ഹോക്കി സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തുന്നു; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് പഞ്ചാബ് വേദിയാകും

Photo: Hockey India
ഡോ. വസിഷ്ഠ് എം സി
Published on Oct 20, 2026, 07:11 PM | 2 min read
ലഖ്നൗ : ഏഷ്യൻ ഹോക്കി ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഒൻപതാമത് പുരുഷ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി അന്താരാഷ്ട്ര ഫീൽഡ് ഹോക്കി ടൂർണമെന്റ് 2026 ഒക്ടോബർ 27 മുതൽ നവംബർ 5 വരെ പഞ്ചാബിലെ രണ്ട് നഗരങ്ങളിലായി നടക്കും. ആദ്യമായാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് പഞ്ചാബ് സംസ്ഥാനം വേദിയാകുന്നത്.
2023, 2024 വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടിയ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. രണ്ട് നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന ചടങ്ങും റൗണ്ട് റോബിൻ ലീഗ് മത്സരങ്ങളും ജലന്ധറിലെ ഒളിമ്പ്യൻ സുർജിത് ഹോക്കി സ്റ്റേഡിയത്തിലും, സെമിഫെെനൽ, മെഡൽ പോരാട്ടങ്ങൾ, സമാപന ചടങ്ങ് എന്നിവ മൊഹാലിയിലെ ഒളിമ്പ്യൻ ബൽബീർ സിംഗ് (സീനിയർ) ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിലും നടക്കും.
ആതിഥേയരായ ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ബംഗ്ലാദേശ്, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ എന്നിവയാണ് മറ്റ് ടീമുകൾ. 2026 സെപ്റ്റംബർ 14ന് മൊഹാലി മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ വെച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹോക്കി ഇന്ത്യയുടെയും ഏഷ്യൻ ഹോക്കി ഫെഡറേഷന്റെയും പ്രതിനിധികളോടൊപ്പം ടൂർണമെന്റിന്റെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
രണ്ട് വേദികളിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ള 22.96 കോടി ഉൾപ്പെടെ മൊത്തം 25.40 കോടിയുടെ ബജറ്റിന് പഞ്ചാബ് സർക്കാർ അംഗീകാരം നൽകി.
ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലേക്കുമുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. 1975-ൽ ചണ്ഡീഗഡിൽ വെച്ച് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് പരിശീലനം നൽകിയ പാരമ്പര്യമുണ്ടെങ്കിലും, പഞ്ചാബിന് വലിയ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞിരുന്നില്ല. 2009ൽ നടന്ന പഞ്ചാബ് ഗോൾഡ് കപ്പാണ് സംസ്ഥാനത്ത് ഒടുവിൽ നടന്ന പ്രധാന അന്താരാഷ്ട്ര ഹോക്കി ടൂർണമെന്റ്.
ഗ്രാമങ്ങളിലൂടെയും അക്കാദമികളിലൂടെയും തലമുറകളായി രാജ്യത്തെ പ്രതിനിധീകരിച്ച കളിക്കാരിലൂടെയും ഇന്ത്യൻ ഹോക്കിയെ കെട്ടിപ്പടുക്കുന്നതിൽ പഞ്ചാബ് നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. മുൻകാല പ്രതിഭകളായ ഉദ്ധം സിംഗ്, ബൽബീർ സിംഗ് സീനിയർ മുതൽ നിലവിലെ താരങ്ങളായ മൻപ്രീത് സിംഗ്, ഹർമൻപ്രീത് സിംഗ് വരെ പഞ്ചാബിന്റെ സംഭാവന തലമുറകളായി തുടരുന്നു.
സ്വന്തം മണ്ണിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുന്നത് പഞ്ചാബി കളിക്കാർക്ക് സവിശേഷമായ ഒരു അനുഭവമായിരിക്കുമെന്ന് ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി രണ്ട് സ്വർണ്ണ മെഡലുകളിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് പറഞ്ഞു.
"മുഴുവൻ ടീമിനും, പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ള കളിക്കാർക്ക് ഇത് വളരെ പ്രത്യേകതയുള്ള ഒരു നിമിഷമായിരിക്കും.
കാരണം പഞ്ചാബിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ ആദ്യമായാണ് ഞങ്ങൾ ഇന്ത്യൻ ജേഴ്സി അണിയുന്നത്," - ഹോക്കി ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയിൽ ഹർമൻപ്രീത് സിംഗ് വ്യക്തമാക്കി.
ഏഷ്യൻ കപ്പ് ഹോക്കിയുടെ ചരിത്രം
ഏഷ്യൻ ഹോക്കി ഫെഡറേഷൻ സംഘടിപ്പിക്കുന്ന പുരുഷന്മാർക്കായുള്ള പ്രധാന അന്താരാഷ്ട്ര ഫീൽഡ് ഹോക്കി ടൂർണമെന്റാണ് മെൻസ് ഹോക്കി ഏഷ്യൻ കപ്പ്. ഇതിൽ വിജയിക്കുന്ന ടീം ഏഷ്യൻ ചാമ്പ്യന്മാരാകുകയും എഫ്ഐഎച്ച് ഹോക്കി ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുകയും ചെയ്യും.
2025ലെ കിരീടം നേടിയ ഇന്ത്യ തന്നെയാണ് നിലവിലെ ചാമ്പ്യന്മാർ. മുൻ പതിപ്പിലെ മികച്ച ആറ് ടീമുകളും ആതിഥേയരും നേരിട്ട് ടൂർണമെന്റിലേക്ക് യോഗ്യത നേടും. അടുത്ത പതിപ്പ് 2029ൽ ദക്ഷിണ കൊറിയയിൽ നടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
അഞ്ച് തവണ ഇന്ത്യ ഈ കിരീടം നേടിയിട്ടുണ്ട് (2011, 2016, 2018 പാകിസ്ഥാനൊപ്പം സംയുക്ത വിജയികൾ), 2023, 2024). 2022, 2026 ഏഷ്യൻ ഗെയിംസുകളിൽ ഹോക്കിയിൽ സ്വർണ്ണമെഡലും, ടോക്കിയോ (2022), പാരിസ് (2026) ഒളിമ്പിക്സുകളിൽ വെങ്കലമെഡലും ഇന്ത്യ കരസ്ഥമാക്കിയിരുന്നു.
വരാനിരിക്കുന്ന ടൂർണമെന്റിലും വിജയസാധ്യത കൂടുതൽ ഇന്ത്യയ്ക്ക് തന്നെയാണ്. ഫലം എന്തുതന്നെയായാലും, അന്താരാഷ്ട്ര ഹോക്കിയെ അതിന്റെ മാതൃഭൂമിയായ പഞ്ചാബിലേക്ക് തിരികെ എത്തിക്കുന്നു എന്നതിനാൽ ഈ ഏഷ്യൻ കപ്പ് ടൂർണമെന്റ് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.








0 comments