എൻ എസ് എസ് കുവൈത്ത് 148ാം മന്നം ജയന്തി ആഘോഷിച്ചു

കുവൈത്ത് സിറ്റി: നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈത്തിന്റെ 148ാം മന്നം ജയന്തി ആഘോഷങ്ങൾ ഹവ്വലി പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. എൻ എസ് എസ് കുവൈത്ത് പ്രസിഡന്റ് എൻ കാർത്തിക് നാരായണൻ അദ്ധ്യക്ഷത വഹിച്ചു .കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, പ്രശസ്ത കവിയും, ഗാനരചയിതാവും, സാഹിത്യകാരനുമായ കെ ജയകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാനം ചെയ്തു.
കുവൈത്തിലെ കലാ, സാംസ്കാരിക, വാണിജ്യ , സാങ്കേതിക , ജീവകാരുണ്യ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികൾക്ക് എൻ എസ് എസ് കുവൈത്ത് നൽകിവരുന്ന മന്നം എക്സലൻസ് അവാർഡുകൾ ചടങ്ങിൽ സമർപ്പിച്ചു. സാങ്കേതിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് 'മാർക്ക് ടെക്നോളോജിസ് കമ്പനി' സിഇഒ ഡോ. സുരേഷ് സി പിള്ള, വാണിജ്യ / ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മഹാത്ത ജനറൽ ട്രേഡിങ് കമ്പനി സിഇഒ രാജീവ് എസ് പിള്ള, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ ലാഭേച്ഛ ഇല്ലാതെ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾക്ക് ഡോ. മിനി കുര്യൻ എന്നിവർ അവാർഡിന് അർഹരായി. 10ാം തരത്തിലും , 12ാം തരത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
സുനിൽ പറക്കപ്പാടത്ത് (ഫീനിക്സ് ഗ്രൂപ്പ്), വി പി മുഹമ്മദ് അലി (മെഡക്‌സ്) എന്നിവർക്ക് പുറമെ രക്ഷാധികാരി ശ്രീ കെ പി വിജയ കുമാർ കുമാർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത് , വെൽഫെയർ കമ്മിറ്റി കൺവീനർ എം പി പ്രബീഷ് എന്നിവർ സംസാരിച്ചു. ഹരി വി പിള്ളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മന്നം ജയന്തി 2025 സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. വനിതാസമാജം അംഗങ്ങളുടെ കയ്യെഴുത്തു വാർഷിക പതിപ്പായ 'ആഗ്നേയ' ചടങ്ങിൽ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി അനീഷ് പി നായർ സ്വാഗതവും ട്രഷറർ ശ്യാം ജി നായർ നന്ദിയും പറഞ്ഞു.









0 comments