സിഎൻജിക്ക് ഡീസലിനേക്കാൾ വില; ഓട്ടോ-ടാക്സി തൊഴിലാളികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം : പെട്രോൾ, ഡീസൽ വില വർധനയിൽനിന്ന് ആശ്വാസം തേടി സിഎൻജി വാഹനങ്ങളിലേക്ക് മാറിയവർക്ക് തിരിച്ചടി. സംസ്ഥാനത്ത് സിഎൻജി വിലയും വർധിക്കുകയാണ്. ചില ജില്ലകളിൽ സിഎൻജി വില ഡീസലിനേക്കാൾ ഉയർന്ന നിലയിലാണ്. സിഎൻജി വില നിയന്ത്രിക്കാൻ പ്രത്യേക അതോറിറ്റി ഇല്ലാത്തതിനാൽ കമ്പനികൾ തോന്നിയപോലെ നിരക്ക് വർധിപ്പിക്കുകയാണ്.
നവംബർ 25ലെ കണക്കനുസരിച്ച് എറണാകുളം, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ സിഎൻജിക്ക് കിലോഗ്രാമിന് 103.50 രൂപയാണ് വില.അതേസമയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വില 99 രൂപയാണ്. ഈ വില വ്യത്യാസവും ഉപയോക്താക്കൾക്ക് അധിക ബാധ്യതയാകുന്നുണ്ട്.
വില കുറഞ്ഞ ഇന്ധനമെന്ന നിലയിലാണ് ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയവയെല്ലാം സിഎൻജിയെ ആശ്രയിച്ചിരുന്നത്. നിരവധി സ്വകാര്യ വാഹന ഉടമകളും സിഎൻജിയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ തുടർച്ചയായ വിലവർധനയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് പലരും. ഇന്ധനച്ചെലവ് കൂടുന്നത് ഓട്ടോ-ടാക്സി തുടങ്ങിയ പൊതുഗതാഗത മേഖലയെ ബാധിക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ജൂണിലും സിഎൻജി വിലയിൽ കുത്തനെ വർധന രേഖപ്പെടുത്തിയിരുന്നു. അന്ന് ആലപ്പുഴയിൽ കിലോഗ്രാമിന് 96.50 രൂപയായിരുന്നപ്പോൾ തൊട്ടടുത്ത കോട്ടയം ജില്ലയിൽ 105 രൂപയായിരുന്നു. ഒരേ ഇന്ധനത്തിന് സമീപ ജില്ലകളിൽ പോലും വലിയ വില വ്യത്യാസമുണ്ടാകുന്നത് ഉപയോക്താക്കൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു പുറമെ അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതക വിലവർധിക്കുന്നതും, ഇറക്കുമതി ചെലവ് ഉയർന്നതും സിഎൻജി വിലയെ സ്വാധീനിച്ചിട്ടുണ്ട്.








0 comments