വേഗപരിധി 100 കിലോമീറ്ററിൽ നിന്ന് 80 ആക്കി കുറച്ചു റാസൽഖൈമ

റാസൽഖൈമ: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൗണ്ട്എബൗട്ട്മുതൽ അൽ മർജാൻ ഐലൻഡ് റൗണ്ട്എബൗട്ട് വരെയുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം സ്ട്രീറ്റിലെ വാഹനങ്ങളുടെ വേഗത പരിധി ജനുവരി 17 മുതൽ മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റാസൽഖൈമ പോലീസ് ഈ സ്ട്രീ റ്റിലെ റഡാർ വേഗത മണിക്കൂറിൽ 121 കിലോമീറ്ററിൽ നിന്ന് 101 കിലോമീറ്ററായി ക്രമീകരിക്കും. അനുവദിച്ചതിനേക്കാൾ 20 കിലോമീറ്റർ അധിക വേഗതിയിൽ സഞ്ചരിക്കുന്നത് വലിയ ട്രാഫിക് പിഴയ്ക്ക് കാരണമാവും.
റോഡ് സുരക്ഷ ശക്തിപ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ചട്ടക്കൂടിന് അനുസൃതമായാണ് വേഗത കുറയ്ക്കുന്നതിനുള്ള തീരുമാനമെന്ന് റാസൽഖൈമ പോലീസ് ജനറൽ കമാൻഡിലെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി പറഞ്ഞു. റോഡിലെ അമിതവേഗത മൂലമുണ്ടാകുന്ന അപകടങ്ങളുടെ സാധ്യത കുറയ്ക്കുക കൂടിയാണ് ഈ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൗണ്ട്എബൗട്ടിൽ നിന്ന് ആരംഭിച്ച് അൽ റിഫ, അൽ ജാസിറ അൽ ഹംറ, മിന അൽ അറബ് എന്നിവിടങ്ങളിലൂടെ കടന്നുപോയി അൽ മർജാനിൽ എത്തുന്നതിനാൽ ഈ റോഡ് ഒരു സുപ്രധാന പാതയായി കണക്കാക്കപ്പെടുന്നു.










0 comments