ad
Deshabhimani

ഇന്ന് കൊടിയിറക്കം: സമാപന സമ്മേളനത്തിൽ മോഹൻലാൽ വിശിഷ്ടാതിഥി

mohanlal
വെബ് ഡെസ്ക്

Published on Jan 18, 2026, 11:38 AM | 1 min read

തൃശൂർ: വടക്കുന്നാഥന്റെ തട്ടകത്തിലെ യുവജനോത്സവത്തിലേക്ക് തൂവാനത്തുമ്പികളിലെ നായകന് ഇന്ന് വരവേൽപ്പ്. കലയുടെ ഗ്രാൻഡ്മാസ്റ്റർ, ഗുരു. ഊതിക്കാച്ചിയ പൊന്ന്. ഭാവങ്ങളുടെ ആ രാജശിൽപ്പി കൈയെത്തും ദൂരത്ത്. കലയുടെ കമലദള വിസ്‌മയമായ ലാലേട്ടനായി കലോത്സവത്തിൻ്റെ തിരനോട്ടം മുതൽ ആട്ടക്കലാശമായ ഞായറാഴ്‌ചവരെ മിഴിപ്പൂവുമായി നഗരം കാത്തിരിക്കുകയാണ്. ഒരു കൊച്ചുസ്വപ്‌നമാണ് പൂവണിയുന്നത്.


ദാദാസഹിബ് ഫാൽക്കേ പുരസ്കാരം എന്ന ഇന്ത്യൻ സിനിമയുടെ കീർത്തിമുദ്രയും കിരീടവും ഏറ്റുവാങ്ങിയശേഷം ആദ്യമായാണ് മോഹൻലാൽ സ്കൂൾ കലോത്സവവേദിയിലെത്തുന്നത്. ആ പാദമുദ്രകളുടെ ഇന്ദ്രജാലങ്ങൾ കാത്ത് പിൻഗാമികൾ മഹാസമുദ്രമാകും. ഈ ജനുവരി ഒരു ഓർമയാകും.


മികച്ച സംഘാടനത്തിന്റെ പൊൻതിളക്കത്തോടെയാണ്‌ കേരള സ്‌കൂൾ കലോത്സവം 64–ാം പതിപ്പിന്റെ കൊടിയിറക്കം. തേക്കിൻകാട്‌ മൈതാനിയിലെ എക്‌സിബിഷൻ ഗ്ര‍ൗണ്ടിലെ പ്രധാന വേദിയിൽ വൈകിട്ട്‌ നാലിന്‌ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാൽ വിശിഷ്ടാതിഥിയാകും.


മന്ത്രി കെ രാജൻ അധ്യക്ഷനാവും. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് മന്ത്രി വി ശിവൻകുട്ടിയും മോഹൻലാലും ചേർന്ന്‌ സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ ബിന്ദു, വി അബ്ദുറഹിമാൻ, എം ബി രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കും.


സമാപന ദിവസമായ ഞായറാഴ്‌ച എട്ട്‌ ഇനങ്ങളിലാണ്‌ മത്സരം. ഉച്ചയോടെ പൂർത്തിയാകും. അഞ്ചുദിവസങ്ങളിലായി 249 ഇനങ്ങളിലായിരുന്നു മത്സരം. രോഗബാധിതയായി ക്വാറന്റൈനിലായ വിദ്യാർഥിനിക്ക്‌ ഓൺലൈനായി മത്സരിക്കാൻ സർക്കാർ അവസരം നൽകിയതും വീടില്ലാത്ത മത്സരാർഥിക്ക്‌ വീടുവച്ചുനൽകാൻ തീരുമാനിച്ചതും ഇ‍ൗ കലോത്സവത്തെ കൂടുതൽ ഹൃദ്യമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home