വിരിഞ്ഞൂ, വിസ്‌മയപ്പൂക്കൾ

തൃശൂർ: നെറ്റിപ്പട്ടംകെട്ടിയ ആനയുടെ രൂപത്തോടെ വേദിയിൽ സ്വാഗത നൃത്തം തുടങ്ങിയപ്പോൾ പ്രധാനവേദിയായ ‘സൂര്യകാന്തി’ ഒന്നിളകി. തൃശൂർ ഗഡികൾ കൈകൊട്ടിപ്പറഞ്ഞു. കലക്കീട്ടോ. കേരള സംസ്‌കൃതിയാകെ പകർത്തിയാണ് കലാമണ്ഡലത്തിലെ 45 വിദ്യാർഥികൾ ചുവടുവച്ചത്. ഒരാഴ്ചത്തെ മാത്രം പരിശീലനത്തിൽ വിരിഞ്ഞ വിസ്‌മയം. കലോത്സവത്തിന്റെ മൂഡ് സെറ്റ്.
‘തൃശിവപേരൂരിന്റെയരങ്ങിൽ പുത്തൻ തലമുറയുണരുന്നു കലയുടെ കാവ്യചരിത്രമതിതായി നവകേരളമുണരുന്നു ’– ബി കെ ഹരിനാരായണന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയുടെ സംഗീതം. കഥകളി, ഓട്ടൻതുള്ളൽ, മാർഗംകളി, ഒപ്പന, മോഹിനിയാട്ടം, ആദിവാസി നൃത്തം, കൂടിയാട്ടം, തിരുവാതിര, ചവിട്ടുനാടകം, കേരള നടനം, ഭരതനാട്യം തുടങ്ങി എല്ലാ കലകളും ചേർന്നാണ് നൃത്തം ചിട്ടപ്പെടുത്തിയത്. എം കെ നിഷാദ്, സന്നിദാനന്ദൻ, ഇന്ദുലേഖ വാര്യർ, സദനം ജ്യോതി കുമാർ എന്നിവർക്കൊപ്പം മണികണ്ഠനും ചേർന്നാണ് ആലാപനം.










0 comments