ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവും വിളിച്ചോതി ഐഎസ്‌സി ഇന്ത്യ ഫെസ്റ്റ് വർണാഭമായി

ഫുജൈറ: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഐ.എസ്.സി ഇന്ത്യ ഫെസ്റ്റ് വർണാഭമായ പരിപാടികളോടെ സമാപിച്ചു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻവശത്തെ പാർക്കിൽ നടന്ന ആഘോഷം സന്ദർശകർക്ക് നവ്യാനുഭവം നൽകി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച നൃത്തവും സംഗീതവും ഇന്ത്യയുടെ വൈവിധ്യത്തെ അടയാളപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളുടെ തനത് രുചികൾ വിളമ്പുന്ന സ്റ്റാളുകൾ മേളക്ക് മാറ്റുകൂട്ടി. കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായാണ് ഇന്ത്യ ഫെസ്റ്റ് വിലയിരുത്തപ്പെടുന്നത്.
യു.എ.ഇയിലെ വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, നേതാക്കൾ, ബിസിനസ് പ്രമുഖർ എന്നിവർ മേളയിൽ പങ്കെടുത്തു. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സന്ദേശം ഈ മേളയിലൂടെ സമൂഹത്തിന് നൽകാനായെന്ന് സംഘാടകർ പറഞ്ഞു.
ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുൽ പബിത്ര കുമാർ മജുംദാർ മേള ഉദ്ഘാടനം ചെയ്തു. ഈ ജനസഞ്ചയം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇന്ത്യയുടെ ഒരുമയുടെ സന്ദേശമാണ് ഈ മേള നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.സി പ്രസിഡന്റ് മുഹമ്മദ് നാസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഐ.എസ്.സി രക്ഷാധികാരി അബ്ദുൽ ഗഫൂർ ബഹ്റൂസിയൻ, അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ, സ്വവാബലി. എന്നിവർ പ്രസംഗിച്ചു. സഞ്ജീവ് മേനോൻ ഔദ്യോഗിക പരിപാടി അവതരിപ്പിച്ചു. രേഖ നമ്പ്യാർ, സ്നേഹലക്ഷ്മി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
ഐ.എസ്.സി കമ്മിറ്റി ഭാരവാഹികളായ വി.എം. സിറാജ്, സുഭഗൻ തങ്കപ്പൻ, അശോക് മൂൽചന്ദാനി, സഞ്ജീവ് മേനോൻ, സന്തോഷ് മത്തായി, മനാഫ് ഒളകര, ജോജി പോൾ മണ്ഡപത്തിൽ, അഡ്വ. മുഹമ്മദലി, അബ്ദുല്ല കൊടപ്പന, ഇസ്ഹാഖ് പാലാഴി, ജലീൽ ഖുറൈശി, ജഗദീഷ്, അനീഷ് മുക്കത്ത് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും കൾച്ചറൽ സെക്രട്ടറി സുഭാഷ് നന്ദിയും പറഞ്ഞു.










0 comments