അതിരുകളില്ലാത്ത പ്രതിഭയുടെ നേർക്കാഴ്ച: കശ്മീരിൽ നിന്ന് കേരളത്തിലെത്തി കലോത്സവത്തിൽ വിജയിച്ച വിദ്യാർഥികളെ അഭിനന്ദിച്ച് മന്ത്രി

തൃശൂർ : കശ്മീരിൽ നിന്ന് കേരളത്തിലെത്തി കലോത്സവത്തിൽ മത്സരിച്ച് വിജയിച്ച വിദ്യാർഥികൾക്ക് അഭിനന്ദനവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച മന്ത്രി അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും പ്രതിഭയുടെയും നേർകാഴ്ചയാണിതെന്നും കുറിച്ചു. കശ്മീരിലെ പൂഞ്ച് സ്വദേശികളായ മുഹമ്മദ് കാസിം, മുഹമദ് സുഹൈൽ, ഇർഫാൻ അൻജും, ഫർഹാൻ റസ എന്നിവരാണ് മന്ത്രിയെ നേരിൽ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചച്ചത്. കോഴിക്കോട് മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് എല്ലാവരും. ഉറുദു മത്സരങ്ങളിൽ തിളക്കമാർന്ന വിജയം നേടിയ ശേഷമാണ് വിദ്യാർഥികൾ മന്ത്രിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. ആവശ്യമറിഞ്ഞ മന്ത്രി വിഐപി വേദിയിലേക്ക് കുട്ടികളെ ക്ഷണിച്ചു.
മർകസിൽ വെച്ച് മുൻപ് വിദ്യാർഥികളെ പരിചയപ്പെട്ടിരുന്നുവെന്നും ഇന്ന് കലോത്സവ വേദിയിൽ വെച്ച് വീണ്ടും കണ്ടത് ഇരട്ടി മധുരമായെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സ്കൂൾ കലോത്സവങ്ങൾ നൽകുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. കേരളത്തിലെ മികച്ച വിദ്യാഭ്യാസ രീതിയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു. മന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ച അപ്രതീക്ഷിത അനുഭവമായിരുന്നുവെന്നും ഇത് ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും വിദ്യാർഥികൾ സന്തോഷം പങ്കുവച്ചു.
കലയ്ക്കും വിദ്യയ്ക്കും അതിരുകളില്ലെന്ന് തെളിയിക്കുന്നതാണ് കുട്ടികളുടെ വിജയമെന്നും കശ്മീരിൽ നിന്നും കേരളത്തിലെത്തി നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തറിഞ്ഞ് പഠിക്കുന്ന വിദ്യാർഥികൾ നമുക്ക് അഭിമാനമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.










0 comments