യാത്രാ തടസ്സങ്ങളിൽ കുടുങ്ങിയവർക്ക് യുഎഇയുടെ 30 ദിവസത്തെ ഗ്രേസ് പിരീഡ്

പ്രതീകാത്മക ചിത്രം
ദുബായ്: യാത്രാ തടസ്സങ്ങൾ കാരണം വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരേണ്ടി വന്നവർക്കായി 30 ദിവസത്തെ ഗ്രേസ് പിരീഡ് (ഇളവ് കാലാവധി) പ്രഖ്യാപിച്ചു. ജൂൺ 10 മുതൽ ജൂലൈ 9 വരെയാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അറിയിച്ചു.
ഈ സമയത്തിനുള്ളിൽ വിസ പുതുക്കി യുഎഇയിൽ തുടരുകയോ, അല്ലെങ്കിൽ പിഴയില്ലാതെ രാജ്യം വിടുകയോ ചെയ്യാം. ഇതിനായി പ്രത്യേക അപേക്ഷകളോ അധിക നടപടിക്രമങ്ങളോ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
യാത്രാ സൗകര്യങ്ങൾ സാധാരണ നിലയിലായ സാഹചര്യത്തിലാണ് തീരുമാനം. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് വിസ, തൊഴിൽ നടപടികൾ പൂർത്തിയാക്കാനും നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് സാധാരണ രീതിയിൽ യാത്ര ചെയ്യാനും ഈ സമയം ഉപയോഗിക്കാം.
നേരത്തെ വിമാന സർവീസുകൾ നിർത്തിവെച്ചതു മൂലം യുഎഇയിൽ നിന്ന് പുറത്തുപോകാൻ കഴിയാതെ വന്നവർക്കായി മാർച്ചിലാണ് പിഴ ഒഴിവാക്കിക്കൊണ്ടുള്ള ഇളവ് ആദ്യം പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ കുടുങ്ങുന്ന സന്ദർശകർക്കും താമസക്കാർക്കും ആശ്വാസം നൽകുന്നതിനാണ് യുഎഇയുടെ ഈ നടപടി.










0 comments