സർക്കാർ എന്നും എപ്പോഴും ഒപ്പം

ഇരുളന്യത്തം എച്ച്എസ്എസ് മോഡൽ റസിഡൻഷ്യൽ സ്കൂൾ, വടശേരിക്കര
സി എ പ്രേമചന്ദ്രൻ
Published on Jan 18, 2026, 11:48 AM | 1 min read
തൃശൂർ: താളവാദ്യങ്ങളുടെയും ചമയാലങ്കാരങ്ങളുടെയും ചെലവിനായി ഇവർ നെട്ടോട്ടമോടേണ്ട. ദുരിതപർവങ്ങൾ താണ്ടി കലാരംഗത്ത് മിന്നിത്തെളിയാനും ജീവിതമുന്നേറ്റത്തിന് വഴിതുറക്കാനും സംസ്ഥാന സർക്കാർ കൂടെയുണ്ട്. മാതാപിതാക്കളെപ്പോലെ കുട്ടികളെ കാക്കാൻ അധ്യാപകരും. എച്ച്‌എസ്‌എസ് വിഭാഗം പളിയനൃത്തത്തിൽ പങ്കെടുക്കുന്ന, പട്ടികവർഗ വികസന വകുപ്പിന്റെ പത്തനംതിട്ട വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾ ഹൃദയം തുറന്ന് ചിരിക്കുകയാണ്.
‘കലോത്സവങ്ങളിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ഒരുരൂപ പോലും ചെലവില്ല. എല്ലാം സർക്കാരാണ് നൽകുന്നത്. ഗോത്രകലകൾക്ക് സർക്കാർ പ്രത്യേക പരിശീലകനെ നിയമിച്ചു. നൃത്തവസ്‌ത്രങ്ങളും വാദ്യങ്ങളും അനുബന്ധ സാധനങ്ങളുമെല്ലാം ഒരുക്കി’–ടീം ലീഡർ പി എം അർജുൻ പറഞ്ഞു. പട്ടികവിഭാഗം കുട്ടികളുടെ ഉയർച്ചയ്‌ക്കായി ഇൗ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി മുഴുവൻ ചെലവും സർക്കാരാണ് നൽകുന്നത്. മികച്ച ജീവിത സാഹചര്യവും വിദ്യാഭ്യാസവും ലഭ്യമാക്കുന്നു.
അമ്പതുപേരാണ് സ്‌കൂളിൽനിന്ന് പങ്കെടുക്കുന്നത്. പ്രിൻസിപ്പൽ ജി സുന്ദരേശൻ, പട്ടികവർഗ വകുപ്പ് സീനിയർ സൂപ്രണ്ട് എ നിസാർ എന്നിവരുടെ നേതൃത്വത്തിൽ സർവപിന്തുണയും നൽകുന്നു. അധ്യാപകരായ കെ എസ് ദിവ്യ, പി ടി സാബു രഞ്ചിത എന്നിവരാണ് ചമയമിടീക്കുന്നത്.










0 comments