ad
Deshabhimani

അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു

SCHOOL KALOLSAVAM
വെബ് ഡെസ്ക്

Published on Dec 20, 2025, 04:12 PM | 2 min read

തൃശൂർ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ അറുപത്തിനാലാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളാൻ ഒരുങ്ങുന്നു. 2026 ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം അരങ്ങേറുന്നത്. ഇതിന്റെ ഷെഡ്യൂൾ പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, റവന്യൂ കെ രാജൻ എന്നിവർ ചേർന്ന് തൃശൂരിൽ നിർവ്വഹിച്ചു. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.


ജനുവരി 14-ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ജനുവരി 18-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും.


പ്രധാന വേദിയില്‍ മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം 13-ാം വേദിയായ ജവഹർ ബാലഭവനിലും അറബിക് കലോത്സവം 16, 17 വേദികളായ സിഎംഎസ് എച്ച്എസ്എസിലും നടക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്എസ്എസിൽ രജിസ്‌ട്രേഷൻ സൗകര്യവും ഗവൺമെന്റ് മോഡൽ ജിവിഎച്ച്എസ്എസിൽ പ്രോഗ്രാം ഓഫീസും പ്രവർത്തിക്കും.


പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ മുഖ്യരക്ഷാധികാരികളായും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സംഘാടകസമിതി ചെയർമാനായും കലോത്സവത്തിന് നേതൃത്വം നൽകും. എ സി മൊയ്തീൻ എംഎൽഎ ആണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ആണ് ജനറൽ കോർഡിനേറ്റർ. 5 ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ തൊണ്ണൂറ്റിയാറ് ഇനങ്ങളും ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്‌കൃതോത്സവത്തിൽ 19 ഇനങ്ങളും അറബിക് കലോത്സവത്തിൽ 19 ഇനങ്ങളുമാണ് ഉള്ളത്. മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കലോത്സവത്തെ ഉത്തരവാദിത്തമുള്ള ഒരു ഉത്സവമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളെ പ്രാപ്തിയുള്ള പൗരന്മാരാക്കുന്നതിനൊപ്പം ഉത്തരവാദിത്തമുള്ളവരായി വളർത്തുക എന്ന ലക്ഷ്യത്തോടെ മത്സരങ്ങൾ മുതൽ ഭക്ഷണം വരെ എല്ലാ ഘട്ടങ്ങളിലും പുതിയ മാതൃകകൾ കൊണ്ടുവരും. ജയപരാജയങ്ങളെ അതിജീവിച്ച് എല്ലാ കുട്ടികളെയും വിജയികളായി കാണാൻ പഠിപ്പിക്കുകയാണ് ഈ മേളയുടെ പാഠമെന്നും തോൽവിയെ സംയമനത്തോടെ സ്വീകരിക്കാനും മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കാനും കുട്ടികൾ പഠിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ആഘോഷങ്ങൾ ക്രമീകരിക്കും. അമിതമായ ശബ്ദമലിനീകരണം ഒഴിവാക്കാൻ സൗണ്ട് സിസ്റ്റം നിയന്ത്രിക്കും. പ്ലാസ്റ്റിക് വസ്തുക്കൾക്കും മിനറൽ വാട്ടർ ബോട്ടിലുകൾക്കും കർശന വിലക്ക് ഏർപ്പെടുത്തി ഹരിതചട്ടം പാലിക്കും. ജങ്ക് ഫുഡുകൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണരീതിയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്ന നാടൻ വിഭവങ്ങളും മേളയുടെ ഭാഗമാകും. കരുണ, പങ്കിടൽ, ലഹരി വിരുദ്ധ ബോധവൽക്കരണം, ഡിജിറ്റൽ അടിമത്വത്തിൽ നിന്നുള്ള മോചനം തുടങ്ങിയ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുമെന്നും തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മേള വിജയിപ്പിക്കാൻ എല്ലാവരും കൈകോർക്കണമെന്നും മന്ത്രിമാർ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home