്ക്കുന്നു.


തുടർച്ചയായുണ്ടാകുന്ന ഉഷ്ണതരംഗങ്ങളും, ചുഴലിക്കാറ്റുകളും, മിന്നൽ പ്രളയങ്ങളും വൻതോതിലുള്ള നാശനഷ്ടങ്ങളാണ് സൃഷ്ടിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും വർദ്ധിക്കാനുള്ള സാധ്യതയേറുകയാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പുതിയ പ്രദേശങ്ങളിലേക്ക് പടരുന്നു. കടൽത്തീരങ്ങൾ വിഴുങ്ങുന്ന സമുദ്രനിരപ്പിന്റെ വർദ്ധന തീരദേശ ജനതയുടെ കുടിയൊഴിപ്പിക്കലിനും കാരണമാകുന്നു. സാധാരണക്കാരുടെ ആരോഗ്യത്തെയും സാമ്പത്തികാവസ്ഥയെയും ഇത് ഒരുപോലെ തകിടം മറിക്കുകയാണ്.


കേരളത്തെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന വലിയൊരു ദുരന്തമായി കാലാവസ്ഥാ വ്യതിയാനം മാറിക്കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയുയർത്തിക്കൊണ്ട് കിഴക്കൻ-വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ അതിരൂക്ഷമായ പ്രളയത്തിലും നദീതീര ശോഷണത്തിലും മുങ്ങുകയാണ്. ഒഡീഷയും ആന്ധ്രാപ്രദേശും ഉൾപ്പെടുന്ന കിഴക്കൻ തീരമേഖലകൾ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റുകളുടെയും കടലാക്രമണങ്ങളുടെയും നിരന്തരമായ പ്രഹരമേറ്റുവാങ്ങുന്നു. അതേസമയം, ഉത്തരേന്ത്യയിലെയും മധ്യ ഇന്ത്യയിലെയും വിശാലമായ കാർഷിക മേഖലകൾ കടുത്ത ഉഷ്ണതരംഗത്തിലും കടുത്ത വരൾച്ചയിലും പെട്ട് കരിഞ്ഞുണങ്ങുന്നത് പേടിപ്പെടുത്തുന്ന വസ്തുതയാണ്.


ഉത്തർപ്രദേശിലെ ബാന്ദയിൽ കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില 48.2 ഡിഗ്രി സെൽഷ്യസാണ്. ചൂട് അസ്സഹനീയമായതോടെ ജനങ്ങൾ തങ്ങളുടെ ജീവിതശൈലിയിൽ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് .രാവിലെ 10മണിക്ക് മുൻപേ തന്നെ ഭൂരിഭാഗം ആളുകളും ജോലി അവസാനിപ്പിക്കുകയാണ്.പകൽ സമയങ്ങളിൽ വയലുകളിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകർ എൽ ഇ ഡി ഫ്ളഡ് ലൈറ്റുകളുടെ വെട്ടത്തിൽ രാത്രി കാലങ്ങളിലാണ് കൃഷി ജോലികളിൽ ഏർപ്പെടുന്നത്.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ ഒരു ഉദാഹരണം മാത്രമാണിത്.


കോർപ്പറേറ്റ് വികസന നയങ്ങളും പ്രകൃതി ചൂഷണവും സൃഷ്ടിച്ച ഈ പ്രതിസന്ധി രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതത്തെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. മുംബൈ, കൊൽക്കത്ത തുടങ്ങിയ വൻകിട തീരദേശ നഗരങ്ങൾ സമുദ്രനിരപ്പ് ഉയരുന്നതിനാലും അശാസ്ത്രീയമായ നഗരവൽക്കരണം മൂലവുമുള്ള വെള്ളപ്പൊക്ക ഭീഷണിയിലാണ്. ലക്ഷദ്വീപ് പോലുള്ള ദ്വീപ് സമൂഹങ്ങളുടെ നിലനിൽപ്പ് തന്നെ ഇന്ന് അപകടത്തിലാണ്. ജനസാന്ദ്രതയും ദാരിദ്ര്യവും മൂലം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറഞ്ഞ ഈ പ്രദേശങ്ങളിലെ സാധാരണക്കാരായ കർഷകരും തൊഴിലാളികളുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാർത്ഥ ഇരകൾ. കൃത്യമായ പ്രതിരോധ സംവിധാനങ്ങളും ബദൽ വികസന നയങ്ങളും നടപ്പിലാക്കിയില്ലെങ്കിൽ രാജ്യം വൻ തകർച്ച നേരിടേണ്ടിവരുമെന്നാണ് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home