കൂട്ടായ്‌മയുടെ വിജയം: എ സി മൊയ്‌തീൻ

എ സി മൊയ്‌തീൻ എംഎൽഎ
തൃശൂർ: കേരള സ്‌കൂൾ കലോത്സവത്തിൽ ഓരോ മത്സരവും സമയബന്ധിതമായും പരാതിരഹിതമായും നടത്താനായതിനുപിന്നിൽ കൂട്ടായ ശ്രമമാണെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ സി മൊയ്‌തീൻ എംഎൽഎ പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്തമാണ് പ്രോഗ്രാം കമ്മിറ്റി ചിട്ടയോടെ നടപ്പാക്കിയത്. 750 അധ്യാപകരാണ് പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ‘ദേശാഭിമാനി’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരങ്ങളുടെ സമയക്രമം പാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഉദ്‌ഘാടന ദിനത്തിലെ തിരക്കിൽ മത്സരം ആരംഭിക്കുന്നതിന് ആദ്യദിനം കുറച്ച് താമസംനേരിട്ടു. രണ്ടാം ദിവസം മുതൽ ആക്ഷേപമില്ലാത്തവിധം കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായി. രണ്ടു ഷിഫ്‌റ്റുകളിലായി ദിവസം 250 അധ്യാപകർ സ്‌റ്റേജ് ചുമതല നിർവഹിച്ചു. ഇവർക്ക് രാവിലെയും വൈകിട്ടും പ്രത്യേക പരിശീലനംനൽകി. ഓരോസ്‌റ്റേജിന്റെയും ചുമതല ഡിഡിമാർക്കായിരുന്നു.
മത്സര ഫലവും സർട്ടിഫിക്കറ്റ് വിതരണവും വേഗത്തിൽ നടപ്പാക്കാനായി. ഫലം വന്നയുടൻ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാനായി. അപ്പീലുകളിൽ പരമാവധി വേഗത്തിൽ തീർപ്പാക്കി. മത്സരം തടസ്സപ്പെടാതിരിക്കാൻ സ്‌റ്റേജ് ചുമതലയുള്ളവർക്കും വിധികർത്താക്കൾക്കും ടെക്‌നിക്കൽ സ്‌റ്റാഫിനും പൊലീസിനും വളന്റിയർമാക്കും ഭക്ഷണം സ്ഥലത്ത് എത്തിച്ചുനൽകി. സമയനഷ്ടം ഒഴിവാക്കാൻ ഭക്ഷണവിതരണച്ചുമതല പ്രോഗ്രാം കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു.










0 comments