print edition മൂന്നാം നാളിലുയരും ആർപ്പോ ഇർർറോ...

തൃശൂർ: കേരള സ്‌കൂൾ കലോത്സവത്തിന് കൊടി ഉയരാൻ മൂന്ന് ദിനം ബാക്കിയുണ്ടെങ്കിലും മിനി പൂരവും കലാരവങ്ങളുമായ് കലോത്സവത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് സാംസ്കാരിക നഗരി. പതിനൊന്നാം തവണയാണ് ജില്ല കേരള സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്നത്.
ഓരോ തവണയും കലോത്സവം ഒന്നിനൊന്ന് മികച്ചതാകാറുണ്ട്. ഇക്കുറിയും കലോത്സവം അതിഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. "വിവിധ ജില്ലകളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചവരാണല്ലോ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ദിവസവും ഓരോ വേദിയിലെ ഒന്നോ രണ്ടോ കലാപ്രകടനങ്ങൾ കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ കലോത്സവമെത്തുമ്പോൾ നമ്മളാണ് മുൻപന്തിയിൽ നിന്ന് വിജയിപ്പിക്കേണ്ടത് ’പൂങ്കുന്നം സ്വദേശി ശശി പറഞ്ഞു.
ആസ്വാദനത്തിനൊപ്പം കലോത്സവമെത്തുന്നതോടെ കച്ചവടത്തിനും വൻ വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. അതിനുള്ള തയ്യാറെടുപ്പുകൾ കച്ചവടക്കാർ ആരംഭിച്ചു കഴിഞ്ഞു. പൂരത്തിനും പുലികളിക്കും സമാനമായി കലോത്സവ ദിനങ്ങളിൽ വേദികൾക്ക് ചുറ്റുമുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും പതിവിൽ കൂടുതൽ ഭക്ഷണമൊരുക്കും. കൂടുതൽ സമയം പ്രവർത്തിക്കുകയും ചെയ്യും. ഒരേ സമയം കൂടുതൽ ആളുകൾക്ക് ഭക്ഷണം വിളമ്പാനുള്ള സൗകര്യങ്ങളും ഒരുക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. കലാപ്രകടനങ്ങൾ നടക്കുമ്പോൾ വേദിക്ക് പുറത്ത് സൊറ പറഞ്ഞു നടക്കുന്നവരെ ലക്ഷ്യമിട്ട് കപ്പലണ്ടിയും ഇഞ്ചി മിഠായിയുമായി പോപ്കോണും ഐസ്ക്രീമും ചായയും കച്ചവടക്കാരെത്തും.
കൈ നോക്കിയും മുഖലക്ഷണം പറഞ്ഞും കലോത്സവം രസകരമാക്കാൻ കൈനോട്ടക്കാരും തയ്യാറായിക്കഴിഞ്ഞു. മത്സരാർഥികളെ സൗജന്യമായി വേദികളിൽ എത്തിക്കാൻ ഓട്ടോറിക്ഷക്കാരും തയ്യാറായിട്ടുണ്ട്. കലോത്സവത്തിന്റെ ലോഗോ പതിപ്പിച്ച ഓട്ടോകളാണിവ.
സ്വർണക്കപ്പ് നാളെയെത്തും
കേരള സ്‌കൂൾ കലോത്സവത്തിന്റെ സ്വർണക്കിരീടം തിങ്കളാഴ്‌ച ജില്ലയിലെത്തും. വിവിധ ജില്ലകളിലെ സ്വീകരണ പര്യടനത്തിനുശേഷമാണ് 117.5 പവൻ സ്വർണക്കപ്പ് ജില്ലയിൽ പ്രവേശിക്കുന്നത്. എട്ടിന് കാസർകോട് മൊഗ്രാൽ ജിവിഎച്ച്‌എസ്‌എസിൽനിന്നാണ് പര്യടനമാരംഭിച്ചത്. ആദ്യമായാണ് ചന്ദ്രഗിരിപ്പുഴയ്‌ക്കപ്പുറത്തുനിന്ന് സ്വർണക്കപ്പ് പര്യടനം തുടങ്ങുന്നത്. തിങ്കളാഴ്‌ച രാവിലെ അങ്കമാലി ട്രഷറിയിൽനിന്ന് ഏറ്റുവാങ്ങുന്ന കപ്പ് തൃശൂർ ജില്ലയിലേക്ക് കൊണ്ടുവരും. ജില്ലാ അതിർത്തിയിൽനിന്ന് സ്വീകരിച്ചാനയിക്കും. രാവിലെ ഒന്പതിന് ചാലക്കുടി ഗവ. ബോയ്‌സ് എച്ച്‌എസ്‌എസിലാണ് ആദ്യ സ്വീകരണ കേന്ദ്രം. ചൊവ്വാഴ്‌ച തൃശൂർ നഗരത്തിൽ സ്വർണക്കപ്പിന് വൻ വരവേൽപ്പ് നൽകും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തലപ്പിള്ളി സബ്‌ട്രഷറിയിൽ സൂക്ഷിക്കും. ചൊവ്വാഴ്‌ച വിവിധ സ്‌കൂളുകളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്രയായി ടൗൺഹാളിലേക്കാനയിക്കും. ടൗൺഹാളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തൃശൂർ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.










0 comments