സ്‌നേഹവീട്

നെബിൻ കെ ആസാദ്
Published on Jan 18, 2026, 12:23 PM | 1 min read
തൃശൂർ: ഓരോ ജീവിതവും സർക്കാർ ഇടപെടലിൽ മുന്നേറുന്ന കാഴ്‌ച കൂടി വിടരുകയാണിവിടെ. നൃത്തമാടാൻ സാമ്പത്തികം തടസ്സമായ കൃഷ്‌ണ ബി നായർക്ക് തുണയായത് അച്ഛമ്മയുടെയും അമ്മമ്മയുടെയും ക്ഷേമപെൻഷൻ. മകനെ ഭരതനാട്യവേദിയിലെത്തിക്കാനുള്ള ചെലവ് റബർ ടാപ്പിങ് തൊഴിലാളിയായ അച്ഛൻ ബിജുകുമാറിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ഒരു ലക്ഷത്തോളം രൂപ വേണം. സങ്കടപ്പെട്ട കൃഷ്‌ണയെ അച്ഛമ്മ സുലോചനയും അമ്മമ്മ അജയകുമാരിയും ചേർത്തുപിടിച്ചു.
ഇരുവരും പെൻഷൻ തുക സ്വരുക്കൂട്ടിയിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിച്ച പണവുമുണ്ടായിരുന്നു. അവർ നൃത്താധ്യാപിക അനഘ കൃഷ്ണന്റെ അരികിലെത്തി പറഞ്ഞു–‘ മകളുടെ പരിപാടി മുടങ്ങാൻ പാടില്ല. കഴിവുള്ള കുട്ടിയാണ്'. അങ്ങനെ തിരുവനന്തപുരം ആര്യനാട് പനക്കോട് പാമ്പാടി വീട്ടിൽനിന്ന് കൃഷ്‌ണ തൃശൂരിലേക്ക് വണ്ടികയറി. ഒപ്പം മുത്തശ്ശിമാരും.
മത്സരത്തിൽ എ ഗ്രേഡും നേടി. "പെൻഷൻ ഇനിയും കിട്ടും, സർക്കാർ തുക കൂട്ടുകയല്ലാതെ കുറയ്ക്കില്ല’– മുത്തശ്ശിമാരുടെ വാക്കുകൾ. നെടുമങ്ങാട് ജിജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് കൃഷ്ണ. കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ മോഹിനിയാട്ടത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു.










0 comments