174 കോടി വേതനം കുടിശ്ശിക: കേന്ദ്ര സഹായമില്ലാതെ വിബിജി - ആർഎഎം ജി; തൊഴിലാളികൾ ദുരിതക്കയത്തിൽ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതനം നൽകാതെ കേന്ദ്രസർക്കാർ. തൊഴിലാളികൾക്ക് നൽകേണ്ട 174 കോടിയോളം രൂപ കുടിശ്ശികയാണ്. സംസ്ഥാനതൊട്ടാകെയുള്ള പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് രണ്ടര മാസമായി വേതനം നൽകുന്നില്ല.
തൊഴിൽ വേതനത്തിന് പുറമേ സാമഗ്രികളുടെ ചെലവും കുടിശ്ശികയാണ്. തൊഴിൽ പൂർത്തിയായി 15 ദിവസത്തിനകം വേതനം നൽകണമെന്ന് നിയമപരിരക്ഷയുണ്ട്. പദ്ധതിയുടെ നിയമപരിഷ്കരണത്തിനു ശേഷം വലിയ തിരിച്ചടിയാണ് രാജ്യമാകെ തൊഴിലുറപ്പ് തൊഴിലാളികൾ നേരിടുന്നത്.
പലയിടത്തും മികച്ച പ്രവർത്തനത്തിലൂടെ മികവു പുലർത്തിയ പഞ്ചായത്തുകളിൽ പോലും പുതിയ ജോലി ഏറ്റെടുക്കാനാകാത്ത സാഹചര്യമാണ്. വേതനം ഇല്ലാതെ മാസങ്ങളോളം പണിയെടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ തൊഴിലാളികളും ദുരിതകയത്തിലാണ്.
അവിദഗ്ധ തൊഴിലാളികളുടെ കൂലിയിൽ 162.86 കോടിയിലേറെ രൂപ കുടിശ്ശികയാണ്. അർദ്ധ വിദഗ്ധ തൊഴിലാളികൾ ആയ മേറ്റ്മാരുടെ വേതനം 10.9 കോടിയാണ് കുടിശ്ശിക. മിക്കയിടത്തും തൊഴിലുറപ്പ് തൊഴിലാളികൾ 60 വയസ്സ് പിന്നിട്ടവരാണ്.
ഇവർക്ക് തൊഴിൽ നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണമെന്ന് നിയമപരിരക്ഷ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടിക്കണക്കിന് രൂപയുടെ കേന്ദ്രസഹായം വൈകുന്നത്. സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനാൽ തദ്ദേശസ്ഥാപനങ്ങളും തൊഴിലാളികൾക്ക് വേതനം നൽകാനാകാതെ വലയുകയാണ്








0 comments