ദിവസവും അരലക്ഷംപേർക്ക് ഭക്ഷണം രുചിയൂറൂം കലോത്സവ കലവറ
print edition ഇനി 4 നാൾ ; ഒരുക്കങ്ങൾ തകൃതി

കുട്ട നെയ്യുന്ന, ഗ്രീൻ പ്രോട്ടോകോൾ വളന്റിയർമാരായ വിദ്യാർഥികൾക്ക് സമീപം മന്ത്രി കെ രാജൻ
തൃശൂർ: കലാകേരളത്തിന്റെ നവമുകുളങ്ങൾ വിരിയാൻ ഇനി നാലുനാൾകൂടി. കേരള സ്‌കൂൾ കലോത്സവത്തിന്റെ സംഘാടന പ്രവർത്തനങ്ങൾ സാംസ്‌കാരിക നഗരിയിൽ തകൃതിയായി. ഒരുക്കങ്ങളുടെ അവസാന വട്ടം വിലയിരുത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ഡോ. ആർ ബിന്ദു, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. മന്ത്രിമാരുടെ നേതൃത്വത്തിൽ കലോത്സവം അവലോകനയോഗം, വ്യാപാരി വ്യവസായികളുടെ യോഗം, ഗ്രീൻ പ്രോട്ടോകോൾ യോഗം എന്നിവ നടന്നു.
ഗ്രീൻ വളണ്ടിയർമാർക്കുള്ള പരിശീലനവും യൂണിഫോം വിതരണവും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാജനും ചേർന്ന് നിർവഹിച്ചു. ശുചിത്വ മിഷൻ, കോർപറേഷൻ, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി എന്നിവർ ചേർന്നാണ് വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. ശുചിത്വ മിഷനാണ് വളണ്ടിയർമാർക്കുള്ള യൂണിഫോമുകൾ ഒരുക്കിയത്.
മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷയായി. സീറോ വേസ്റ്റ് ഇൻ സ്റ്റേറ്റ് ഓഫ് കേരള എന്ന വിഷയത്തിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വിദ്യാർഥികൾക്ക് ക്ലാസെടുത്തു. ഫീൽഡ് പ്രവർത്തനത്തെക്കുറിച്ച് ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ പരിശീലനം നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ ഡോ. പി ആർ രാമചന്ദ്രൻ, കോർപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കാർത്തിക മുരളി തുടങ്ങിയവർ സംസാരിച്ചു.

ദിവസവും അരലക്ഷംപേർക്ക് ഭക്ഷണം രുചിയൂറൂം കലോത്സവ കലവറ
നാവില്‍ രുചിയൂറുന്ന അഞ്ചുതരം പായസങ്ങളുമായി കലോത്സവ ദിനങ്ങളെ കൂടുതല്‍ കളറാക്കാന്‍ പാലസ് ഗ്രൗണ്ടില്‍ കലവറ ഒരുങ്ങുന്നു. പഴയിടം മോഹന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. ദിവസം 50,000 പേര്‍ക്ക് ഭക്ഷണമൊരുക്കും. കലവറയില്‍ അഞ്ചുനേരം ഭക്ഷണം വിളമ്പും. രാവിലെ ഏഴുമുതല്‍ പ്രഭാത ഭക്ഷണം വിളമ്പും. പകല്‍ 11ന് ചായയും പലഹാരവും ഉണ്ടാകും. 11.30ന് ഉച്ചഭക്ഷണവും പായസവും വിളമ്പിത്തുടങ്ങും. നാലിന് ചായയും പഴംപൊരിയും വിളമ്പും. വൈകിട്ട് ഏഴിന് രാത്രി ഭക്ഷണ വിതരണം ആരംഭിക്കും. രാത്രി ഭക്ഷണത്തിനൊപ്പം കട്ടന്‍കാപ്പിയും ഉണ്ടാകും.
പൂര്‍ണമായും വെജിറ്റേറിയന്‍ വിഭവങ്ങളാണ് ഒരുക്കുന്നത്. ഗോതമ്പ് പായസം, പാല്‍പ്പായസം, പരിപ്പ് പായസം, അടപ്രഥമന്‍, പഴപ്രഥമന്‍ എന്നിവയാണ് ഓരോ ദിവസവും വിളമ്പുന്നത്. ഉച്ചഭക്ഷണത്തിനൊഴികെ ഓരോ നേരവും വ്യത്യസ്ത വിഭവങ്ങളാണ് നല്‍കുന്നത്. 13ന് പകല്‍ മൂന്നിന് കലവറയുടെ പാലുകാച്ചല്‍ നടക്കും. അന്നേദിവസം രാത്രി ഏഴുമുതല്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കായി ഭക്ഷണം വിളമ്പിത്തുടങ്ങും. വാഴയിലയില്‍ ഭക്ഷണവും സ്റ്റീല്‍ ഗ്ലാസില്‍ വെള്ളവും നല്‍കും. പാലസ് ഗ്രൗണ്ടില്‍ ഭക്ഷണ കലവറയുടെ നിർമാണം പുരോഗമിക്കുകയാണ്.










0 comments