ഇവരാണ് ഹീറോസ്

പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന അധ്യാപകർ
തൃശൂർ: ശബ്ദമുഖരിതവും വർണക്കാഴ്ചകളാൽ സമ്പന്നവുമായ പകലിരവുകൾ. കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി വേദികളിൽ പ്രതിഭകളുടെ കലാപ്രകടനങ്ങൾ. എല്ലാം കണ്ടും കേട്ടും കലോത്സവ ലഹരിയിലലിഞ്ഞ് കാണികൾ. ഇതിലൊന്നും ഉൾപ്പെടാതെ ഏൽപ്പിക്കപ്പെട്ട ചുമതലകളിലൂടെ കലോത്സവത്തെ ആഘോഷമാക്കുന്നുണ്ട് ഇവിടെ ചിലർ. അഞ്ചാം ദിനവും സജീവമായി ഇവരോരുത്തരും കലോത്സവനഗരിയിലുണ്ട്. സംഘാടകസമിതിചേർന്ന നാൾമുതൽ സർവസജ്ജരായിറങ്ങിയ, പരിപാടികൾ കാണാനാവാതെ ഏറ്റെടുത്ത പണികളിലൂടെമാത്രം കലോത്സവത്തെ ആഘോഷമാക്കിയ ഇവരാണ് നമ്മുടെ ഹീറോസ്.
അഞ്ഞൂറിലധികം അധ്യാപകരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ദിവസവും രാവിലെ ഏഴിനെത്തും. പരിപാടി ക്രമീകരിക്കൽ, സ്റ്റേജ് മാനേജർമാരെ തീരുമാനിക്കൽ, സർട്ടിഫിക്കറ്റ് തയാറാക്കൽ തുടങ്ങി സംഘർഷമോ, പ്രശ്‌നമോ ഇല്ലാതെ സമയബന്ധിതമായാണ് പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ 25വേദികളും പരിപാടികൾ നടന്നത്. കമ്മിറ്റിക്കുകീഴിലുള്ള ഐടി വിങ്ങിന്റെ പ്രവർത്തനഫലമായാണ് നാം ഓരോ വിവരവും വിരൽത്തുമ്പിലറിഞ്ഞത്.
മത്സരഫലംവന്ന് നിമിഷങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ പ്രിന്റുചെയ്‌തു നൽകുന്ന ചുമതലയും പ്രോഗ്രാം കമ്മിറ്റി ഏറ്റെടുത്തു. എൻഎസ്‌എസ് വളന്റിയർമാർ സ്റ്റേജ് ക്രമീകരണം ഭംഗിയായി നിർവഹിച്ചു. വെൽഫെയർ ഡോക്ടർമാർ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ പ്രവർത്തനം കരുതലുള്ളതായി. ഭക്ഷണക്കമ്മിറ്റിയും ട്രാൻസ്‌പോർട്ട് ചുമതലക്കാരും ശുചിത്വവളന്റിയർമാരും ഹരിതസേനയും സുരക്ഷാജീവനക്കാരും നല്ലനിലയിൽ പ്രവർത്തിച്ചു. ‘ഉത്തരവാദിത്ത കലോത്സവം’ എന്ന ആശയത്തെ അർഥവത്താക്കുന്നതായി ഏവരുടെയും പ്രവർത്തനം.










0 comments