ad
Deshabhimani

പാറുക്കുട്ടിയമ്മയുടെ പാവന സ്‌മരണയ്‌ക്ക്‌

rajan
avatar
എൻ രാജൻ

Published on Jan 14, 2026, 01:03 AM | 2 min read

തൃശൂർ: 48 വർഷം മുമ്പ്‌ തൃശൂരിൽ നടന്ന പതിനെട്ടാം സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ കഥയിൽ സമ്മാനം വാങ്ങി തേക്കിൻകാട്ടിലൂടെ തനിച്ചുനടന്ന രാത്രി മറന്നിട്ടില്ല. പഴയ സാഹിത്യഭാഷയിൽ, അയ്യന്തോളിലേക്കുള്ള അവസാന ബസും പോയിരുന്നു. ​‘പാറുക്കുട്ടിയമ്മയുടെ പാവന സ്‌മരണയ്‌ക്ക്‌’എന്നെഴുതിയ ട്രോഫിയും സർട്ടിഫിക്കറ്റും പിടിച്ച്‌ ഞാൻ നടന്നു. മുഖ്യമന്ത്രിയിൽനിന്ന്‌ വാങ്ങിയ സർട്ടിഫിക്കറ്റ്‌ വിയർപ്പിൽ നനയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. പ്രധാനവേദിയിൽ സമ്മാനിതരായ കുട്ടികളുടെ കലാപരിപാടി തുടരുകയാണ്‌. കാറ്റിനൊപ്പം മോഹിനിയാട്ടത്തിലെ പദങ്ങൾ, ചിലങ്കയുടെ ചിതറിയ കിലുക്കം എല്ലാം അകലെയായി.

വീട്‌ ഉറക്കം തുടങ്ങിയിരുന്നു. വാതിൽ തുറന്ന്‌ അമ്മ ചോദിച്ചു: നെനക്ക്‌ ചോറുവേണ്ടേ?

മൂന്നു ദിവസമായി വീട്ടിൽനിന്ന്‌ ഭക്ഷണം കഴിച്ചിട്ട്‌. മത്സരാർഥിക്ക്‌ കിട്ടിയ ബാഡ്‌ജിന്റെ ഗമയിൽ നല്ല ശാപ്പാടായിരുന്നു. നാവിലൂറുന്ന രുചി സമൃദ്ധി. ഇനിയതില്ല. തണുത്ത ചോറിനുമുന്നിൽ വിശപ്പില്ലാത്ത പോലെയിരുന്നു. ട്രോഫിയും സർട്ടിഫിക്കറ്റും ജനൽപ്പടിയിൽ തിരുകി.

​പിറ്റേന്ന്‌ എഴുന്നേറ്റു വരുമ്പോൾ ഉമ്മറത്ത്‌ അച്ഛൻ പത്രവായനയിലാണ്‌. എന്നെ കണ്ടതും പത്രത്തിൽനിന്ന്‌ മുഖമുയർത്താതെ ചോദിച്ചു: നെനക്ക്‌ സമ്മാനമുണ്ടല്ലേ? പേരുവായിച്ചു. ഞാൻ മൂളി. അച്ഛൻ വായന തുടർന്നു. സമ്മാനം കിട്ടിയ വകയിൽ ചേട്ടനന്ന്‌ ഉച്ചയ്ക്ക്‌ മാറ്റിനി കാണിച്ചു . ‘ഗിരിജ’യിൽ യേശുദാസിന്റെ ഹിന്ദിപ്പാട്ടുകൾ ഹിറ്റാക്കിയ ‘ചിത്‌ ചോർ’. പിറ്റേന്ന്‌ സ്‌കൂൾ അസംബ്ലിയിൽ അനുമോദിക്കപ്പെടും എന്ന്‌ കരുതി. അവിടെ പക്ഷേ, എല്ലാം സാധാരണപോലെ. പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ. ആ വർഷം തൃശൂർ മോഡൽ ബോയ്‌സിൽനിന്ന്‌ അജിത്‌കുമാർ രാജയ്‌ക്കും സമ്മാനമുണ്ട്‌. അക്ഷരശ്ലോകത്തിൽ. ഹെഡ്‌മാസ്‌റ്റർ എ എസ്‌ കുറുപ്പാൾ അടക്കി വാഴുന്ന സ്‌കൂളാണ്‌. നഗരത്തിലെ പണക്കാരുടെയും പ്രൊഫഷണലുകളുടെയും മക്കൾ പഠിക്കുന്ന കേന്ദ്രം. ഗ്രാമപ്രദേശമായ പഴയ അയ്യന്തോളിൽ നിന്ന്‌ നഗരത്തിൽ വന്നുവീണ ഞാൻ ശരിക്കും ഒറ്റപ്പെട്ടിരുന്നു. എസ്‌എഫ്‌ഐ കളിച്ച്‌ സ്‌കൂളിന്റെ സൽപ്പേര്‌ കളയുന്നു എന്ന ആക്ഷേപവുമുണ്ടായിരുന്നു. ചുമ്മാ പുറത്തുതട്ടി അഭിനന്ദിക്കാൻ ഒരു അധ്യാപകൻപോലും ഉണ്ടായില്ല.


സംഘർഷത്തിലും വൈരുധ്യത്തിലുമാണ്‌ കലയും സാഹിത്യവും തിളങ്ങുക എന്നതിന്റെ ബാലപാഠമായിരുന്നു. ഇപ്പോൾ അനുമോദനപ്പൂരത്തിൽ മുങ്ങുന്നതും സർഗാത്മകതയുടെ സത്തയും സൗന്ദര്യവുമാവാം. ലക്ഷങ്ങൾ വാരിക്കോരുന്ന ശത്രുതയുടെ ‘മദനോത്സവമായി’ അരങ്ങുകൾ കൊഴുക്കുന്നു. ചെറിയ ജയം ലോകോത്തരമാക്കി വാഴ്‌ത്തപ്പെടുന്നു. വാർത്ത ചമച്ചു കഴിഞ്ഞാൽ മാധ്യമപ്പട മടങ്ങുന്നു. കാലത്തിന്റെ മറ്റൊരു പടവിൽ തിരിഞ്ഞുനോക്കുമ്പോൾ, ഓർക്കാനൊരു മുഖം, കേൾക്കാനൊരു ശബ്ദം, അത്രയെങ്കിലും, സൗഹൃദത്തിന്റെ ചില പച്ചപ്പെങ്കിലും ബാക്കി നിർത്താൻ കലോത്സവങ്ങൾക്ക്‌ കഴിയട്ടെ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home