ad
Deshabhimani

‘പഴുതടച്ച സംഘാടനം കൂട്ടായ്‌മയുടെ വിജയം’: കെ രാജൻ

k rajan
വെബ് ഡെസ്ക്

Published on Jan 18, 2026, 02:09 PM | 1 min read

തൃശൂർ: 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ കുറ്റമറ്റ സംഘാടനം സംസ്ഥാന സർക്കാരിന്റെയും തൃശൂരിലെ ജനങ്ങളുടെയും കൂട്ടായ്മയുടെ വിജയമെന്ന് സംഘാടക സമിതി ചെയർമാൻ കുടിയായ മന്ത്രി കെ രാജൻ. കൃത്യമായ മാസ്‌റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്. പൂർണമായും ഡിജിറ്റലായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങളിലും സംഘാടക സമിതിയും സബ്കമ്മിറ്റികളും ജാഗ്രതയോടെ ഇടപെടുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെത്തുടർന്ന് ഒരുമാസത്തോളം നഷ്ടപ്പെട്ടിട്ടും കലോത്സവം മികവോടെ സംഘടിപ്പിക്കാനായത് കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി കെ രാജൻ 'ദേശാഭിമാനി'യോട് പറഞ്ഞു.


ദിവസവും വൈകിട്ട് സംഘാടക സമിതി കോർകമ്മിറ്റി യോഗവും സബ്കമ്മിറ്റി കൺവീനർമാരുടെ യോഗവും ചേർന്ന് അതത് ദിവസം ഉയർന്നുവരുന്ന വിഷയങ്ങൾ ചർച്ചചെയ്ത് അപ്പപ്പോൾ പരിഹാരം കണ്ടു. എല്ലാ വേദികളുടെയും എല്ലാ സബ്കമ്മിറ്റികളുടെയും പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂം പ്രവർത്തിച്ചു. ഒറ്റക്ലിക്കിൽ ഓരോ വേദിയിലും നടക്കുന്ന എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സംഘാടനത്തെ ഡിജിറ്റലാക്കി.


എക്കാലവും പരാതിക്കിടയാകാറുള്ള ചില മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഓരോ ജില്ലയ്ക്കും അനുവദിച്ച താമസം ഏർപ്പാടാക്കിയ സ്കൂൾ, അവിടുത്തെ എച്ച്എമ്മിന്റെയും ചുമതലക്കാരുടെയും ഫോൺ നമ്പറുകൾ എന്നിവ അറിയാം. താമസം ഏർപ്പെടു ത്തിയ സ്കൂളുകളിൽ അധ്യാപകരുടെയും പിടിഎയുടെയും എംപിടിഎയുടെയും പങ്കാളിത്തത്തോടെ പ്രത്യേക സംഘാടക സമിതികൾ പ്രവർത്തിച്ചു.


നഗരം വ്യാപരികളുടെയും ചേംബർ ഓഫ് കൊമേഴ്സിന്റെയും ഉത്തരവാദിത്തത്തിൽ അലങ്കരിച്ചു. കുട്ടികളെ ഏതുസമയത്തും ഏതുപോയിന്റിലും എത്തിക്കാൻ അമ്പതോളം വലിയ വാഹനങ്ങൾ ഓടുന്നു. തൃശുരിൻ്റെ തനത് കലാരൂപങ്ങളുടെ സാന്നിധ്യം കലോത്സവത്തിലൊന്നാകെ കാണാനാകും- മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home