Deshabhimani

കുവൈത്തിൽ വ്യാപാര ലൈസൻസ് പരിശോധനയ്ക്ക് ഒറ്റ ക്യുആർ കോഡ്

Kuwaiy.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 25, 2026, 09:03 AM | 1 min read

കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ ഒറ്റ ക്യുആർ കോഡ് വഴി പരിശോധിക്കുന്ന ‘സ്മാർട്ട് ലൈസൻസ്’ സംവിധാനം ഒമ്പത് സർക്കാർ വകുപ്പുകളിലും ഏജൻസികളിലും നടപ്പാക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. കടകൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകൾ നൽകിയ ലൈസൻസുകളുടെ കടലാസ് പകർപ്പുകൾ പ്രദർശിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.


സ്മാർട്ട് ലൈസൻസിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പരിശോധനാ ഉദ്യോഗസ്ഥർക്ക് ലൈസൻസ് വിവരങ്ങൾ പരിശോധിക്കാനാകുമെന്ന് മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർ സെക്രട്ടറി മർവ അൽ ജുഐദാൻ പറഞ്ഞു. പരിശോധനയ്ക്ക് ക്യുആർ കോഡ് ഉപയോഗിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കുലർ നൽകും. സംവിധാനം നടപ്പാക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കിൽ അറിയിക്കാനും വകുപ്പുകളോട് ആവശ്യപ്പെടും.


2025ൽ ആരംഭിച്ച പദ്ധതിയിൽ വാണിജ്യ-വ്യവസായ മന്ത്രാലയം, കുവൈത്ത് നഗരസഭ, അഗ്നിശമനസേന, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, ഇൻഫർമേഷൻ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ എന്നിവയാണ് പങ്കാളികൾ. വകുപ്പുകൾ തമ്മിലുള്ള ഡിജിറ്റൽ ഏകോപനം മെച്ചപ്പെടുത്താനും ലൈസൻസ് പരിശോധന വേഗത്തിലാക്കാനും വ്യാപാരികൾക്കുള്ള സേവനങ്ങൾ ലളിതമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.


അതേസമയം, തൊഴിൽനിയമപ്രകാരം അച്ചടക്ക ചട്ടങ്ങളും ജോലിസമയം, വിശ്രമവേള, പ്രതിവാര അവധി, ഔദ്യോഗിക അവധിദിനങ്ങൾ എന്നിവ വ്യക്തമാക്കുന്ന അംഗീകൃത അറിയിപ്പും ജീവനക്കാർക്ക് കാണാവുന്ന വിധത്തിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വക്താവ് മുഹമ്മദ് അൽ മുസൈനി വ്യക്തമാക്കി. ഇത്തരം അറിയിപ്പുകൾ അംഗീകൃത ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ജീവനക്കാർക്ക് ലഭ്യമാക്കാൻ തൊഴിൽനിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home