ad
Deshabhimani

താമസ നിയമ ലംഘനം: 2 മാസം; കുവൈത്തിൽ 6300 പ്രവാസികളെ നാടുകടത്തി

deportation kollam
വെബ് ഡെസ്ക്

Published on Jul 11, 2025, 12:26 PM | 1 min read

കുവൈത്ത് സിറ്റി : താമസ നിയമങ്ങളും തൊഴിൽ വ്യവസ്ഥകളും ലംഘിച്ച 6300 പ്രവാസികളെ കഴിഞ്ഞ രണ്ടുമാസത്തിൽ നാടുകടത്തിയതായി കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ നിയമലംഘനം നിയന്ത്രിക്കാനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം നടത്തുന്ന കർശന ഇടപെടലുകളുടെ ഭാഗമാണ്‌ നടപടിയെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ, തടങ്കൽ വിഭാഗം അറിയിച്ചു.


മേയിലെയും ജൂണിലെയും മാത്രം കണക്കാണിത്‌. താമസ അനുമതിയും തൊഴിൽ വിസയും അനധികൃതമായി ഉപയോഗിച്ചവർക്ക്‌ എതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. ഓരോ കേസും മനുഷ്യാവകാശ പരിഗണനയോടെയും നിയമപരമായ നടപടികളോടെയും പിന്തുടർന്നു. ചില കേസുകൾ കോടതികളിൽ പരിഗണിച്ച ശേഷമാണ് നാടുകടത്തൽ നടപടികൾ നടപ്പാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.


താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കായി ഭക്ഷണവും മെഡിക്കൽ പരിചരണവും അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്‌. അതേസമയം, പരിശോധനകളിൽ പിടിയിലാകുന്ന നിയമലംഘകരെ ഉടൻ നാടുകടത്തൽ വിഭാഗത്തിലേക്ക് കൈമാറുന്നതായി ഫീൽഡ് യൂണിറ്റുകൾ അറിയിച്ചു. നാടുകടത്തൽ നടപടികൾക്ക് പുറമെ, അനധികൃതമായി തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ഏജന്റുമാർക്കും സ്ഥാപനങ്ങൾക്കും നേരെയും അന്വേഷണം ശക്തമാക്കാനും നിയമനടപടികൾ സ്വീകരിക്കാനും മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യമാകെയുള്ള തൊഴിൽ വിപണിയെ അപകടപ്പെടുത്തുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.


തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും നിയമലംഘകർക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കും എതിരെ കടുത്ത നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ സാമൂഹിക സുരക്ഷയും നിയമവ്യവസ്ഥകളുടെ വിശ്വാസ്യതയും നിലനിർത്താനുള്ള ഈ നടപടികൾ യാതൊരു അനിശ്ചിതത്വവുമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home