മാൾട്ടയെ പ്രകമ്പനം കൊള്ളിച്ച് തേർഡ് കൺട്രി നാഷണൽസിന്റെ വമ്പിച്ച പ്രതിഷേധ റാലി; ആയിരങ്ങൾ പങ്കെടുത്തു

വാലെറ്റ (മാൾട്ട): സർക്കാരിന്റെ പുതിയ ബജറ്റ് നിർദ്ദേശങ്ങൾക്കും നിയമ പരിഷ്കാരങ്ങൾക്കുമെതിരെ മാൾട്ടയിലെ പ്രവാസി സമൂഹം സംഘടിപ്പിച്ച പ്രതിഷേധ സംഗമം തലസ്ഥാനമായ വാലെറ്റയെ പ്രകമ്പനം കൊള്ളിച്ചു. സമീപകാലത്ത് യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രവാസി പ്രക്ഷോഭങ്ങളിലൊന്നായി മാറിയ ഈ റാലിയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള (Third Country Nationals - TCNs) പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
പൂർണ്ണമായും സമാധാനപരമായി സംഘടിപ്പിച്ച പരിപാടിയിൽ മാൾട്ടയുടെ വീഥികളെ ജനസാഗരമാക്കി മാറ്റിക്കൊണ്ട് വമ്പിച്ച സമാധാന പ്രകടനവും വിവിധ രാജ്യങ്ങളുടെ കലാപരിപാടികളും അരങ്ങേറി. പ്രവാസികളുടെ പെട്ടെന്നുള്ള ഒത്തുചേരലും പങ്കാളിത്തവും തലസ്ഥാന നഗരിയെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി.
പ്രതിഷേധത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ:
മാൾട്ടയിലെ അഞ്ചര ലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയിൽ ഒന്നര ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികളെയും കുടുംബങ്ങളെയും വിദ്യാർത്ഥികളെയും ഒരുപോലെ ദുരിതത്തിലാക്കുന്ന പുതിയ ബജറ്റ് നിർദ്ദേശങ്ങളാണ് പ്രക്ഷോഭത്തിന് ആധാരം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും ടൂറിസം മേഖലയിലും നിർണായക പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് മേൽ വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്:
വർക്ക് പെർമിറ്റ് ഫീസ് വർദ്ധനവ്: പുതിയ വർക്ക് പെർമിറ്റ് അപേക്ഷാ ഫീസ് 600 യൂറോയിൽ നിന്ന് 800 യൂറോയായി ഉയർത്തി. ഇതിന് പുറമെ പുതിയ അപേക്ഷകർക്കും പുതുക്കുന്നവർക്കും പ്രതിവർഷം 400 യൂറോ വീതം അധിക ഇൻഫ്രാസ്ട്രക്ചർ സംഭാവന ഫീസും ഏർപ്പെടുത്തി.
അടിസ്ഥാന ആനുകൂല്യങ്ങൾ നിർത്തലാക്കി: മൂന്നാം രാജ്യക്കാർക്ക് ഇതുവരെ ലഭ്യമായിരുന്ന സൗജന്യ പൊതുഗതാഗതം (Free Public Transport), ഫ്രീ ചൈൽഡ് കെയർ (സൗജന്യ ശിശുപരിപാലനം), ആറ്റിപ്പിക്കൽ വർക്കിങ് അവേഴ്സ് ബോണസ് തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കി.
ഡ്രൈവിംഗ് ലൈസൻസിനും വാഹനങ്ങൾക്കും അധിക നികുതി: കാർ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളും പ്രതിമാസം 83 യൂറോ വരെയുള്ള അഡ്മിനിസ്ട്രേറ്റീവ് ഫീസും പ്രവാസികൾക്ക് ഏർപ്പെടുത്തി.
വിദ്യാർത്ഥികൾക്കുള്ള ചെലവേറി: വിദേശ വിദ്യാർത്ഥികളുടെ റെസിഡൻസ് പെർമിറ്റ് ഫീസുകളിലും വലിയ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്.
നിരവധി മലയാളി കുടുംബങ്ങളും വിദ്യാർത്ഥികളും ജീവനക്കാരും താമസിക്കുന്ന മാൾട്ടയിൽ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനിടയിൽ പുതിയ ഫീസുകളും ആനുകൂല്യങ്ങളുടെ നിഷേധവും തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.
നിയമപരമായ വഴികളിലൂടെയും യൂറോപ്യൻ പാർലമെന്റിലെ അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടും തങ്ങളുടെ ആകുലതകൾ അധികാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി കൂട്ടായ്മകൾ ഈ ജനകീയ മുന്നേറ്റം സംഘടിപ്പിച്ചത്. മാൾട്ട സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളും പുനഃപരിശോധനയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.









0 comments